തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ഹോട്ടല്‍ ഉടമയെ ജീവനക്കാര്‍ താമസിക്കുന്ന വാടകവീടിന്റെ പരിസരത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി സംഭവത്തില്‍ ദുരൂഹത മാത്രം. വഴുതയ്ക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിനു സമീപത്തെ കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജിനെ(60)യാണ് ഇടപ്പഴിഞ്ഞിയിലെ വീടിനോടു ചേര്‍ന്ന പുരയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പാറശ്ശാല മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന എം. സത്യനേശന്റെ മകള്‍ ഗീതയുടെ ഭര്‍ത്താവാണ് കൊല്ലപ്പെട്ട ജസ്റ്റിന്‍ രാജ്. ശരീരം പായകൊണ്ട് മൂടിയനിലയിലായിരുന്നു. സംഭവത്തിനു പിന്നാലെ രണ്ട് തൊഴിലാളികളെ കാണാതായിരുന്നു. സംഭവത്തില്‍ രണ്ട് പ്രതികളെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അടിമലത്തുറയില്‍നിന്നാണ് ഇവരെ പിടികൂടിയത്. വിഴിഞ്ഞം സ്വദേശിയായ രാജേഷ്, ഡേവിഡ് എന്നിവരാണ് പിടിയിലായത്. ഇവരെ പിടികൂടാന്‍ പോയ പോലീസുകാര്‍ക്കു നേരേ ആക്രമണമുണ്ടായി.

എട്ടു ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇവരില്‍ രാജേഷും ഡേവിഡും ചൊവ്വാഴ്ച ജോലിക്കെത്തിയിരുന്നില്ല. ഇവരെ തിരക്കി ജസ്റ്റിന്‍ രാജ് ഇടപ്പഴിഞ്ഞിയിലെ വാടകവീട്ടില്‍ പോയിരുന്നു. തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് മറ്റു ജീവനക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ എട്ടുമണിയോടെയായിരുന്നു കൊല എന്നാണ് സൂചന.

ഒരു നേപ്പാള്‍ സ്വദേശിയും ഒരു മലയാളിയുമാണ് പിടിയിലായിരിക്കുന്നത്. പിടിയിലാകുമ്പോള്‍ ഇരുവരും അമിത മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അടിമലത്തുറയില്‍ നിന്നാണ് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടികൂടുന്നതിനിടെ ഇരുവരും ചേര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു. മര്‍ദനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. അക്രമാസക്തരായ പ്രതികളെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയതു.

പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ജീവനക്കാരും കുറച്ച് ദിവസമായി പണിക്ക് എത്തിയിരുന്നില്ല. ഇവര്‍ എവിടെപ്പോയെന്ന് നേരിട്ട് അന്വേഷിക്കാനെത്തിയതായിരുന്നു ജസ്റ്റിന്‍. കൊലപാതകം ആസൂത്രിതമായല്ല നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെട്ടെന്നുള്ള പ്രകോപനത്തെ തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്നും പൊലീസ് സംശയിക്കുന്നു.