- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാരോണിന്റെ കൊലപാതകത്തിന്റെ ആസൂത്രണം നടപ്പിലാക്കിയതും തൊണ്ടിമുതലുകൾ കണ്ടെത്തിയതും തമിഴ്നാട്ടിൽ; ഭാവിയിൽ പൊലീസ് അന്വേഷണത്തിന്റെ അധികാരപരിധി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്; തുടരന്വേഷണം തമിഴ്‌നാട് പൊലിസിന് കൈമാറണമെന്ന് റൂറൽ എസ്‌പിക്ക് നിയമോപദേശം; മുഖ്യമന്ത്രിയുമായി ഡിജിപി ചർച്ച നടത്തും
തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ തുടരന്വേഷണം തമിഴ്‌നാട് പൊലിസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകത്തിന്റെ ആസൂത്രണം നടപ്പിലാക്കിയതും തൊണ്ടിമുതലുകൾ കണ്ടെത്തിയതും തമിഴ്‌നാട് അതിർത്തിയിലാണ്. ഭാവിയിൽ പ്രതി പൊലിസ് അന്വേഷണത്തിന്റെ അധികാരപരിധി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ കേസ് തമിഴ്‌നാടിന് കൈമാറുകയാണ് അഭികാമ്യമെന്നാണ് റൂറൽ എസ്‌പിക്ക് ലഭിച്ച നിയമോപദേശം.
കേസ് അന്വേഷണം തമിഴ്‌നാട് പൊലിസിന് കൈമാറണമെന്ന നിയമോപദേശം റൂറൽ എസ്‌പി ഡിജിപിക്ക് നൽകും. മറ്റൊരു സംസ്ഥാനത്തേക്ക് കേസ് കൈമാറാനുള്ള തീരുമാനമെടുക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്. കേസ് കൈമാറുന്നതിൽ മുഖ്യമന്ത്രിയുമായി ഡിജിപിയുമായി ചർച്ച നടത്തും. കൊലപ്പെടുത്തുന്നതിനായി വിഷം കഷായത്തിൽ കലർത്തി നൽകിയത് തമിഴ്‌നാട്ടിലായതിനാൽ തുടരന്വേഷണത്തിൽ നിയമപരമായ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം നിയമോപദേശം തേടിയിരിക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ വീട്ടിൽവച്ചാണ് കഷായത്തിൽ കളനാശിനി കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് മൊഴി. ഈ വീട് സ്ഥിതിചെയ്യുന്നത് കന്യാകുമാരി ജില്ലയിലെ രാമവർമൻചിറയിലാണ്. തമിഴ്‌നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണിത്. എന്നാൽ ഷാരോൺ കൊലക്കേസിൽ പരാതി ലഭിച്ചതും കേസ് രജിസ്റ്റർ ചെയ്തതും പാറശ്ശാല പൊലീസിലായിരുന്നു. കേസിൽ മൂന്ന് പ്രതികളെ കേരള പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
അതിനിടെ, കഴിഞ്ഞദിവസം പ്രതിചേർത്ത ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും ചൊവ്വാഴ്ച പൊലീസ് തെളിവെടുപ്പിന് എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. നെയ്യൂരിലെ സ്വകാര്യ കോളജിൽ ബിഎസ്സി റേഡിയോളജി അവസാന വർഷ വിദ്യാർത്ഥിയായിരുന്ന ഷാരോൺ രാജ് ഒരു ബസ് യാത്രക്കിടെയാണ് ഗ്രീഷ്മയെ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഇരുവരും ഒരുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് ഷാരോൺ രാജിന്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഷാരോണിന്റെ സുഹൃത്തായ ഗ്രീഷ്മയും മാതാപിതാക്കളും ആസൂത്രിതമായാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു. പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നൽകിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് സമ്മതിച്ചത്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം തന്നെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ഗ്രീഷ്മയുടെ വീട് നിലവിൽ പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. ഷാരോൺ വധക്കേസിൽ കഴിഞ്ഞ ദിവസമാണ് ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഗ്രീഷ്മയുടെ അച്ഛന് കൊലപാതകം സംബന്ധിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
മറുനാടന് മലയാളി ബ്യൂറോ