ഹൈദരാബാദ്: തന്റെ മകൾ കെ കവിതയ്ക്ക് എതിരായ ഇഡി കേസ് ഒഴിവാക്കുന്നതിന് വിലപേശാനായി തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു മുതിർന്ന ബിജെപി നേതാവ് ബി എൽ സന്തോഷിനെ അറസ്റ്റ് ചെയ്യാൻ ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തൽ. തെലങ്കാന ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഈ വെളിപ്പെടുത്തൽ.

മുൻ ഡപ്യൂട്ടി കമ്മീഷണർ പി രാധാകൃഷ്ണ റാവുവാണ് ആറുപേജുള്ള കുറ്റസമ്മതത്തിൽ, മുന്മുഖ്യമന്ത്രിക്കും കുടുംബത്തിനും അലോസരം സൃഷ്ടിക്കുന്നവരെ ഭീഷണിപ്പെടുത്തിയതായി പറയുന്നത്. ബി ആർ എസിനോ സർക്കാരിനോ എതിരായ വിമത ശബ്ദങ്ങളെ അടിച്ചമർത്താനും താൻ ശ്രമിച്ചതായി മാർച്ചിൽ അറസറ്റിലായ രാധാകൃഷ്ണ റാവു പറഞ്ഞു. ചെറിയ അഭിപ്രായ ഭിന്നതയോ, വിമർശനമോ പോലും പൊറുക്കുന്ന നേതാവല്ല കെ സി ആറെന്നും ഹൈദരാബാദ് സിറ്റി ടാസ്‌ക് ഫോഴ്‌സ് അംഗമായിരുന്ന രാധാകൃഷ്ണ റാവു കുറ്റസമ്മതത്തിൽ വ്യക്തമാക്കുന്നു.

ബി എൽ സന്തോഷിന് എതിരായ നീക്കം

ബിജെപിയിൽ സ്വാധീനമുള്ള ചിലർ ബിആർഎസ് എംഎൽഎമാരെ ബിജെപിയിൽ ചേരാൻ പ്രലോഭിപ്പിക്കുന്നതായി കെസിആറിന് ഒരു എംഎൽഎയിൽ നിന്നും വിവരം കിട്ടി. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒക്ടോബർ അവസാന വാരമായിരുന്നു സംഭവം. അന്നത്തെ സ്‌പെഷ്യൽ ഇന്റലിജൻസ് ബ്രാഞ്ച് മേധാവിയായിരുന്ന ടി പ്രഭാകരർ റാവുവിനെ ബിജെപി നേതാക്കളുടെയും എം എൽ എയുടെയും മറ്റും ഫോണുകൾ അനധികൃതമായി ചോർത്താനുള്ള ദൗത്യം കെ എസി ആർ ഏൽപ്പിച്ചു. ചോർത്തലിന്റെ ഫലമായി കിട്ടിയ ഓഡിയോ ടേപ്പിലെ വിവരങ്ങൾ പ്രകാരമാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്ത് ഫാം ഹൗസിൽ നടത്തിയ സ്റ്റിങ് ഓപ്പറേഷന് ശേഷമായിരുന്നു അറസ്റ്റ്. ബിഎആർഎസ് എം എൽഎമാരെ ചാക്കിട്ട് പിടിക്കാൻ ശ്രമിച്ചെന്ന ആരോപണം ബിജെപി നിഷേധിക്കുകയും ചെയ്തു.

ഒരു പ്രത്യേക അന്വേഷണ സംഘത്തെ ആരോപണം അന്വേഷിക്കാനായി കെ സി ആർ നിയോഗിച്ചു. ഈ ടീമിനെ കരുവാക്കി ബിജെപിയുടെ മുതിർന്ന നേതാവ് ബി എൽ സന്തോഷിനെ അറസ്റ്റ് ചെയ്യാനായിരുന്നു കെ ചന്ദ്രശേഖർ റാവുവിന്റെ നീക്കം. കേസിൽ സന്തോഷിനെ പ്രതിയാക്കിയെങ്കിലും, തെലങ്കാന ഹൈക്കോടതി സ്‌റ്റേ നൽകിയതിന് പിന്നാലെ കേസ് സിബിഐക്ക് കൈമാറുകയും ചെയ്തു. ഇതറിഞ്ഞതോടെ കെ സി ആർ രോഷാകുലനായതായി പി രാധാകൃഷ്ണ റാവു പറഞ്ഞു. നിഷ്പക്ഷ അന്വേഷണം നടക്കില്ലെന്ന് വിലയിരുത്തി ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

ബിജെപിയുടെ പ്രതികരണം

ബി എൽ സന്തോഷിനെ കുടുക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചന നടന്നെന്ന ആരോപണം ഇതോടെ തെളിഞ്ഞതായി ബിജെപി അവകാശപ്പെട്ടു. ബിആർഎസ് എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ തങ്ങൾ ശ്രമിച്ചിട്ടില്ലെന്നും ഫോൺ ചോർത്തൽ കേസ് ഇതുവരെ രാജ്യത്ത് നടക്കാത്ത രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ബിജെപിയുടെ തെലങ്കാന നേതാവ് എൻ രാമചന്ദർ റാവു പറഞ്ഞു.

കനുഗോലുവിന്റെ ഓഫീസിലും റെയ്ഡ്

2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസിന്റെ തകർപ്പൻ വിജയത്തിനായി അണിയറയിൽ പ്രവർത്തിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ സൈബരാബാദിലെ ഓഫീസിൽ റെയ്ഡ് നടത്തിയതിനെ കുറിച്ചും പി രാധാകൃഷ്ണ റാവു വെളിപ്പെടുത്തുന്നുണ്ട്.തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പേ തന്നെ കനുഗോലു കെ എസി ആറിനും പാർട്ടിക്കും എതിരെ നിരവധി പോസ്റ്റുകൾ ഇട്ടിരുന്നു. അതാണ് കെ സി ആറിനെ പ്രകോപിപ്പിച്ചത്. കനുഗോലുവിന്റെ ഓഫീസിലെ റെയ്ഡ് വലിയ രാഷ്ട്രീയ വിവാദമാകുകയും ചെയ്തു.

തെലങ്കാന ഫോൺ ചോർത്തൽ കേസ്

തെലങ്കാനയിൽ ബി.ആർ.എസ്. അധികാരത്തിൽ തുടരാൻ അന്നത്തെ സംസ്ഥാന ഇന്റലിജൻസ് ബ്യൂറോ മേധാവി ടി. പ്രഭാകർ റാവുവിന്റെ നേതൃത്വത്തിൽ പ്രണീത് റാവു, ഭുജംഗ റാവു, തിരുപ്പതണ്ണ, വേണുഗോപാൽ റാവു എന്നിവർ ഗൂഢാലോചന നടത്തിയതായാണ് കേസ്.
ഒന്നാം പ്രതിയാക്കി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ടി പ്രഭാകർ റാവു അമേരിക്കയിലാണ്. മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസർ കൂടിയായിരുന്ന പ്രഭാകർ റാവു, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.

ചന്ദ്രശേഖർ റാവു സർക്കാരിന്റെ കാലത്ത് വിവിധ രാഷ്ട്രീയ നേതാക്കളെയും സിനിമാതാരങ്ങളെയും വ്യവസായികളെയും രഹസ്യമായി നിരീക്ഷിച്ചെന്നും ഇതിലൂടെ ശേഖരിച്ച ഇലക്ട്രോണിക് ഡേറ്റകൾ ഉപയോഗിച്ച് ഇവരിൽ പലരെയും പിന്നീട് ഭീഷണിപ്പെടുത്തിയെന്നുമാണ് കണ്ടെത്തൽ. നിലവിൽ തെലങ്കാന മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡി, ബിജെപി, കോൺഗ്രസ് അംഗങ്ങൾ എന്നിവർക്ക് പുറമേ ബി.ആർ.എസ് നേതാക്കളും പൊലീസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു. ഏകദേശം ഒരുലക്ഷത്തിലേറെ ഫോൺകോളുകൾ ഇവർ ചോർത്തിയതായും പൊലീസ് സംഘം പറയുന്നു.

തെലുഗു ടി.വി. ചാനൽ ഉടമയായ ശ്രാവൺ റാവുവാണ് അനധികൃത ഫോൺചോർത്തലിന് സഹായം ചെയ്തുനൽകിയതെന്നാണ് ആരോപണം. ഇതിനായി ഇസ്രേയലിൽനിന്നുള്ള ഉപകരണം സ്ഥാപിക്കാൻ ഉൾപ്പെടെ ശ്രാവൺറാവു സഹായിച്ചു. ഒരു സ്‌കൂളിലാണ് ഇത്തരം ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. 2023-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ആർ.എസിനെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരം പിടിച്ചതിന്റെ പിറ്റേദിവസമാണ് പ്രഭാകർ റാവു ഇതെല്ലാം നശിപ്പിക്കാൻ ഉത്തരവിട്ടത്.