കൊച്ചി: കൂനംതൈയിലെ അപ്പാര്‍ട്‌മെന്റിലെ കൊലയ്ക്ക് പിന്നിലെ ഗൂഡാലോചന പുറത്തു. ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയെ പ്രതികള്‍ കൊലപ്പെടുത്തിയത് മുപ്പതു ലക്ഷം രൂപയ്ക്കു വേണ്ടിയാണെന്ന് പോലീസ് കണ്ടെത്തി. പെരുമ്പാവൂര്‍ ചുണ്ടക്കുഴി കൊറാട്ടുകുടി ജെയ്‌സി ഏബ്രഹാമാണു(55) 17ന് തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടതിന് പിന്നിലെ ചുരുള്‍ അഴിച്ച് പോലീസ് പ്രതികളെ കുടുക്കുകയാണ്. വന്‍ ഗൂഡാലോചന ിതിന് പിന്നിലുണ്ടായിരുന്നു.

തൃക്കാക്കര മൈത്രിപുരം റോഡില്‍ 11/347എയില്‍ ഗിരീഷ് ബാബു(45), എരൂര്‍ കല്ലുവിള ഖദീജ (പ്രബിത43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്താറുള്ള ജെയ്‌സിക്ക് അടുത്തയിടെ വീട് വിറ്റു 30 ലക്ഷം രൂപയോളം ലഭിച്ച വിവരം അറിഞ്ഞായിരുന്നു ഗൂഡാലോചന. ജെയ്‌സി പുതിയ സ്വര്‍ണ വളകള്‍ വാങ്ങിയ വിവരവും ലഭിച്ചു. കടം ചോദിച്ചാല്‍ തരാത്തതു കൊണ്ടാണ് മോഷണത്തിന് കൊല നടത്തിയത്. ഗിരീഷ് ബാബുവാണു കൊല നടത്തിയത്. ഖദീജയ്ക്ക് എതിരെ ഗൂഢാലോചന കുറ്റമാണുള്ളത്. കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ സ്ഥാപനത്തില്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു എംസിഎ ബിരുദധാരിയായ ഗിരീഷ് ബാബു. ലോണ്‍ ആപ്പുകളില്‍ നിന്നു വായ്പയെടുത്തു ധൂര്‍ത്തടിച്ചു ജീവിക്കുന്ന സ്വഭാവക്കാരനായിരുന്നു. ഗിരീഷിന് 85 ലക്ഷം രൂപയിലേറെ കടബാധ്യത ഉണ്ടായിരുന്നു. ഗിരീഷ് ബാബുവിന്റെ കാമുകിയാണു ഖദീജ. ഇരുവരുടെയും സുഹൃത്താണു കൊല്ലപ്പെട്ട ജെയ്‌സി.

ജെയ്‌സിയെ കൊലപ്പെടുത്താന്‍ ഗിരീഷ് ബാബുവും ഖദീജയും നടത്തിയതു വന്‍ ആസൂത്രണവും ഗൂഢാലോചനയുമാണ്. കൊലയ്ക്കു രണ്ടു മാസം മുന്‍പു തന്നെ ഇരുവരും ആസൂത്രണം ആരംഭിച്ചിരുന്നു. ശ്രമം പാളിപ്പോകാതിരിക്കാന്‍ ഗിരീഷ് ബാബു കൊലയ്ക്കു രണ്ടാഴ്ച മുന്‍പേ ഡ്രസ് റിഹേഴ്‌സല്‍ നടത്തിയതായും പൊലീസ് കണ്ടെത്തി. കൊല നടത്തിയ ശേഷം തെളിവുകള്‍ അവശേഷിപ്പിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും ഗിരീഷ് ബാബു എടുത്തു. വിരലടയാളം വീട്ടിലെങ്ങും പതിയാതിരിക്കാന്‍ മുന്‍കരുതല്‍ എടുത്ത ഗീരീഷ് ബാബു ജെയ്‌സിയെ വിവസ്ത്രയാക്കിയ ശേഷം സ്വയം വിവസ്ത്രനായാണു കൊലപാതകം നടത്തിയതെന്നും പൊലീസ് കണ്ടെത്തി. വസ്ത്രങ്ങളില്‍ രക്തം തെറിക്കുന്നത് ഒഴിവാക്കാനായിരുന്നു ഇത്.

ഓണ്‍ലൈന്‍ ഡേറ്റിങ് ആപ് വഴി ജെയ്‌സിയെ ബന്ധപ്പെട്ടു ഫ്‌ലാറ്റില്‍ പലവട്ടം വന്നിട്ടുള്ള ഗിരീഷ് ബാബു അവിടെ വച്ചാണു ഖദീജയെ പരിചയപ്പെടുന്നത്. ആവശ്യക്കാര്‍ക്ക് ഇത്തരത്തില്‍ സ്ത്രീകളെ എത്തിച്ചു നല്‍കുന്ന ഏജന്റ് ആയിരുന്നു ജെയ്‌സി. ഗിരീഷ് ബാബുവും ഖദീജയും ക്രമേണ അടുത്ത സുഹൃത്തുക്കളായി. ജെയ്സിയെ കൊന്ന് സ്വര്‍ണവും പണവും മോഷ്ടിക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സിനുസമീപത്തെ വീട്ടില്‍നിന്ന് 17ന് രാവിലെ സഹോദരന്റെ ബൈക്കില്‍ ഗിരീഷ് ബാബു പലവഴികളിലൂടെ സഞ്ചരിച്ച് ഉണിച്ചിറ പൈപ്പ്ലൈന്‍ റോഡിലെത്തി. അവിടെനിന്ന് രണ്ട് ഓട്ടോകള്‍ മാറിക്കയറി ജെയ്സിയുടെ ഫ്‌ലാറ്റിലെത്തി.

കൈയിലുണ്ടായിരുന്ന മദ്യം ജെയ്സിക്കൊപ്പം കഴിച്ചു. മദ്യലഹരിയിലായ ജെയ്സി കട്ടിലില്‍ കിടന്നു. ഈ സമയം പ്രതി ബാഗില്‍ കരുതിയ ഡംബല്‍ എടുത്ത് അവരുടെ തലയില്‍ പലതവണ അടിച്ചു. നിലവിളിച്ചപ്പോള്‍ മുഖം തലയണവച്ച് അമര്‍ത്തിപ്പിടിച്ച് മരണം ഉറപ്പാക്കി. കൊലപാതകശേഷം ജെയ്സിയുടെ രണ്ട് ഫോണുകളും കൈയിലുണ്ടായിരുന്ന രണ്ടുപവന്റെ രണ്ട് വളകളും മോതിരവും കവര്‍ന്നു. ഫ്‌ലാറ്റിന്റെ വാതില്‍ കൈയിലുണ്ടായിരുന്ന മറ്റൊരു താക്കോല്‍ ഉപയോഗിച്ച് പുറത്തുനിന്ന് പൂട്ടി. 17ന് പകല്‍ 12.30നും ഒന്നിനുമിടയിലായിരുന്നു കൊലപാതകം. കിടപ്പുമുറിയില്‍ ഡംബെല്‍സ് കൊണ്ടു പലതവണ തലയ്ക്കടിച്ചും തലയണ കൊണ്ടു മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം കുളിമുറിയില്‍ വലിച്ചു കൊണ്ടുവന്ന് ഇടുകയായിരുന്നു എന്നു പൊലീസ് പറയുന്നു. സിസിടിവിയിലൂടെ തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചാണ് എത്തിയത്. മുറിയില്‍ നിന്നു പോകുമ്പോള്‍ മറ്റൊരു വസ്ത്രം ധരിച്ചാണു പ്രതി പുറത്തിറങ്ങിയതും. ജെയ്‌സിയെ രണ്ടു മാസം ഫോണില്‍ ബന്ധപ്പെടാതിരിക്കാനും പ്രതി മുന്‍കരുതലെടുത്തു. കുളിമുറിയില്‍ മറിഞ്ഞു വീണുള്ള അപകടമരണമാണെന്നു പൊലീസ് കരുതാന്‍ വേണ്ടതെല്ലാം പ്രതി ചെയ്തുവെന്നു പൊലീസ് പറയുന്നു.

ഫ്‌ലാറ്റില്‍ മറ്റാരും ഉണ്ടാകില്ലെന്നും ജെയ്‌സിയുടെ അപാര്‍ട്‌മെന്റുള്ള കൂനംതൈ ഭാഗത്ത് ആളനക്കം കുറയുമെന്നുമുള്ള കണക്കുകൂട്ടലിലാണു കഴിഞ്ഞ ഞായറാഴ്ച കൃത്യത്തിനായി തിരഞ്ഞെടുത്തത്. ഇക്കാര്യം പരിശോധിച്ചുറപ്പിക്കാന്‍ ഗിരീഷ് ബാബു രണ്ടാഴ്ച മുന്‍പ് മൂന്നാം തീയതി ഞായറാഴ്ച സ്ഥലത്തെത്തി. അപാര്‍ട്‌മെന്റിലോ പരിസരത്തോ ക്യാമറകള്‍ ഇല്ലെന്നുറപ്പാക്കി. മാത്രമല്ല, പ്രദേശത്ത് ആളനക്കം കുറവുള്ള സമയം രാവിലെ 11നും ഒന്നിനും ഇടയിലാണെന്നും മനസ്സിലാക്കി. കൊലപാതക ദിനത്തില്‍ സഞ്ചരിച്ച അതേ രീതിയില്‍ അതേ വഴികളിലൂടെയായിരുന്നു ട്രയല്‍ റണ്‍ ദിനങ്ങളിലും പ്രതിയുടെ സഞ്ചാരം.

തൃക്കാക്കര എസിപി പി.എ.ബേബിയുടെ മേല്‍നോട്ടത്തില്‍ 15 അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. കളമശേരി ഇന്‍സ്‌പെക്ടര്‍ എം.ബി.ലത്തീഫിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ സി.ആര്‍.സിങ്, എസ്‌ഐമാരായ സെബാസ്റ്റ്യന്‍ പി.ചാക്കോ, അരുണ്‍കുമാര്‍, എഎസ്‌ഐമാരായ എ.ടി.അനില്‍കുമാര്‍, കെ.എ.നജീബ്, സീനിയര്‍ സിപിഒമാരായ മുഹമ്മദ് ഇസഹാക്ക്, വി.എസ്.ബിനു, എ.എസ്. അരുണ്‍, പി.എം.ഷമീര്‍ , സിപിഒമാരായ മാഹിന്‍, അബൂബക്കര്‍, വി.എ.ഷിബു , എല്‍.കെ.അജേഷ് കുമാര്‍, ഷാജഹാന്‍, ടി.എസ്.രാജേഷ് കുമാര്‍, ഷബ്‌ന ബി.കമല്‍, സൈബര്‍ സെല്‍ എസ്‌ഐ പ്രമോദ്, സിപിഒ അരുണ്‍ എന്നിവരാണു പ്രതികളെ അറസ്റ്റ് ചെയ്തത്.