മലപ്പറം: മോഷണം പോയ വാഹനം പിൻതുടർന്ന് പിടികൂടി വഴിക്കടവ് പൊലീസ്. കഴിഞ്ഞ നവംബർ ഏഴിന് വഴിക്കടവ് പഴയ ആർ.ടി.ഒ ചെക്ക്പോസ്റ്റിനടുത്ത് ബ്ളിസ് ഡക്കേഴ്സ് & ഇവന്റ്സ് എന്ന സ്ഥാപനത്തിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന പുളിക്ക്യൂൽ വിപിൻ ലാലിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 65 ആർ 2975 നമ്പർ സൂപ്പർ ക്യാരി പിക്കപ്പ് മോഷണം പോയതോടെയാണ് സംഭവത്തിന്റെ തുടക്കം.

ഏഴാം തീയതി 9.30 മണിയോടെ പരാതിക്കാരൻ വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി .തുടർന്ന് വാഹനം പോയ ദിശ പിന്തുടർന്ന് സിസിടി വി പരിശോധിച്ചതിൽ പിക്കപ്പ് തമിഴ്‌നാടിലേക്ക് കടത്തി കൊണ്ട് പോയതാണെന്ന് വഴിക്കടവ് പൊലീസ് മനസ്സിലാക്കി. ഇതോടെ സംഭവം മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ ഒരു അന്വേഷണ സംഘം രൂപീകരിക്കുകയും ഉടനെ തന്നെ ഈ ടീമിനെ അന്വേഷണത്തിനായി തമിഴ്‌നാട്ടിലേക്ക് അയക്കുകയുമായിരുന്നു.

തുടർന്നു വാഹനം പിന്തുടർന്ന അന്വേഷണ സംഘം പൊള്ളാച്ചിയിലെത്തി സി.സി.ടി.വികൾ പരിശോധിച്ചും പൊളി മാർക്കറ്റുകളിൽ അന്വേഷിച്ചും യാത്ര തുടർന്നു പളനി, ഒടഛത്രം, ഉദുമൽപേട്ട്, ഉസിലാം പട്ടി,വാടിക്കരപ്പട്ടി, ഡിണ്ടിഗൽ , മധുരൈ, കോവിൽപ്പട്ടി, ഗംഗൈകൊണ്ടാൻ എന്നിവിടങ്ങളിലൂടെ സി.സി.ടി.വി പിൻതുടർന്ന് യാത്ര ചെയ്ത് തിരുനെൽവേലിയിൽ പിക്ക് അപ്പ് എത്തി എന്ന് മനസ്സിലായി.

വഴിക്കടവ് പൊലീസ് തിരുനൽവേലിയിൽ അന്വേഷണം നടത്തുന്ന സമയത്താണ്. കോട്ടയം ജില്ലയിലെ വൈക്കം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ ചുവന്ന ബൊലേറോ ജീപ്പ് മോഷണം പോയതായി അറിവ് ലഭിച്ചത്. തുടർന്ന് വഴിക്കടവ് പൊലീസ് സംഘം തിരുനെൽവേലി പരിസരത്തെ സിസിടിവി പരിശോധിച്ചതിൽ വൈക്കത്ത് നിന്ന് കളവ് പോയ വാഹനവും തിരുനൽവേലി എത്തിയതായി വഴിക്കടവ് പൊലീസ് കണ്ടെത്തി. അക്കാര്യം വൈക്കം സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. ഇതു പ്രകാരം കോട്ടയം സ്‌ക്വാഡ് തിരുനൽവേലിയിൽ എത്തുകയും മലപ്പുറം ടീമിനോടൊപ്പം കൂടി അന്വേഷണം തുടർന്നു.

തിരുനെൽവേലിയിലെ പഴയ വാഹനങ്ങൾ വിൽക്കുന്നതും വാങ്ങുന്നതുമായ യാർഡുകളും പൊളി മാർക്കറ്റുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടരവേ കേരള പൊലീസ് പ്രതികളുടെ പുറകെയുണ്ടെന്ന് മനസ്സിലാക്കി പത്താം ദിവസം വാഹനങ്ങൾ വിജനമായ സ്ഥലങ്ങളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. ആദ്യമായാണ് കേരളാ പൊലീസ് പ്രതികളുടെ താവളത്തിലെത്തുന്നത്. അന്വേഷണ സംഘത്തിൽ വഴിക്കടവ് എസ് ഐ വേണു ഒ കെ, എ എസ് ഐ മനോജ് കെ, പൊലീസുകാരായ റിയാസ് ചീനി, പ്രശാന്ത് കുമാർ എസ്, വിനീഷ് മാന്തൊടി എന്നിവരുമുണ്ടായിരുന്നു.