തിരുവനന്തപുരം: കേരള പൊലീസിൽ പോപ്പുലർ ഫ്രണ്ടിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ 2019 ലെ സി എ ജി റിപ്പോർട്ട് വീണ്ടും ചർച്ചയാകുന്നു. പൊലീസിൽ നിന്നും തോക്കുകളും വെടിയുണ്ടകളും കാണാതായതിനെ കുറിച്ചുള്ള പഴയ സി എ ജി റിപ്പോർട്ടിന്മേൽ കേന്ദ്ര ഏജൻസികൾ വിവര ശേഖരണം തുടങ്ങി. കാണാതായ വെടിക്കോപ്പുകൾ ദേശവിരുദ്ധ ശക്തികളുടെ പക്കൽ എത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചാണ് അന്വേഷണം.

പൊലീസിന്റെ പക്കൽ ഉണ്ടായിരുന്ന ആയുധങ്ങളിൽ 25 തോക്കുകളും 12061 വെടിയുണ്ടകളും കാണാതായി എന്നായിരുന്നു സി എ ജി റിപ്പോർട്ട്. സംഭവം പൊലീസ് മൂടി വച്ചതായും റിപ്പോർട്ട് കുറ്റപ്പെടുത്തിയിരുന്നു. റിപ്പോർട്ട് വിവാദമായതിനെത്തുടർന്ന് സർക്കാർ, ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. സിബിഐ അന്വേഷണം ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇത്. തോക്കുകൾ കാണാതായിട്ടില്ലെന്നും 3000 വെടിയുണ്ടകൾ കാണാതായതായും ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകി. ഈ സംഭവത്തിലെ വസ്തുതകളാണ് ഇപ്പോൾ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നത്. വളരെ ഗുരുതരമായ വിവരങ്ങൾ അടങ്ങിയതാണ് സി എ ജി റിപ്പോർട്ട് .

പൊലീസ് സേനയിലെ തോക്കുകളും വെടിയുണ്ടകളും കാണാതായ വിവരം പുറത്തുപോകാതിരിക്കാൻ ഉദ്യോഗസ്ഥന്മാർ പരമാവധി ശ്രമിച്ചുവെന്ന് സി.എ.ജി റിപ്പോർട്ടിൽ പറയുന്നു. ആയുധ ശേഖരത്തിലെ കുറവ് പൊലീസിന് അറിയാമായിരുന്നിട്ടും അതിന് കാരണക്കാരായ കുറ്റവാളികളെ ശിക്ഷിക്കുന്നതിന് പകരം മൂടിവെക്കാനാണ് ഉദ്യോഗസ്ഥന്മാർ ശ്രമിച്ചതെന്ന് സി.എ.ജി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:
(Page 25 മുതൽ 28 വരെ )

2.10.3. തിരുവനന്തപുരം സ്‌പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ ആയുധങ്ങളുടെയും പ്രവർത്തനക്ഷമമായിരുന്ന കാർട്രിഡ്ജുകളുടെയും സ്റ്റോക്കിൽ കുറവു കണ്ടത്....

2004 ഫെബ്രുവരിയിൽ ഡിജിപി പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് നിർദ്ദേശങ്ങളിൽ പൊലീസ് വകുപ്പ് ആയുധ വെടിക്കോപ്പുകളുടെ സുരക്ഷ, പരിരക്ഷ, വൃത്തിയാക്കൽ, അറ്റകുറ്റപ്പണി എന്നിവയ്ക്കായി എടുക്കേണ്ട നടപടിക്രമങ്ങൾ വിശദമാക്കിയിരുന്നു. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ചുമതലയുള്ള ഉദ്യോഗസ്ഥന്മാർ ആഴ്ചയിലൊരിക്കലെങ്കിലും അവ പരിശോധിക്കുകയും സ്റ്റോറിൽ സൂക്ഷിച്ചിട്ടുള്ള ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കൃത്യത അതിനായി സൂക്ഷിച്ചിട്ടുള്ള ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തുകയും വേണമെന്നുള്ളതായിരുന്നു ഒരു നിർദ്ദേശം. അതുപോലെ കമ്പനി കമാൻഡർ/സർക്കിൾ ഇൻസ്‌പെക്ടർമാർ മാസത്തിലൊരിക്കൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും സ്റ്റോക്ക്, മിന്നൽ പരിശോധന നടത്തി അതിനായി സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദ്ദേശിച്ചിരുന്നു. അതുപോലെ, പൊലീസ് സൂപ്രണ്ട്/ കമാൻഡാന്റ് ആറുമാസത്തിലൊരിക്കൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും പരിശോധന നടത്തി കൃത്യത ഉറപ്പു വരുത്തണം. ക്യാമ്പുകൾ പൊലീസ് സ്റ്റേഷനുകൾ സന്ദർശിക്കുന്ന ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർമാരും സ്റ്റോക്കിലുള്ള ആയുധ വെടിക്കോപ്പുകളുടെ ഭൗതിക സാന്നിദ്ധ്യം പരിശോധിക്കുകയും സ്റ്റോക്കിലേക്കു വന്നു ചേർന്നതും വിതരണം നടത്തിയതുമായതിന്റെ വിവരങ്ങൾ നോക്കുകയും അവരുടെ ഇൻസ്‌പെക്ഷൻ റിപ്പോർട്ടുകളിൽ ചേർക്കുകയും വേണം.

തിരുവനന്തപുരം സ്‌പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ (എസ്‌പിബി) ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും സ്റ്റോക്ക് രജിസ്റ്ററും ബന്ധപ്പെട്ട രേഖകളും ശരിയായ രീതിയിലല്ല സൂക്ഷിച്ചിരിക്കുന്നതെന്ന് ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തി. സ്റ്റോക്ക് രജിസ്റ്ററുകളിൽ ധാരാളം മേലെഴുത്തുകൾ, വെള്ളനിറത്തിലുള്ള തിരുത്തൽ മഷി ഉപയോഗം, എൻട്രികളുടെ വെട്ടിക്കളയലുകൾ മുതലായവ കാണുകയുണ്ടായി. ഇവ വേണ്ടവിധം പ്രമാണീകരിച്ചിരുന്നില്ല (ഓതന്റിക്കേറ്റ് ചെയ്തിരുന്നില്ല). എസ്എപിബിയിൽ ലഭ്യമായിരുന്ന രേഖകളിൽ നിന്നും ഉയർന്ന ഉദ്യോഗസ്ഥർ കാലാകാലങ്ങളിൽ ഭൗതിക പരിശോധന നടത്തിയതിന് തെളിവെന്നും കണ്ടെത്താൻ ഓഡിറ്റിനായില്ല. അതുകൊണ്ട് ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ഭൗതിക സ്റ്റോക്ക്, സ്റ്റോക്ക് രജിസ്റ്ററുമായി യോജിക്കുന്നുണ്ടോ എന്നറിയാനും അവയുടെ അക്കൗണ്ടിങ് സമ്പ്രദായം കരുത്തുള്ളതും വിശ്വസിക്കത്തക്കതുമാണോ എന്ന് നിർണ്ണയിക്കാനും സ്‌പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ സംയുക്ത ഭൗതിക പരിശോധന ഉൾപ്പെടെ ഒരു ലാക്ഷണിക പരിശോധന നടത്തുകയുണ്ടായി (16 ഒക്ടോബർ 2018). അസിസ്റ്റന്റ് കമാൻഡാന്റുമായി ചേർന്നു സ്‌പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയൻ ബൈൽ ഓഫ് ആംസിൽ ഓഡിറ്റ് നടത്തിയ സംയുക്ത പരിശോധനയിൽ 25 എണ്ണം 5.56 എംഎം ഇൻസാസ് റൈഫിളുകളും 12,061 എണ്ണം പ്രവർത്തനക്ഷമമായ കാർട്രിഡ്ജുകളും പട്ടിക 2.5-ൽ കാണിച്ചിരിക്കുന്നവിധം കുറവാണെന്നു കണ്ടു.

(പട്ടിക 2.5)

താഴെപ്പറയുന്ന സന്ദർഭങ്ങളിൽ നിന്ന് പൊലീസ് വകുപ്പിന് ആയുധ ശേഖരങ്ങളിലുള്ള കുറവ് അറിയാമായിരുന്നു എന്നും അതിനു കാരണക്കാരായ കുറ്റവാളികളെ തിരിച്ചറിഞ്ഞ് അവർക്കെതിരെ നടപടി എടുക്കുന്നതിനുപകരം കുറവു വന്നത് മൂടിവയ്ക്കാനാണു ശ്രമിച്ചത് എന്നും ഓഡിറ്റ് നിരീക്ഷിച്ചു.

2.10.3.1. കാണാതായ 9 എംഎം ഡ്രിൽ കാർടിഡ്ജിനു പകരം ക്രമവിരുദ്ധമായി കൃതിമ കാർടിഡ്ജ് വച്ചത്

250 എണ്ണം 9 എംഎം ഡ്രിൽ കാർട്രിഡ്ജുകളുടെ കുറവിനു പകരമായി 250 എണ്ണം കൃതിമ കാർട്രിഡ്ജുകൾ' വച്ച് കുറവ് മറച്ചുവച്ചതായി ഓഡിറ്റ് പരിശോധനയിൽ കണ്ടു. ഈ കൃതിമ കാർട്രിഡ്ജുകൾ എങ്ങനെ സ്‌പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയന്റെ കൈവശം വന്നു എന്നും എങ്ങനെ അവ സ്റ്റോക്കിലെടുത്തു എന്നും കാണിക്കുന്ന പ്രമാണ രേഖകളൊന്നും ഇല്ലായിരുന്നു. 250 അനധികൃത കൃതിമ കാർട്രിഡ്ജുകൾ എങ്ങനെ ബറ്റാലിയന്റെ കൈവശം എത്തി എന്ന് ഓഡിറ്റിനോട് വിശദീകരിക്കാൻ എസ്എപിബി കമാൻഡാന്റിനു കഴിഞ്ഞില്ല.

2, 10.3.2. 2016 സെപ്റ്റംബറിൽ രൂപീകൃതമായ ഒരു അന്വേഷണ ബോർഡിന്റെ അലംഭാവത്തോടെയുള്ള അന്വേഷണവും സെൽഫ് ലോഡിങ് റൈഫിളുകൾക്കുള്ള 7.62 എം എം എം80 വെടിയുണ്ടകൾ നേരത്തെ കുറവുവന്നിരുന്ന വിവരം മൂടിവെയ്ക്കാനുള്ള ശ്രമവും.

തൃശ്ശൂരിലെ കേരള പൊലീസ് അക്കാഡമിയിൽ ലോംഗ് റേഞ്ച് ഫയറിങ് നടത്തിപ്പിലേയ്ക്കായി നൽകിയിരുന്നതിൽ 200 എണ്ണം 7.62 എംഎം വെടിയുണ്ടകൾ കുറവുള്ളതായി 2016 സെപ്റ്റംബർ 14-ന് സ്‌പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിലെ ബി കമ്പനി ഓഫീസർ കമാന്റിങ് റിപ്പോർട്ടു ചെയ്തപ്പോൾ തന്നെ 7.62 എംഎം വെടിയുണ്ടകളുടെ കുറവ് അറിവുള്ളതായിരുന്നു എന്ന് ഓഡിറ്റിൽ കണ്ടു. എല്ലാ ആയുധ ശേഖരങ്ങളുടെയും പരിശോധന നടത്തുന്നതിന് പൊലീസ് ബറ്റാലിയന്റെ കമാൻഡന്റ് രൂപീകരിച്ചിരുന്ന (2018 സെപ്റ്റംബർ 19) ഒരു ബോർഡ്, വേറെ ഒരു പെട്ടിയിലുണ്ടാകേണ്ടിയിരുന്ന 600 എണ്ണം 7.62 എംഎം വെടിയുണ്ടകളിൽ 200 എണ്ണത്തിന്റെ കൂടി കുറവ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആയുധ വെടിക്കോപ്പുകൾ തിരുവനന്തപുരത്തെ പൊലീസ് ചീഫ് സ്റ്റോറിൽ നിന്നു വിതരണം ചെയ്തതായതിനാൽ സീൽ ചെയ്ത പെട്ടികളിൽ രേഖപ്പെടുത്തിയിരുന്ന വിവരങ്ങളാണ് സ്റ്റോക്കിൽ എടുത്തിരുന്നതെന്നുള്ള കാരണം പറഞ്ഞ് കുറവു വന്നതിനെ ബോർഡ് ന്യായീകരിക്കുകയാണുണ്ടായത്. സീലു ചെയ്ത പെട്ടികൾ തുറക്കാതെ തന്നെ കാലാകാലങ്ങളിലുള്ള സ്റ്റോക്ക് പരിശോധന നടത്തിയിരുന്നതുകൊണ്ട് ഒഎഫ്ബിയിൽ വച്ച് പൊലീസ് ചീഫ് സ്റ്റോറുകളിലേക്ക് അയയ്ക്കാൻ വെടിയുണ്ടകൾ പാക്ക് ചെയ്തപ്പോൾ വന്ന കുറവായിരിക്കാം എന്ന നിലപാടെടുക്കുകയാണുണ്ടായത്. സ്റ്റോക്കിൽ മറ്റ് വ്യത്യാസങ്ങളൊന്നും ബോർഡ് റിപ്പോർട്ടു ചെയ്തില്ല.

എന്നാൽ എസ്എപിബി കമാൻഡാന്റ് രൂപീകരിച്ച ബോർഡിന്റെ നിഗമനങ്ങളെ പൊലീസ് ചീഫ് സ്റ്റോർ നിഷേധിക്കുകയും ബോർഡ് പറഞ്ഞ ലോട്ട് നമ്പർ/ വർഷങ്ങൾ ഉള്ള ആ രണ്ടു പെട്ടികൾ ഏതെങ്കിലും ഓർഡനൻസ് ഫാക്ടറികളിൽ നിന്നു ലഭിക്കുകയോ അവർ അത് എസ്എപിബിക്ക് കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് എസ്‌പിസിയെ അറിയിക്കുകയും ചെയ്തു (2016 ജൂൺ). ഈ വിവരത്തിന്റെ അടിസ്ഥാനത്തിരി 1.62 എംഎം എം80 എസ്എൽആർ വെടിയുണ്ടകളുടെ സ്റ്റോക്കിന്റെ സമഗ്രമായ ഒരു പരിശോധന എഡിജിപി (ആംഡ് പൊലീസ് ബറ്റാലിയൻ) നടത്താൻ എസ്‌പിസി ഉത്തരവിട്ടു (2016 ഓഗസ്റ്റ്). അതനുസരിച്ച് ഒരു പുതിയ ബോർഡ് 7.62 എംഎം എം80 എസ്എൽആർ വെടിയുണ്ടകളുടെ സ്റ്റോക്ക് പരിശോധിച്ചതിൽ (2016 ഒക്ടോബർ) 1999 ജൂലൈ 12-ന് പായ്ക്ക് ചെയ്ത രണ്ടാമത്തെ പെട്ടിയിൽ ഉണ്ടായിരുന്നത് തുടർന്നുള്ള വർഷങ്ങളിൽ, അതായത് 2000 മുതൽ 2014 വരെയുള്ള കാലയളവിൽ നിർമ്മിച്ചിരുന്ന വെടിയുണ്ടകളായിരുന്നുവെന്ന് കണ്ടെത്തി. ഇത് പെട്ടിയിൽ മനഃപൂർവ്വം കൃതിമം കാണിച്ചതിന്റെ സൂചനയാണ്. എസ്എപിബിയിൽ 7,433 എണ്ണം 7.62 എംഎം വെടിയുണ്ടകളുടെ കുറവ് (2016 നവംബറിലെ സ്ഥിതി) ഉണ്ടെന്നും ബോർഡ് റിപ്പോർട്ടു ചെയ്തു (2017 ജനുവരി). ബോർഡിന്റെ റിപ്പോർട്ടിന്മേൽ, കാണാതായ വെടിക്കോപ്പു കണ്ടത്താനോ വെടിയുണ്ടകൾ വഞ്ചനാപരമായി റീ-പാക്ക് ചെയ്യുക എന്ന ഗൗരവതരമായ കുറ്റം ചെയ്തത ഉദ്യോഗസ്ഥന്മാരുടെ മേൽ ഉത്തരവാദിത്വം ചുമത്തുവാനോ വേണ്ട നടപടികൾ പൊലീസ് വകുപ്പ് എടുത്തില്ലായെന്ന് ഓഡിറ്റ് കണ്ടെത്തി. അതിനിടെ, പട്ടിക 2.5ൽ കാണുന്നതു പോലെ 7.62 എംഎം വെടിയുണ്ടകളുടെ കുറവ് 2018 ഒക്ടോബർ 16-ന് 8,398 ആയി വർദ്ധിച്ചു.

വെടിക്കോപ്പുകളിൽ വന്ന കുറവിനെ വളരെ ഗൗരവതരമായി കാണുകയും ക്രൈംബ്രാഞ്ച് വഴി ഒരു പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു എന്ന് കേരളസർക്കാർ പ്രസ്താവിച്ചു (2019 മാർച്ച്). ഉത്തരവാദിത്വം സ്ഥാപിക്കുകയും കുറ്റകരമായ പെരുമാറ്റദൂഷ്യം കണ്ടെത്തിയാൽ വേണ്ടിവന്നാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് ക്രിമിനൽ നടപടി ക്രമങ്ങളുടെ നിയമ സംഹിത അനുസരിച്ചുള്ള തക്കനടപടി എടുക്കുകയും ചെയ്യുമെന്നും ഓഡിറ്റിനെ അറിയിച്ചു. ഓഡിറ്റ് ചൂണ്ടിക്കാണിച്ച കാണാതായ 25 റൈഫിളുകൾ തിരുവനന്തപുരം എആർ ക്യാമ്പിന് 2011 ഫെബ്രുവരിയിൽ കൊടുത്ത് രസീത് വാങ്ങിയിട്ടുണ്ടെന്നും രേഖകൾ സൂക്ഷിക്കുന്നതിലുള്ള തെറ്റുകൾ കണ്ടു പിടിക്കുകയും ശരിയാക്കുകയും ചെയ്തുവെന്നും ഓഡിറ്റിനെ അറിയിച്ചു. സ്റ്റോക്ക് രജിസ്റ്ററും കൈവശമുള്ള ആയുധങ്ങളുടെ ഭൗതിക സ്റ്റോക്കും പൊരുത്തപ്പെടുത്തിയെന്ന അവകാശവാദം പരിശോധിക്കാനായി, പൊലീസ് ചീഫ് സ്റ്റോഴ്‌സിൽ നിന്നു ലഭിച്ചുവെന്നു പറയുന്ന 660 റൈഫിളുകളും തിരിച്ചറിയൽ നമ്പരുകളുടെ വിവരങ്ങളും അവ വിവിധ യൂണിറ്റുകൾക്കു സ്ഥിരമായി വിതരണം ചെയ്ത വിവരങ്ങളുമടങ്ങിയ പരിശോധനാ റിപ്പോർട്ട് ഡിഐജി (ആംഡ് പൊലീസ് ബറ്റാലിയൻ)-ൽ നിന്നു ഓഡിറ്റ് വാങ്ങി. തിരുവനന്തപുരം എആർ ക്യാമ്പിലെ രേഖകളുടെ പരിശോധന വെളിപ്പെടുത്തിയത്, എസ്എപിബി കൊടുത്തു എന്നു പറയപ്പെട്ട 25 റൈഫിളുകൾ സ്റ്റോക്കു രജിസ്റ്ററിൽ വരവ് വയ്ക്കുകയോ എആർ ക്യാമ്പിലെ ആർമറി ഇൻസ്‌പെക്ടർ സൂക്ഷിക്കുന്ന രേഖകളിൽ കിട്ടിയതായി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നാണ്. ഡിഐജി (എപിബി)യുടെ പരിശോധനാ റിപ്പോർട്ടിലെ മറ്റു പല പൊരുത്തക്കേടുകളും ഓഡിറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു (അനുബന്ധം 2.4). അതുകൊണ്ട് കേരള പൊലീസിന്റെ പക്കലുള്ള എല്ലാ ആയുധങ്ങളുടെയും കണക്ക് കൃത്യമായി സൂക്ഷിക്കപ്പെടുന്നെന്നും ആയുധം ഒന്നും നഷ്ടപ്പെട്ടില്ല എന്നുമുള്ള ഉറപ്പു ഓഡിറ്റിനു ലഭിച്ചിട്ടില്ല. രേഖകൾ സൂക്ഷിക്കുന്നതിൽ ഉപേക്ഷ വന്നിട്ടുണ്ടെന്ന് കേരളസർക്കാർ സമ്മതിക്കുകയും (2019 ഏപ്രിൽ) സംസ്ഥാനത്തൊട്ടാകെ എല്ലാ യൂണിറ്റുകളിലും ഉള്ള ആയുധ വെടിക്കോപ്പുകളുടെ സമഗ്രമായ ഒരു ഓഡിറ്റ് അടുത്ത നാലു മുതൽ ആറു മാസം വരെയുള്ള കാലയളവുകൊണ്ട് പൂർത്തിയാകത്തക്ക വിധത്തിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് പ്രസ്താവിക്കുകയുമുണ്ടായി. ആയുധ വെടിക്കോപ്പുകൾ നഷ്ടപ്പെട്ടത് ഗൗരവതരമായ ഒരു പ്രശ്‌നമാണെന്നും സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന സംഗതിയെന്ന നിലയിൽ എത്രയും വേഗം അതിനെ ക്രമീകരിക്കേണ്ടതാണെന്നും ഓഡിറ്റ് നിരീക്ഷിക്കുന്നു.

ശുപാർശ 2.2, വളരെ ഗൗരവതരമായ സുരക്ഷാ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് കാണാതായ കാർട്രിഡ്ജുകൾ കണ്ടെത്തുന്നതിനും റൈഫിളുകൾ നഷ്ടമായിട്ടില്ലെന്ന് ഉറപ്പു വരുത്തുന്നതിനുമുള്ള ത്വരിതനടപടികൾ സർക്കാർ സ്വീകരിക്കേണ്ടതാണ്. പൊലീസ് ചീഫ് സ്റ്റോഴ്‌സ് ഉൾപ്പെടെ എല്ലാ ബറ്റാലിയനുകളിലും പൊലീസ് സ്റ്റേഷനുകളിലും ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്കെടുപ്പ് എത്രയും പെട്ടെന്ന് നടത്തേണ്ടതാണ്.

കേരള പൊലീസിലെ പോപ്പുലർ ഫ്രണ്ട് സാന്നിധ്യം വ്യക്തമായ സാഹചര്യത്തിലാണ് ആയുധങ്ങൾ കാണാതായ സംഭവത്തെക്കുറിച്ച് വിശദമായ രഹസ്യന്വേഷണം നടക്കുന്നത്.

പോപ്പുലർഫ്രണ്ട് ബന്ധമുള്ളതായി കരുതുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥർ, എസ്ഐമാർ, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ ശേഖരിച്ചുവരികയാണ്. സംസ്ഥാന പൊലീസിലെ സ്പെഷൽ ബ്രാഞ്ച്, ഇന്റലിജൻസ്, ലോ ആൻഡ് ഓർഡർ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസ് ചുമതല വഹിക്കുന്നവരുമാണു കേന്ദ്ര ഏജൻസികളുടെ നിരീക്ഷണ വലയത്തിലുള്ളത്. സംസ്ഥാന പൊലീസിന്റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോർത്തിക്കൊടുത്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവർക്കെതിരെയുള്ളത്.

പോപ്പുലർഫ്രണ്ട് നിരോധനത്തിന് ശേഷമുള്ള ഹർത്താലിൽ കെ എസ് ആർ ടി സി ബസ് കത്തിച്ചവരെ പൊലീസുകാരൻ സഹായിച്ചുവെന്നതിനെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പെരുമ്പാവൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ് പോപ്പുലർ ഫ്രണ്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ചത്. ഇയാൾ മുമ്പും സമാന സംശയങ്ങളിൽ പെട്ടിരുന്നു. ഇയാളെ വിളിച്ചു വരുത്തി എൻഐഎ മൊഴി എടുത്തു. അതിന് ശേഷമാണ് പൊലീസിലെ തീവ്രവാദികളെ കുറിച്ചുള്ള റിപ്പോർട്ട് എൻഐഎ അന്തിമമായി തയ്യാറാക്കിയത്. കേരളത്തിലെ നേതാക്കളെ കൊലപ്പെടുത്താനായി തയ്യാറാക്കിയ ഹിറ്റ് ലിസ്റ്റിന് പിന്നിലും ചില പൊലീസ് സഹായങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ.

പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജൻസികൾ നടത്തിയത് ഓപ്പറേഷൻ ഒക്ടോപ്പസ് എന്ന പദ്ധതിയായിരുന്നു. അതീവ രഹസ്യമായി ഇത് നടപ്പാക്കി. വിവരം ചോരാതിരിക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു. ഇനി ഇവർക്ക് സഹായം ചെയ്തവരെ കണ്ടെത്തുകയാണ് കേന്ദ്ര ഏജൻസിയുടെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം. ഓപ്പറേഷൻ ഓക്ടോപ്പസ് അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് സാരം.

പൊലീസ് സേനയിൽ പോപ്പുലർ ഫ്രണ്ട് അനുകൂല വാട്‌സ് ആപ്പ് ഗ്രൂപ്പ് കണ്ടെത്തിയത് മുമ്പ് ചർച്ചയായിരുന്നു. എന്നാൽ ആർക്കെതിരേയും നടപടി വന്നില്ല. ഉന്നത ഇടപെടലായിരുന്നു ഇതിന് കാരണം. അടൂർ കെ എ പി തേർഡ് ബറ്റാലിയൻ ക്യാമ്പിലെ 20ലേറെ പേർ അടങ്ങുന്ന പൊലീസുകാരാണ് പച്ചവെളിച്ചം എന്ന വാട്‌സ് ആപ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നതെന്ന വാർത്തയും ചർച്ചയായി. അഭിഷ്, റിയാസ്, അനസിലാൽ; നിജുമുദീൻ; നിസാമുദീൻ എന്നിവർ അടങ്ങുന്ന 12 പൊലീസുകാർ എയർപോർട്ട് ഡ്യൂട്ടിക്ക് നിർബന്ധം പിടിച്ചതിൽ ദുരുഹത തോന്നിയ ബറ്റാലിയൻ ഐ ജി ഷെഫിൻ അഹമ്മദ് സൈബർ സെല്ലിനും രഹസ്യ അന്വേഷണ ഏജൻസിക്കും വിവരം നൽകി .തുടർന്ന് അന്വേഷണ ഏജൻസിയുടെ പരിശോധനയിലാണ് വിവരം സ്ഥിരീകരിച്ചത് .

രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇത്തരക്കാർ സംസ്ഥാന പൊലീസിൽ തന്നെ കടന്നു കൂടിയിരിക്കുന്നവെന്ന ആശങ്ക വലിയ ചർച്ചയായി. എന്നാൽ ആരും നടപടി എടുത്തില്ല. ഇതിനിടെ കഴിഞ്ഞ ഫെബ്രുവരിയിൽ തൊടുപുഴ മേഖലയിലെ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിനു ചോർത്തി നൽകിയ സംഭവത്തിൽ സിവിൽ പൊലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. മൂന്നാർ പൊലീസ് സ്റ്റേഷനിൽ സമാന ആരോപണത്തെത്തുടർന്ന് എഎസ്ഐ അടക്കം 3 പേരെ സ്ഥലം മാറ്റിയിരുന്നു. ഇതും പച്ചവെളിച്ചം ഇഫക്ടായിരുന്നു. ഈ ഗ്രൂപ്പിലുള്ള പൊലീസുകാർ എല്ലാം കേന്ദ്ര ഏജൻസിയുടെ നിരീക്ഷണത്തിലാണ്.

പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് കേസന്വേഷണത്തിന്റെ വിവരങ്ങൾ ചോർത്തി നൽകിയ രണ്ട് രഹസ്യാനേഷണ ഉദ്യോഗസ്ഥർ വകുപ്പ് തല നടപടി നേരിടേണ്ടി വന്നിരുന്നു. കോഴിക്കോട് ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ പോപ്പുലർഫ്രണ്ട് നേതാക്കൾക്ക് വിവരങ്ങൾ ചോർത്തി നൽകിയ പൊലീസുകാരെ മലപ്പുറം എം എസ് പി ക്യാമ്പിലേക്ക് മാറ്റി. ഏലിയറ മല സംരക്ഷണ സമിതി വൈസ് ചെയർമാനും ബിജെപി പ്രവർത്തകനുമായ കെ കെ ഷാജിക്കു നേരെ 2019 ഒക്ടോബർ 12 നു കൊലപാതക ശ്രമം നടന്നിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ഷാജിയെ ഓട്ടം വിളിച്ചു കൊണ്ട് പോയി അക്രമിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റ വിവരങ്ങൾ പ്രതികൾക്ക് ചോർത്തി നൽകിയ പൊലീസുദ്യോഗസ്ഥർക്ക് നേരെയാണ് അന്ന് നടപടി വന്നത്.

രഹസ്യാനേഷണ വിഭാഗത്തിൽ പ്രവർത്തിക്കുന്ന കോഴിക്കോട് വെള്ളിപ്പറമ്പ സ്വദേശിയായ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ, ചാത്തമംഗലം സ്വദേശിയായ സിവിൽ പൊലീസ് ഓഫിസർ എന്നിവർക്കെതിരെയായിരുന്നു നടപടി. ഷാജിയെ ആക്രമിച്ച മൂന്ന് അംഗ പോപുലർ ഫ്രണ്ട് സംഘത്തിനെതിരെ അന്വേഷണം നീങ്ങിയ ഘട്ടത്തിൽ ഉദ്യോഗസ്ഥർ പോപ്പുലർഫ്രണ്ട് നേതാക്കൾക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നായിരുന്നു ആരോപണം. ഇതൊന്നും വലിയ നടപടികളിലേക്ക് എത്തിയില്ല. അന്ന് കൊലപാതകക്കേസിൽ മായനാട് പുനത്തിൽ അബ്ദുല്ല, ചായിച്ചൻ കിണ്ടിയിൽ അബ്ദുൾ അസീസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതി മുൻ കൂർ ജാമ്യം നേടി ഒളിവിൽ പോയിരുന്നു.

പൊലീസുദ്യോഗസ്ഥരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തിയതോടെയാണ് ഇവരുടെ ഭീകര സംഘടനാ ബന്ധം അന്വേഷണ സംഘത്തിന് മനസ്സിലായത്. ഇതോടെയാണ് നടപടി വന്നത്. പൊലീസ് സേനയിലെ പച്ച വെളിച്ചം ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയർന്നിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിന് ശേഷം ഈയിടെ നടന്ന ഹർത്താലിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് കേരളത്തിലുടനീളം നടത്തിയ അക്രമങ്ങളെപ്പറ്റി വിശദമായ റിപ്പോർട്ട് നല്കാൻ കേന്ദ്ര സർക്കാർ കേരളത്തോടു നിർദ്ദേശിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു.

രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ പോപ്പുലർ ഫ്രണ്ടിനെതിരേ 15 സംസ്ഥാനങ്ങളിലായി 93 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി നൂറിലേറെ പേരെ അറസ്റ്റു ചെയ്തിട്ടും കേരളത്തിൽ മാത്രമാണ് ഹർത്താലും വലിയ തോതിലുള്ള അക്രമങ്ങളും നടന്നതെന്നു കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഹർത്താലിൽ കേരളത്തിൽ അങ്ങോളമിങ്ങോളം പോപ്പുലർ ഫ്രണ്ടുകാർ അക്രമം അഴിച്ചുവിട്ടിരുന്നു. 70 കെഎസ്ആർടിസി ബസ്സുകൾ തകർത്ത അവർ ഇതര വാഹനങ്ങളും ആക്രമിച്ചു. പത്തു ഡ്രൈവർമാരും പൊലീസുകാരും അടക്കം നിരവധി പേർക്കാണ് പരിക്കേറ്റത്.

പോപ്പുലർ ഫ്രണ്ടിന്റെ അക്രമം നേരിടുന്നതിൽ സംസ്ഥാന പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്നാണ് സൂചന. മിന്നൽ ഹർത്താലിൽ അക്രമങ്ങൾക്കു സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നല്കിയതാണ്. മുമ്പും പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലുകൾ അക്രമാസക്തമായിരുന്നു. അതുപോലെ അക്രമമുണ്ടാകുമെന്ന മുന്നറിയിപ്പ് ആഭ്യന്തര വകുപ്പ് അവഗണിച്ചെന്നാണ് സംശയിക്കേണ്ടത്. പലയിടങ്ങളിലും പൊലീസ് തികഞ്ഞ നിഷ്‌ക്രിയത്വം പാലിക്കുകയായിരുന്നു. ഇക്കാര്യം മാധ്യമ റിപ്പോർട്ടുകളിലുണ്ട്. കൺമുമ്പിൽ അക്രമങ്ങൾ നടന്നിട്ടും പൊലീസ് ലാത്തിയും തൂക്കി നിൽക്കുന്ന വീഡിയോകളാണ് പുറത്തു വന്നിട്ടുള്ളത്. ഇതെല്ലാം പരിഗണിച്ചാണ് വെടിക്കോപ്പുകൾ കാണാതായ സംഭവത്തിലെ അന്വേഷണം.