- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിധികർത്താവിന്റെ ആത്മഹത്യയും 'ഇടിമുറി' തല്ലിന്റെ ബാക്കിപത്രം
കൊച്ചി: കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം നേരിട്ട് ജീവനൊടുക്കിയ മാർഗംകളി വിധികർത്താവ് പി.എൻ. ഷാജിയെ എസ്.എഫ്.ഐ. പ്രവർത്തകർ ക്രൂരമായി മർദിച്ചതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തിയതിന് പിന്നാലെ മറ്റൊരു ട്വിസ്റ്റും. കേസിലെ രണ്ടും മൂന്നും പ്രതികളും നൃത്തപരിശീലകരുമായ കാസർകോട് സ്വദേശി ജോമെറ്റ് മൈക്കിൾ, മലപ്പുറം സ്വദേശി സൂരജ് എന്നിവരാണ് എസ്.എഫ്.ഐ.ക്കെതിരേ രംഗത്തുവന്നത്. ഇതിനിടെയാണ് മുൻ എസ് എഫ് ഐ നേതാവിനെതിരെ ഗുരുതര വെളിപ്പെടുത്തൽ വരുന്നത്.
കലോത്സവ കോഴക്ക് പിന്നിൽ മുൻ എസ്എഫ്‌ഐക്കാരെന്നാണ് ആരോപണം. എസ്എഫ്‌ഐ പുറത്താക്കിയ മുൻ ജില്ലാ ഭാരവാഹിക്കെതിരെ എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം അക്ഷയ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി നൽകി. കലോത്സവം പ്രോഗ്രാം സബ് കമ്മിറ്റി കൺവീനറും വിധികർത്താക്കളുടെ ചുമതലയുണ്ടായിരുന്ന നേതാവുമാണ് അക്ഷയ്. എസ്എഫ്‌ഐ പുറത്താക്കിയ മുൻ ജില്ലാ ഭാരവാഹി വിധികർത്താക്കളെ സ്വാധീനിക്കാൻ കൂട്ടുനിൽക്കുന്നതിന് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ഇദ്ദേഹം ആരോപിച്ചത്. ഇത് ഏറെ നിർണ്ണായകമായ പരാതിയാണ്. ഈ പരാതി പൊലീസിന് കൈമാറാൻ സാധ്യതയില്ല. എങ്കിലും എസ് എഫ് ഐ വെട്ടിലാക്കുന്നതാണ് ആരോപണം.
എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി യോഗവും കോഴ വാഗ്ദാനം ചർച്ച ചെയ്തിരുന്നു. ഇതിന് ശേഷമാണ് എസ്എഫ്‌ഐ നേതൃത്വം കോഴ വിവാദത്തിൽ വിജിലൻസിന് പരാതി നൽകിയത്. കോഴ വിവാദത്തിൽ ആരോപണ വിധേയനായ വിധികർത്താവ് ഷാജി കണ്ണൂരിലെ വീട്ടിൽ ജീവനൊടുക്കിയതിൽ എസ്എഫ്‌ഐയെ പ്രതിക്കൂട്ടിലാക്കി കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നതിനിടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ഷാജിയെ മർദ്ദിച്ചുവെന്ന ദൃക്‌സാക്ഷികളുടെ മൊഴി അതിനിർണ്ണായകമാണ്.
എസ്.എഫ്.ഐ. നേതാവ് അഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സെനറ്റ് ഹാളിന്റെ അകത്ത് മറ്റൊരുമുറിയിലേക്ക് ഷാജിയെ കൂട്ടിക്കൊണ്ടുപോയത്. 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' അഞ്ജു ചോദിച്ചു. ഷാജിയുടെ ബയോഡേറ്റ വായിച്ച് കളിയാക്കി. അഞ്ജുവാണ് അടിക്കെടാ ഇവനെയെന്ന് പറഞ്ഞത്. ക്രിക്കറ്റ് ബാറ്റ്, ഹോക്കിസ്റ്റിക് തുടങ്ങിയവ അവിടെ ഉണ്ടായിരുന്നു. 'എന്നെ ആവശ്യമില്ലാത്ത പ്രശ്‌നത്തിൽ കുരുക്കരുത്, ജീവിക്കാൻ വഴിയില്ല, ആത്മഹത്യചെയ്യുമെ'ന്ന് ഇതിനിടെ ഷാജി പറഞ്ഞതായും ദൃക്സാക്ഷികൾ പറഞ്ഞു.
അഞ്ജു ഷാജിയെ മർദിച്ചില്ല. പക്ഷേ അവരാണ് നേതൃത്വം നൽകിയത്. നന്ദന്റെ നേതൃത്വത്തിലായിരുന്നു മർദനം. ഷാജിയെ മർദിക്കുന്നതിന് തങ്ങൾ ദൃക്സാക്ഷികളാണ്. ഞങ്ങൾക്കും മർദനമേറ്റു. ഇതിനിടെ രക്തസമ്മർദം കുറയുന്നതായി ഷാജി പറഞ്ഞെങ്കിലും അവരത് ഗൗനിച്ചില്ലെന്നു ജോമെറ്റ് മൈക്കിളും സൂരജും പറഞ്ഞു. ഷാജിയുടെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെന്ന് കഴിഞ്ഞദിവസം ഷാജിയുടെ അമ്മയും പറഞ്ഞിരുന്നു.
മാർഗംകളി മത്സരത്തിന്റെ ഫലത്തിൽ കൃത്രിമം കാട്ടിയെന്ന പരാതിയിൽ ഷാജിയെ ഒന്നാംപ്രതിയും ജോമെറ്റ്, സൂരജ് എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയുമാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ഈ സാഹചര്യത്തിൽ ആരോപണങ്ങൾ എങ്ങനെ പൊലീസ് എടുക്കുമെന്നതാണ് നിർണ്ണായകം.