തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച 1999-ലെ പത്തനംതിട്ട കീഴ്വായ്പൂര്‍ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് അനധികൃതമായി തടങ്കലില്‍ വെച്ച കുറ്റത്തിന് മുന്‍ ഡി.വൈ.എസ്.പി.ക്ക് തടവുശിക്ഷ വിധിച്ച് സി.ബി.ഐ. പ്രത്യേക കോടതി. കീഴ്വായ്പൂര്‍ പോലീസ് സ്റ്റേഷനിലെ അന്നത്തെ എസ്.ഐ.യും പിന്നീട് ഡി.വൈ.എസ്.പി.യായി വിരമിച്ച കൊല്ലം മടത്തറ സ്വദേശി വൈ.ആര്‍. റെസ്റ്റമിനെ (Y.R. Restem) മൂന്ന് മാസം സാധാരണ തടവിനും 1,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ 15 ദിവസം കൂടി തടവ് അനുഭവിക്കേണ്ടിവരും.

തിരുവനന്തപുരം സി.ബി.ഐ. സ്‌പെഷ്യല്‍ ജഡ്ജി കെ.എസ്. രാജീവ് ആണ് 2025 ഡിസംബര്‍ 4-ന് വിധി പ്രസ്താവിച്ചത്. മാല മോഷണത്തിന് കസ്റ്റഡിയിലെടുത്ത മോഹനന്‍ എന്നയാള്‍ 1999 ജൂണ്‍ 30-ന് മരിച്ച സംഭവമാണ് കേസിനാധാരം. മോഹനന്റെ ഭാര്യ ശ്രീദേവി നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് 2008-ലാണ് കേസ് സി.ബി.ഐ. ഏറ്റെടുത്തത്. മോഹനനെ അനധികൃതമായി തടങ്കലില്‍ വെച്ചു (IPC 342) എന്ന കുറ്റത്തിനാണ് റെസ്റ്റമിന് ശിക്ഷ വിധിച്ചത്.

മോഹനന്‍ മരിച്ച ശേഷം, കസ്റ്റഡി മരണം മറച്ചുവെക്കാന്‍ വേണ്ടി പോലീസ് വ്യാജ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും (ക്രൈം നമ്പര്‍ 122/99, 123/99) വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്തതായി സി.ബി.ഐ. അന്വേഷണത്തില്‍ കണ്ടെത്തി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120B r/w 465, 471 (ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍), 166 (നിയമലംഘനം), 342 (അനധികൃത തടങ്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് റെസ്റ്റമിനെ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്.

കസ്റ്റഡിയിലെടുത്ത മോഹനന് വയറുവേദനയും ഛര്‍ദിയും ഉണ്ടായിട്ടും വൈദ്യസഹായം നല്‍കാന്‍ റെസ്റ്റം തയ്യാറായില്ലെന്നും, നില വഷളായ ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കേസില്‍ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ ആരോപണവിധേയരായിരുന്നുവെങ്കിലും, മൂന്നുപേര്‍ക്ക് നേരത്തെ എറണാകുളം സി.ജെ.എം. കോടതി മാപ്പു നല്‍കിയിരുന്നു. പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ടുപേര്‍ കേസ് നടത്തിപ്പിനിടെ മരണമടഞ്ഞു.

മോഹനന്റെ കസ്റ്റഡി മരണം പരിഗണിച്ച്, ഹൈക്കോടതി നേരത്തെ തന്നെ മോഹനന്റെ ഭാര്യയ്ക്ക് പലിശ സഹിതം 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. കൂടാതെ, 'വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം' പ്രകാരം മോഹനന്റെ കുടുംബത്തിന് നല്‍കേണ്ട നഷ്ടപരിഹാരം എത്രയാണെന്ന് ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റി (DLSA) തീരുമാനിക്കണമെന്നും വിധിന്യായത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.