ദില്ലി: ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്ത മലയാളി യുവാവിനെ കാണാനില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മകനെ കാണാതായതോടെ പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 25കാരനായ തൃശൂര്‍ ചാലക്കുടി സ്വദേശി എഡ്വിന്‍ തോമസിനെയാണ് കാണാതായത്. ഡല്‍ഹിയില്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുക ആയിരുന്നു. മകനെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതോടെ പിതാവ് തോമസ് പിവിയാണ് ദില്ലി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തത്. മകനെ കാണാനില്ലെന്നും പൊലീസ് കസ്റ്റഡിയിലെടുത്തതാണെന്നും എവിടെയാണെന്ന് വിവരമില്ലെന്നും അച്ഛന്‍ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഡല്‍ഹി പൊലീസ് തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന് കൈമലര്‍ത്തിയതോടെ സംഭവം ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് എഡ്വിനെ താമസ സ്ഥലത്ത് നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം പോലിസ് കസ്റ്റഡിയിലെടുത്തത്. എഡ്വിന്‍ തോമസ് 15 ലക്ഷം രൂപയുമായി ബിസിനസ് ആവശ്യത്തിനാണ് ഡല്‍ഹിയില്‍ എത്തിയതെന്ന് ഹര്‍ജിയില്‍ പിതാവ് പറയുന്നു. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കോടതിയില്‍ ഹാജരാക്കിയിരുന്നു. പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കില്‍ എവിടെയാണെന്നും കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. വിഷയം അതീവ ഗുരുതരമെന്ന് നിരീക്ഷിച്ച കോടതി എഡ്വിനെ ഹാജരാക്കാന്‍ ഉത്തരവിട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച്ച രണ്ട് സുഹൃത്തുകള്‍ക്കൊപ്പം ഡല്‍ഹി സാകേതിലെ ഫ്‌ലാറ്റില്‍ നിന്ന് പൊലീസ് അനധികൃതമായി കസ്റ്റഡിയില്‍ എടുത്തെന്നാണ് പിതാവ് വ്യക്തമാക്കുന്നത്. കേസ് പരിഗണിച്ച കോടതി എഡ്വിന്‍ തോമസ് എവിടെയാണെങ്കിലും ഹാജരാക്കണമെന്ന് ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കര്‍ണാടക പൊലീസ് ദില്ലിയില്‍ എത്തി കസ്റ്റഡിയില്‍ എടുത്താണെന്നും ദില്ലി പൊലീസിന് വിവരമില്ലെന്നുമാണ് ഇവരുടെ നിലപാട്. കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തെങ്കില്‍ ട്രാന്‍സിറ്റ് വാറണ്ടടക്കം ഇല്ലാതെ എങ്ങനെ ദില്ലിയില്‍ നിന്ന് കൊണ്ടുപോയെന്ന് ജഡ്ജി പ്രതിഭാ എം സിങ്ങ് അധ്യക്ഷയായ ബെഞ്ച് ചോദിച്ചു.

ഇത് ഗൗരവമുള്ള വിഷയമാണെന്ന് വ്യക്തമാക്കിയ കോടതി കര്‍ണാടക പൊലീസിനെ കക്ഷിയാക്കാന്‍ ഉത്തരവിട്ടു. നാളെ തന്നെ മറുപടി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ ഹര്‍ജിക്കാരനായി അഭിഭാഷകരായ ബിജു പി രാമന്‍, ഉഷാ നന്ദിനി, ജോണ്‍ തോമസ് അറയ്ക്കല്‍ എന്നിവര്‍ ഹാജരായി.