കൊല്ലം: ഓയൂരിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അബിഗേലിനെ കിട്ടി ഇരുപതു മണിക്കൂറിന് ഒടുവിലെ നാടകീയതയ്ക്ക് ശേഷമാണ്. കൊല്ലം ആശ്രാമം മൈതാനിയിൽ അശ്വതി ബാറിന് സമീപം കുഞ്ഞിനെ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുട്ടിയെ കിട്ടിയത്. ആശ്രാം മൈതാനത്തിന് സമീപം കാർ നിർത്തി ആരോ കുട്ടിയെ ഇറക്കി നിർത്തുകയായിരുന്നു. അപ്പോൾ തന്നെ നാട്ടുകാരുടെ ശ്രദ്ധയിൽ കുട്ടി എത്തി.

പിന്നീട് ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാരാണ് കാര്യം തിരക്കിയത്. തുടർന്ന് പേരുംവിവരങ്ങളും ചോദിച്ചപ്പോൾ അബിഗേൽ സാറാ റെജിയെന്ന് മറുപടിനൽകുകയും നാട്ടുകാർ ഫോണിൽ കാണിച്ചുനൽകിയ രക്ഷിതാക്കളുടെ ചിത്രങ്ങൾ തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ കുടിക്കാൻ വെള്ളംനൽകി. ഉടൻതന്നെ പൊലീസിലും വിവരമറിയിച്ചു. തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് പൊലീസിന്റെ നിഗമനം. ഇവരെ കണ്ടെത്താനായുള്ള അന്വേഷണം തുടരുകയാണ്.

ആശ്രാമം മൈതാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ ടെസ്റ്റ് ഗ്രൗണ്ടുണ്ട്. ഇവിടെ ചെറിയ ആൾക്കൂട്ടം ഉണ്ടായിരുന്നു. ഇതിന് അടുത്താണ് കുട്ടിയെ ഇറക്കി വിട്ടത്. ആരും കാറിൽ എത്തിയവരെ കണ്ടില്ല. സിസിടിവി പരിശോധിച്ചാൽ മറ്റ് വിവരങ്ങൾ കിട്ടും. ഈ കാറും സംഘം ഉപേക്ഷിച്ച് രക്ഷപ്പെടാൻ സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ കുട്ടിയെ കിട്ടിയാലും ഈ കാറിനും തട്ടിക്കൊണ്ടു പോയവർക്കും വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. മലയാളി തീർത്ത പത്മവ്യൂഹമാണ് കുട്ടിയെ തിരികെ വീട്ടിലെത്തിക്കുന്നത്.

കൊല്ലം നഗരത്തിലാണ് ആശ്രാമം മൈതാനം. കൊല്ലത്താകെ വാഹന പരിശോധനയും ഉണ്ടായിരുന്നു. എന്നിട്ടും ഈ കുട്ടിയുമായി ചീറി പാഞ്ഞ കാറിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ഒടുവിൽ കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം കുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പണം ആവശ്യപ്പെട്ട് വന്ന ഫോൺ കോളിലും രേഖാചിത്രത്തിലും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. പള്ളിക്കൽ മേഖല കേന്ദ്രീകരിച്ച് വീടുകളടക്കം കയറി പൊലീസ് പരിശോധന നടത്തിയിരുന്നു.പ്രതികളിൽ ഒരാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ ദിവസം കൊല്ലം പൂയപ്പള്ളിയിൽ നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ അബിഗേൽ സാറയെ തിരിച്ചുകിട്ടിയെന്ന വാർത്ത സന്തോഷവും ആശ്വാസവും പകരുകയാണ് മലയാളികൾക്ക്. നാടുറങ്ങാതെയാണ് ആറ് വയസ്സുകാരിക്കായി തിരച്ചിൽ നടത്തിയത്. ഒടുവിൽ 21ാം മണിക്കൂറിലാണ് സന്തോഷവാർത്തയെത്തിയത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് വീട്ടിൽ നിന്ന് സഹോദരന് ഒപ്പം ട്യൂഷന് പോകുകയായിരുന്ന കുട്ടിയെ ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമുൾപ്പെടുന്ന സംഘം തട്ടിക്കൊണ്ടുപോയത്.

സ്‌കൂൾ വിട്ട ശേഷം ഒന്നാം ക്ലാസുകാരി അബിഗേലും മൂന്നാം ക്ലാസുകാരൻ ജോനാഥനും നൂറ് മീറ്ററപ്പുറമുള്ള ട്യൂഷൻ വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ പിന്നിൽ നിന്നെത്തിയ കാർ കുട്ടികൾക്ക് അരികിൽ നിറുത്തി. കാറിൽ നിന്നിറങ്ങിയ ഒരാൾ അമ്മയ്ക്ക് കൊടുക്കെന്ന് പറഞ്ഞ് ഒരു പേപ്പർ അബിഗേലിന് നേരെ നീട്ടിയ ശേഷം പെട്ടെന്ന് കാറിലേക്ക് വലിച്ച് കയറ്റി. ജോനാഥനെ പിടിച്ചപ്പോൾ കൈയിലുണ്ടായിരുന്ന കമ്പ് ഉപയോഗിച്ച് അടിച്ച് രക്ഷപ്പെട്ടു.കാർ അതിവേഗത്തിൽ ഓടിച്ചുപോയി. ഓയൂർ-പാരിപ്പള്ളി റൂട്ടിലേക്കാണ് കാർ പോയത്.

ജോനാഥൻ ഉറക്കെ കരഞ്ഞുകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. വീട്ടിൽ റെജിയുടെ മാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളു. നാട്ടുകാർ ഉടൻ പൊലീസിൽ അറിയിച്ചു. പൊലീസ് സംസ്ഥാനത്തെയും തമിഴ്‌നാട്ടിലെയും എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും വിവരം കൈമാറി. നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ചും അന്വേഷിച്ചു. ഇതെല്ലാം തട്ടിക്കൊണ്ടു പോയവരും അറിഞ്ഞു. അങ്ങനെ അവർ ആ കുട്ടിയെ മോചിപ്പിച്ചു.