പാലക്കാട്: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ശക്തികേന്ദ്രങ്ങളിൽ നടന്ന എൻഐഎ റെയ്ഡിന് പിന്നാലെ പൊലീസിന്റെയും വ്യാപക പരിശോധന. എല്ലാ ജില്ലകളിലും പരിശോധന നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി റെയ്ഞ്ച് ഡിഐജിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉച്ചയ്ക്ക് ശേഷം സംസ്ഥാന വ്യാപകമായി പിഎഫ്‌ഐയുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളും പരിശോധന നടത്തിയത്. രാജ്യമാകെ നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് കേരളത്തിലെയും റെയ്ഡുകളെന്ന് പൊലീസ് അറിയിച്ചു.

വയനാട്ടിലും പാലക്കാട്ടും ആലപ്പുഴയിലും പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും കേരളാ പൊലീസ് പരിശോധന നടത്തി. എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും പരിശോധന നടന്നു. വയനാട്ടിലെ പിഎഫ്‌ഐ ജില്ലാ കമ്മറ്റി ഓഫീസായ മാനന്തവാടി എരുമത്തെരുവിൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

മാനന്തവാടിയിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽ നിന്ന് പൊലീസ് വടിവാളുകൾ പിടിച്ചെടുത്തു. മാനന്തവാടി എരുമത്തെരുവിലെ പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മറ്റി ഓഫീസിന് സമീപത്തെ എസ്.ആൻഡ് എസ് ടയർ വർക്‌സിൽ നിന്നാണ് നാല് വടിവാളുകൾ പിടിച്ചെടുത്തത്.

2.5 അടി നീളമുള്ള വടിവാളുകളാണ് ഇവ. രണ്ടെണ്ണം ഷട്ടിൽ ബാറ്റ് കവറിനുള്ളിലും രണ്ടെണ്ണം ചാക്കിനുള്ളിൽ നിന്നുമാണ് കണ്ടെടുത്തത്. ഇന്ന് വൈകീട്ടോടെ പൊലീസ് പോപ്പുലർ ഫ്രണ്ടിന്റെ ജില്ലാ കമ്മറ്റി ഓഫീസിലും നേതാക്കളുടെ കടകളിലും വിശദമായ പരിശോധന നടത്തിയിരുന്നു. ചില രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മാനന്തവാടി ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലാണ് വൻ പൊലീസ് സന്നാഹത്തോടെ പരിശോധന നടത്തിയത്. വടിവാളുകൾ സൂക്ഷിച്ച പോപ്പുലർ ഫ്രണ്ട് നേതാവായ ടയർ കടയുടമ സലിമിനെ ഉടൻ പൊലീസ് കസ്റ്റഡിയിലെടുക്കും. രാജ്യവ്യാപകമായി എൻ.ഐ.എയും ഇ.ഡിയും ചേർന്ന് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് പൊലീസിന്റെ പരിശോധന.

ഹർത്താലുമായി ബന്ധപ്പെട്ട അക്രമണങ്ങളെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് പോപ്പുലർ ഫ്രണ്ടിന്റെ ജില്ലാ പ്രസിഡന്റ് എസ്.മുനീറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മാനന്തവാടി ഡി.വൈ.എസ്. പി ഓഫീസിലേക്ക് മാർച്ച് നടത്തിയ 86 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയതിനും, അക്രമ സംഭവങ്ങൾ ഉണ്ടായതിനുമാണ് അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ് തുടരും. വൻ അക്രമണത്തിനാണ് വയനാട്ടിലുൾപ്പെടെ പോപ്പുലർ ഫ്രണ്ട് രാജ്യത്ത് കോപ്പുകൂട്ടുന്നതെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ.

പാലക്കാട്ട് പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും, സ്ഥാപങ്ങളിലുമാണ് പരിശോധന. കൽമണ്ഡപം, ചടനാം കുറുശ്ശി, ബി ഒ സി റോഡ്, ശംഖുവാരത്തോട്, എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. പാലക്കാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നാല് വിങ് ആയി തിരിഞ്ഞാണ് പരിശോധന. പിഎഫ്‌ഐക്ക് ഒപ്പം എസ്ഡിപിഐ നേതാക്കളുടെ വീടുകൾ സ്ഥാപനങ്ങൾ, ജോലി സ്ഥലങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്.

എസ്ഡിപിഐ മുൻ ജില്ലാ ഭാരവാഹി സുലൈമാന്റെ ശംഖ്വാരത്തോടിലെ വീട്ടിലും പൊലീസ് സംഘമെത്തി പരിശോധന നടത്തി. അടുത്ത ദിവസങ്ങളിലും റൈഡ് തുടരുമെന്നാണ് വിവരം. ചിറ്റൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പുതുനഗരം, കാട്ട്‌തെരുവ്, തത്തമംഗലം എന്നിവിടങ്ങളിലും പൊലീസ് പരിശോധന നടന്നു.

പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിവസത്തെ അക്രമവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ രണ്ട് എസ്ഡിപിഐ നേതാക്കളുടെ വീട്ടിൽ റെയ്ഡ് നടന്നു. എസ്ഡിപിഐ പുറക്കാട് പഞ്ചായത്ത് സെക്രട്ടറി സുനീറിന്റെ വീട്ടിലും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗം നജീബിന്റെ വീട്ടിലുമാണ് പരിശോധന നടന്നത്. ഹർത്താൽ ദിവസത്തെ അക്രമക്കേസിൽ ഇരുവരും അറസ്റ്റിലായിരുന്നു. ഇവിടെ നിന്നും ബാങ്ക് അക്കൗണ്ട് രേഖകൾ പിടിച്ചെടുത്തു. ഹർത്താലുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടുകൾ കണ്ടെത്താനാണ് പരിശോധന നടന്നതെന്നാണ് പുറത്തു വന്ന വിവരം.

ഹർത്താൽ ദിവസം അക്രമം നടത്തിയവർക്കുവേണ്ടിയും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഹർത്താൽ ദിവസത്തെ ആക്രമണവുമായി ബന്ധപ്പെട്ട് 221 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഹർത്താൽ ദിവസത്തെ അക്രണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 1809 ആയി.

കഴിഞ്ഞദിവസങ്ങളിൽ കണ്ണൂർ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലും പൊലീസ് വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു. ഹർത്താൽ ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കണ്ണൂരിലെ പൊലീസ് നടപടി. കണ്ണൂർ ടൗൺ, വളപട്ടണം, മട്ടന്നൂർ, പാപ്പിനിശ്ശേരി എന്നിവിടങ്ങളിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. റെയ്ഡിൽ ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ അടക്കമുള്ള പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.