- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
2000 കോടി രൂപയുമായി കോട്ടയത്തുനിന്നു പോയ കേരളാ സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവെച്ചു
കോട്ടയം: തെരഞ്ഞെടുപ്പു കാലമായതിനാൽ പണം കൊണ്ടുപോകുന്നതിന് പലവിധത്തിലുള്ള നിയന്ത്രണങ്ങളുണ്ട്. പരിശോധനകൾക്കായി തെരഞ്ഞെടുപ്പു സ്‌ക്വാഡുകളും സജീവമായി. ഇതിനിടെ പണം കൊണ്ടു ഹൈദരാബാദിലേക്ക് പോയ കേരളാ പൊലീസ് സംഘത്തിന് വിനയായി ആന്ധ്ര പൊലീസിന്റെ ഇടപെടൽ.
കാലാവധി കഴിഞ്ഞ നോട്ടുകൾ റിസർവ് ബാങ്ക് നിർദേശിച്ച സ്ഥലത്തേക്ക് എത്തിക്കാൻ കോട്ടയത്തുനിന്നു പോയ പൊലീസ് സംഘത്തെ ആന്ധ്ര പൊലീസ് തടഞ്ഞുവച്ചു. തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായ നടപടികളെത്തുടർന്നു 4 മണിക്കൂറിനു ശേഷമാണു സംഘത്തെ വിട്ടയച്ചത്. പഴകിയ 500 രൂപ നോട്ടുകൾ 4 ട്രക്കുകളിലാണു കോട്ടയം നർകോട്ടിക് സെൽ ഡിവൈഎസ്‌പി പി.ജോൺസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ 30നു ഹൈദരാബാദിലേക്കു കൊണ്ടുപോയത്. ആകെ 2000 കോടി രൂപയാണ് ഉണ്ടായിരുന്നത്.
തുരുത്തിയിലെ ഫെഡറൽ ബാങ്ക് കറൻസി ചെസ്റ്റിൽ നിന്നു ഹൈദരാബാദിലെ റിസർവ് ബാങ്ക് കേന്ദ്രത്തിലേക്കായിരുന്നു യാത്ര. റിസർവ് ബാങ്കിൽനിന്നു ലഭിക്കുന്ന നോട്ടുകൾ ശാഖകൾക്കു വിതരണം ചെയ്യുന്ന കേന്ദ്രമാണിത്. 2 വാഹനങ്ങളിലായിരുന്നു പൊലീസ് സംഘം. ഡിവൈഎസ്‌പിയോടൊപ്പം 2 എസ്‌ഐമാരും 3 സീനിയർ സിപിഒമാരും 8 സിപിഒമാരുമാണു സംഘത്തിലുണ്ടായിരുന്നത്. പകൽ മാത്രമായിരുന്നു യാത്ര. രാത്രി പൊലീസ് ആസ്ഥാനങ്ങളിൽ വിശ്രമം.
ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ അനന്തപുർ ജില്ലയിൽ കേരള സംഘത്തെ ആന്ധ്ര പൊലീസ്, റവന്യു സംഘം തടഞ്ഞു. തിരഞ്ഞെടുപ്പു നിരീക്ഷണത്തിന്റെ ഭാഗമായ പരിശോധനയിലായിരുന്നു ആന്ധ്ര പൊലീസ് സംഘം. ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെ വിളിച്ചെങ്കിലും വൈകിട്ട് നാലോടെയാണു വിട്ടയച്ചത്. ഭക്ഷണം കഴിക്കാൻ പോലും അനുവദിച്ചില്ലെന്നു കേരള പൊലീസ് സംഘം പറയുന്നു.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ മാത്രം 2069 കോടി രൂപയുടെ ലഹരി സാധനങ്ങൾ ഉൾപ്പെടെ 4,650 കോടിയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. 2019ൽ ആകെ തെരഞ്ഞടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത് പണം ഉൾപ്പടെ 3,475 കോടിയുടെ വസ്തുക്കളായിരുന്നു.
മാർച്ച് 1 മുതൽ എൻഫോഴ്‌സ്‌മെന്റ് അധികൃതർ പ്രതിദിനം 100 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. രാജ്യത്തെ 75 വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന തുകയുടെ വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് ഇലക്ഷൻ കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു. പിടികൂടിയവയിൽ 45 ശതമാനവും ലഹരിവസ്തുക്കളാണെന്നതും ശ്രദ്ധേയമാണ്.
ഫ്‌ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവെയലൻസ് ടീം, വീഡിയോ സർവെയലൻസ് ടീം, വീഡിയോ വ്യൂയിങ് ടീം, അതിർത്തി ചെക്കുപോസ്റ്റുകളിലായി ഇരുപത്തിനാലു മണിക്കൂറും ഫ്ളയിങ് സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്.