- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പരിവാറിനെ ഞെട്ടിച്ച് കെസി കണ്ണനും ഭാര്യയും അഴിക്കുള്ളിൽ
പാലക്കാട്: ബംഗളൂരുവിലുള്ള അടച്ചുപൂട്ടിയ പഞ്ചസാര ഫാക്ടറിയുടെ ഉപകരണങ്ങൾ പൊളിച്ചുവിൽക്കുന്നതിന്റെ മറവിൽ മൂന്നരകോടി തട്ടിയെടുത്ത കേസിൽ ആർ എസ് എസ് നേതാവും ഭാര്യയും അറസ്റ്റിൽ. ആർഎസ്എസ് മുൻ ദേശീയ നേതാവുമായ തൃത്താല ഞാങ്ങാട്ടിരി മേലേടത്ത് വീട്ടിൽ കെ സി കണ്ണനും(60), ഭാര്യ ജീജാ ബായ് (48)യും ആണ് അറസ്റ്റിലായത്. ആർ എസ് എസിന്റെ നേതൃ നിരയിൽ ഒരുകാലത്ത് മൂന്നാമനായിരുന്നു കണ്ണൻ.
ബംഗളൂരുവിൽ പ്രവർത്തിക്കുന്ന എൻഎസ്സിഎൽ മൾട്ടി നാഷണൽ കമ്പനിയുടെ ഉടമ എബിവിപി മുൻ ദേശീയ നേതാവായ ആന്ധ്രപ്രദേശ് കടപ്പ സ്വദേശി പ്രഭാകർ റാവുവാണ്. കമ്പനി പൂട്ടിയപ്പോൾ സ്ക്രാപ് വിറ്റഴിച്ചു തരാമെന്നുപറഞ്ഞ് പാർട്ടി ബന്ധം ഉപയോഗപ്പെടുത്തി ഇവർ പ്രഭാകർ റാവുവുമായി 17 കോടിയുടെ കരാറിലേർപ്പെട്ടു. ഈ കരാർ കാണിച്ച് സ്ക്രാപ്പ് തരാമെന്ന് പറഞ്ഞ് ബംഗളൂരു സ്വദേശി മധുസൂദന റെഡ്ഡിയിൽനിന്ന് അഡ്വാൻസായി മൂന്നരക്കോടി വാങ്ങി. എന്നാൽ സ്ക്രാപ് നൽകുകയോ പണം മടക്കി കൊടുക്കുകയോ ചെയ്തില്ല. തുടർന്ന് മധുസൂദന റെഡ്ഡി 2023 സെപ്റ്റംബർ 30ന് പട്ടാമ്പി പൊലീസിൽ പരാതി നൽകി.
ക്രൈം ബ്രാഞ്ച് തുടർ അന്വേഷണം നടത്തി. വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തി അറസ്റ്റു ചെയ്തു. പ്രതികളെ റിമാൻഡ് ചെയ്തു. പ്രഭാകർ റാവുവുമായി ഏർപ്പെട്ട എഗ്രിമെന്റ് കാണിച്ച് പലരിൽനിന്ന് ഇവർ പണം തട്ടിയെടുത്തതായാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ഡിവൈഎസ്പി അബ്ദുൾ സലാം, എസ്ഐമാരായ മനോജ്കുമാർ, ബെസഡിക്ട്, ശിലൻ, പ്രകാശൻ, അജിത് കുമാർ, മുരളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ആർ എസ് എസിന്റെ കേരളത്തിന്റെ നേതൃമുഖമായിരുന്നു കണ്ണൻ. നിലവിൽ ആർ എസ് എസിൽ ഒരു പദവിയുമില്ല.
ആർ എസ് എസിന്റെ ദേശീയ ജോയിന്റ് സെക്രട്ടറി പദത്തിലേക്ക് ഉയർന്ന പ്രചാരകനായിരുന്നു കെ സി കണ്ണൻ. കേരളത്തിൽ നിന്നാരും ആർ എസ് എസിന്റെ ദേശീയ നേതൃത്വത്തിൽ ഇത്രയും വലിയ പദവിയിൽ എത്തിയിട്ടില്ല. അപ്രതീക്ഷിതമായാണ് പ്രചാരക സ്ഥാനം കണ്ണൻ ഒഴിഞ്ഞത്. ആർ എസ് എസ് നേതൃത്വത്തിൽ ചിലരുടെ പരാതികളും ഇതിന് കാരണമായി. പിന്നീട് വിവാഹം കഴിച്ചു. ഇതോടെ ആർ എസ് എസിൽ പദവിയൊന്നും ഇല്ലാതെയായി.
ചെറുപ്രായത്തിൽ തന്നെ ആർ എസ് എസ് ദേശീയ തലത്തിൽ നിറഞ്ഞ കണ്ണൻ സംഘടനയിൽ മൂന്നാമനായിരുന്നു. ജോയിന്റെ സെക്രട്ടറി പദവിയിലെത്തിയ കണ്ണൻ ഭാവിയിൽ ആർഎസ് എസ് സർസംഘ് ചാലകാകുമെന്ന് പോലും വിലയിരുത്തലുകളുണ്ടായിരുന്നു. മോഹൻ ഭാഗവതിന്റെ പിൻഗാമിയാകുമെന്ന് കരുതിയ കണ്ണൻ ചില വ്യക്തിപരമായ വിവാദങ്ങളിൽ കുടുങ്ങി. ഇതിന് ശേഷം പ്രചാരക പദവിയും ഒഴിഞ്ഞു. അതിന് ശേഷം ആർ എസ് എസുമായി നിശ്ചിത അകലത്തിൽ സാധാരണ പ്രവർത്തകനായി കുടുംബ ജീവിതം നയിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ദേശീയ നേതാക്കളുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന നേതാവാണ് കണ്ണൻ. അതുകൊണ്ട് ഈ അറസ്റ്റ് വാർത്ത പരിവാർ നേതൃത്വത്തിന് പോലും ഞെട്ടലായിട്ടുണ്ട്. ആർ എസ് എസിന്റെ ദേശീയ ശാശീരിക് പ്രമുഖായിരുന്നു കണ്ണൻ. ഈ പദവി മോഹൻ ഭാഗവതും വഹിച്ചിരുന്നു. 2012ലാണ് കെ എസ് സുദർശന്റെ പിൻഗാമിയായി മോഹൻ ഭാഗവത് സർ സഘചാലകായത്.
അന്ന് ജോയിന്റ് സെ്ക്രട്ടറിയായി ഉയർത്തപ്പെട്ട നേതാവാണ് കണ്ണൻ. വിവാഹ ശേഷം ആദ്യം കറിപൗഡർ കച്ചവടമാണ് നടത്തിയത്. അന്ന് കെ സി കണ്ണന്റെ കച്ചവടത്തിലേക്കുള്ള മാറ്റം ദേശീയ മാധ്യമങ്ങൾ അടക്കം വാർത്തയാക്കിയിരുന്നു.