- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കട്ടപ്പനയിൽ നിന്നും പുറത്തു വരുന്നത് ബ്ലാക്ക് മാജിക്കിന്റെ ഞെട്ടിക്കും കഥ
കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊല കേസിലെ പ്രധാന പ്രതി നിതീഷ് കൊടുംക്രിമിനൽ. ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിലെ ജനപ്രിയ നോവലിസ്റ്റാണ് ഇയാൾ സ്വന്തം ജീവിതവും കുറ്റകൃത്യങ്ങളും ഒക്കെയായി ബന്ധം തോന്നിക്കുന്ന 'മഹാമാന്ത്രികം' ഉൾപ്പെടെ മൂന്ന് നോവലുകളാണ് ഇയാൾ ഇതിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആഭിചാരം പഠിച്ചു. അതിന് ശേഷം അതിന്റെ വഴിയേ പോയി. സ്വന്തം കുഞ്ഞിനേയും അതിന്റെ അപ്പൂപ്പനേയും കൊലപ്പെടുത്തിയ കേസിൽ നിതീഷ് അകത്താണ്. കുടുംബത്തെ അടിമകളാക്കിയാണ് ഇതെല്ലാം ചെയ്തത്. ഇതിന് ശേഷം സ്വന്തം കഥ നോവലുമാക്കി.
വയോധികയെ ഏറെ നാൾ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിലും നിതീഷിനെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലക്കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ഈ സംഭവം പുറത്തറിയുന്നത്. വയോധിക പരാതി നൽകിയിട്ടുണ്ട്. നോവൽ എഴുതാനായി മന്ത്രവാദം പഠിച്ചു. അതിന് ശേഷം അത് ചെയ്തു നോക്കാനായി ഒരു കുടുംബത്തെ കണ്ടെത്തി. 2016 ജൂലായിലാണ് നവജാത ശിശുവിന്റെ കൊലപാതകം നടന്നത്. 2023 ഓഗസ്റ്റിൽ നെല്ലിപ്പള്ളിൽ വിജയനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്ന് വാടകവീടിന്റെ തറ തുരന്ന് മൃതദേഹം മൂടുകയായിരുന്നു. നിതീഷ് കുറ്റാന്വേഷണ വിഷയങ്ങളുള്ള നോവലുകളും യുട്യൂബ് ചാനലുകളും സ്ഥിരമായി കണ്ടിരുന്നു. ഇത് പൊലീസിന്റെ ചോദ്യം ചെയ്യലിന് മുൻപിൽ പിടിച്ചുനിൽക്കാൻ പ്രതിയെ ഏറെ സഹായിച്ചു.
കൊല്ലപ്പെട്ട വിജയന്റെ കുടുംബത്തിലേക്ക് മന്ത്രവാദത്തിന്റെ പേര് പറഞ്ഞാണ് നിതീഷ് കടന്നുകയറുന്നത്. ഇതിനിടെ വിജയന്റെ മകൾക്ക് നിതീഷിൽ കുട്ടി ജനിച്ചു. നാലുദിവസം പ്രായമായ ആൺകുഞ്ഞിനെ 2016-ൽ കൊലപ്പെടുത്തി. രണ്ടുവർഷം കഴിഞ്ഞപ്പോൾ നിതീഷ് 'മഹാമാന്ത്രികം' എന്ന ഓൺലൈൻ നോവൽ പ്രസിദ്ധീകരിച്ചുതുടങ്ങി. നിഷ്‌കളങ്കയായ ഒരു പെൺകുട്ടിയെ ദുർമന്ത്രവാദത്തിലൂടെ സ്വന്തം വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്ന ഒരു മന്ത്രവാദിയാണ് അതിലെ വില്ലൻ. ഈ പെൺകുട്ടിയെ രക്ഷിക്കാനായി മറ്റൊരു മാന്ത്രികൻ ശ്രമിക്കുന്നു.
ആറാമെത്തെ അധ്യായം വലിയ സസ്പെൻസിൽ നിർത്തിയതിനുശേഷം 'തുടരും' എന്ന് അടയാളപ്പെടുത്തി. 2018 ഡിസംബർ 16-നായിരുന്നു ഇത്. പിന്നീട് നോവൽ തുടർന്നില്ല. പകരം നോവലിൽ പറയുന്നതുപോലുള്ള ആഭിചാര ക്രിയകളുമായി മുമ്പോട്ട് പോയി. മന്ത്രശക്തിക്ക് ഫലം കിട്ടാനെന്ന പേരിൽ തങ്ങൾക്കും കുടുംബത്തിനും നിതീഷ് ഭക്ഷണം നിഷേധിച്ചിരുന്നുവെന്ന് കൊല്ലപ്പെട്ട വിജയന്റെ മകനും പ്രതിയുമായ വിഷ്ണു പൊലീസിനോട് പറഞ്ഞു. വർഷങ്ങൾക്കുശേഷം വയറുനിറച്ച് ഭക്ഷണം കഴിച്ചത് പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോഴാണെന്നും വിഷ്ണു പറയുന്നുണ്ട്.
മന്ത്രവാദത്തിന്റെ പേരിൽ വിജയന്റെ കുടുംബത്തിന്റെ വിശ്വാസം പിടിച്ചുപറ്റിയ നിതീഷ് സമാനതകളില്ലാത്ത ക്രൂരതകളാണ് പിന്നീട് നടത്തിയത്. വിജയന്റെ മകനായ വിഷ്ണുവിനെ പലതും പറഞ്ഞ് ഭയപ്പെടുത്തി. മാനസികമായി വിഷ്ണുവിനെ അടിമപ്പെടുത്തി. നിതീഷ് പറയുന്നതെല്ലാം വിശ്വസിക്കുന്നതും ചെയ്യുന്നതുമായ സ്ഥിതിയിലേക്ക് എത്തിച്ചു. നിതീഷിനെ ഒരു മോഷണക്കേസിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
വിജയന്റെ വീട് വിറ്റുകിട്ടിയ പണത്തിന്റെ വലിയഭാഗം മന്ത്രവാദത്തിന്റെ പേരിൽ നിതീഷ് കൈക്കലാക്കി. പിന്നീട് വിജയനുമായി പണത്തേക്കുറിച്ച് തർക്കമുണ്ടായി. അങ്ങിനെയാണ് അയാളെ വകവരുത്തിയത്. വിജയന്റെ മൃതദേഹം മറവുചെയ്യാൻ വിഷ്ണു ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ സഹായിച്ചുവെന്നാണ് നിതീഷിന്റെ മൊഴി. അതിനും വർഷങ്ങൾക്ക് മുൻപ് വിഷ്ണുവിന്റെ സഹോദരിയിൽ തനിക്കുണ്ടായ കുഞ്ഞിനെ നിതീഷ് കൊലപ്പെടുത്തിയിരുന്നു. ഇതിലും വിഷ്ണു പങ്കാളിയായെന്ന് പൊലീസ് പറയുന്നു.