കട്ടപ്പന: കൊല്ലപ്പെട്ട വിജയന്റെയും കുടുംബത്തിന്റെയും അന്ധവിശ്വാസം മുതലെടുത്ത് വീട്ടിൽക്കയറിക്കൂടിയ നിതീഷ് പിന്നീട് ക്രൂരതയുടെ പര്യായമായി മാറി. വിജയന്റെ മകളുടെ കൈയ്ക്കുള്ള ബുദ്ധിമുട്ട് പൂജയിലൂടെ മാറ്റാമെന്നു വിശ്വസിപ്പിച്ചാണ് നിതീഷ് എത്തിയത്. പിന്നീട് ആഭിചാരവും അന്ധവിശ്വാസവും നിറച്ച് ആ കുടുംബത്തെ തന്റെ അടിമകളാക്കി. താൻ പറയുന്നത് എന്തും ചെയ്യുന്ന കുടുംബം. നിതീഷിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് അവർ ജീവിതരീതി വരെ മാറ്റി. ബന്ധുക്കളെ അകറ്റി. നാടുവിട്ടു. ഇവരെ കാണാതായെന്നു വ്യക്തമാക്കി ഒരു ഘട്ടത്തിൽ വിജയന്റെ സഹോദരി പൊലീസിൽ പരാതി നൽകുകയും ചെയ്തുവെന്നതാണ് വസ്തുത.

വാടകവീടുകൾ മാറിമാറി താമസിക്കാൻ തുടങ്ങിയതോടെ ബന്ധുക്കളും ആശങ്കയിലായിരുന്നു. ഇതായിരുന്നു പൊലീസ് പരാതിക്ക് ആധാരം. കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിക്കുന്ന വിഷ്ണുവിന്റെ പിതാവ് എൻ.ജി.വിജയൻ (57), വിഷ്ണുവിന്റെ സഹോദരിയുടെ നവജാതശിശു എന്നിവരെയാണ് നിതീഷ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. വിഷ്ണു അടക്കമുള്ളവർ ഇതിന് കൂട്ടു നിന്നു. ഭർത്താവിനെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി കുഴിച്ചു മൂടാൻ ഭാര്യയും കൂടെ നിന്നു. ചോരക്കുഞ്ഞിനെ കൊല്ലാൻ നിതീഷിനൊപ്പം വിജയനും കൂടി. അപ്പൂപ്പനും നിതീഷിനെ അന്ധമായി വിശ്വസിച്ചിരുന്നു. ഒടുവിൽ അയാളെയും കൊന്ന് തള്ളി. വിജയനെ കുഴിച്ചിട്ടെന്നു സംശയിക്കുന്ന വീടിന്റെ തറ പൊലീസ് പൊളിച്ചു പരിശോധിക്കും.

വിജയന്റെ മകളിൽ നിതീഷിനുണ്ടായ ആൺകുഞ്ഞിനെ 2016 ജൂലൈയിലാണ് കൊലപ്പെടുത്തിയത്. നിതീഷും കുട്ടിയുടെ മാതാവായ യുവതിയും വിവാഹിതരല്ല. നവജാതശിശുവിന്റെ മൃതദേഹം കട്ടപ്പന സാഗര ജംക്ഷനിൽ ഇവർ മുൻപ് താമസിച്ചിരുന്ന വീട്ടിലെ തൊഴുത്തിൽ കുഴിച്ചിട്ടിട്ടുണ്ടെന്നാണു സൂചന. ഈ കേസിൽ വിജയനും മകൻ വിഷ്ണുവും പ്രതികളാണ്. വിജയന്റെ മകൾക്ക് പ്രത്യേക ശക്തിയുണ്ടെന്നു വിശ്വസിപ്പിച്ചാണ് നിതീഷ് ഇവരെ പൊതുസമൂഹത്തിൽ നിന്ന് അകറ്റിയത്. മറ്റുള്ളവരുമായി ഇടപഴകിയാൽ ശക്തി ക്ഷയിക്കുമെന്നും വിശ്വസിപ്പിച്ചു.

പൂജകളിലും മറ്റു മുള്ള ചെറിയ അറിവും അന്ധവിശ്വാസവും നതീഷ് തുണയാക്കി. വിജയന്റെയും കുടുംബത്തിന്റെയും വീടും സ്ഥലവും വൻ തുകയ്ക്ക് വിറ്റ് ആ പണവും കൈക്കലാക്കി. അതിന് ശേഷം വിഷ്ണുവുമായി മോഷണത്തിനും നിതീഷ് ഇറങ്ങി. ഈ മോഷണമാണ് ഇവരെ പൊലീസിന് മുന്നിലെത്തിച്ചത്. കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന മറ്റൊരു വീടിന്റെ തൊഴുത്തിലും പരിശോധനയുണ്ടാകും. കൊല്ലപ്പെട്ട വിജയന്റെ മകൻ വിഷ്ണു, അമ്മ സുമ എന്നിവരേയും കേസുകളിൽ പ്രതി ചേർത്തിട്ടുണ്ട്. കുഞ്ഞിനെ നിതീഷ് തൂവാലകൊണ്ട് ശ്വാസംമുട്ടിച്ചെന്നും വിജയനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് മൊഴി. ആഭിചാരക്കൊലപാതകമെന്ന് സൂചിപ്പിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

നാലുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഗന്ധർവന് കൊടുക്കാനെന്നുപറഞ്ഞ് കൊണ്ടുപോയി ശ്വാസംമുട്ടിച്ചുകൊന്നെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. കുഞ്ഞിനെ സാഗരജങ്ഷനിലുള്ള വീട്ടിൽ കുഴിച്ചിട്ടു. ഏതാനും വർഷംമുൻപാണ് ഇത് നടന്നത്. വിഷ്ണുവിന്റെ സഹോദരിക്ക് നിധീഷുമായുള്ള ബന്ധത്തിലുണ്ടായ കുഞ്ഞാണ് ഇതെന്നാണ് സൂചന. പിന്നിട് വീടുവിറ്റ് ഇവർ കാഞ്ചിയാറിലെ വാടകക്കെട്ടിടത്തിലേക്ക് മാറി. മാസങ്ങൾക്കുമുൻപ് വിഷ്ണുവിന്റെ അച്ഛനെ കൊന്ന് താമസിച്ചിരുന്ന വാടകവീടിന്റെ തറകുഴിച്ച് മൃതദേഹം മൂടി കോൺക്രീറ്റ് ചെയ്തതുവെന്നാണ് സൂചന.

2016-ൽ നടന്ന സംഭവമായതിനാൽ കുഞ്ഞിന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ലഭിക്കുമോയെന്ന സംശയവും പൊലീസിനുണ്ട്. ദുർമന്ത്രവാദത്തിന് നേതൃത്വം നൽകിയെന്ന് കരുതുന്ന നിതീഷിനെ ഞായറാഴ്ച 1.30 വരെ കട്ടപ്പന കോടതി പൊലീസ് കസ്റ്റഡിയിൽവിട്ടിരുന്നു. ചോദ്യംചെയ്യലിലാണ് ഇയാൾ കുറ്റംസമ്മതിച്ചത്. വിഷ്ണു മോഷണത്തിനിടെ പരിക്കേറ്റ് ചികിത്സയിലാണ്. മാർച്ച് രണ്ടിന് കട്ടപ്പനയിലെ വർക്ഷോപ്പിൽ മോഷണം നടത്തുന്നതിനിടെയാണ് വിഷ്ണുവും സുഹൃത്ത് നിതീഷും പൊലീസ് പിടിയിലായത്. പുലർച്ചെ വർക്ഷോപ്പിനുള്ളിൽ കയറിയ ഇവരെ ഉടമയുടെ മകൻ പിടികൂടുകയായിരുന്നു.