ബാലുശ്ശേരി: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാരും ബന്ധുക്കളും ഇടപെട്ട് തടഞ്ഞതോടെ പ്രദേശത്ത് സംഘർഷം. കോഴിക്കോട്ടെ വിനോദസഞ്ചാര കേന്ദ്രമായ വയലടയിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. പെൺകുട്ടിയുടെ സഹോദരനും എറണാകുളം, കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കൾക്കുമാണ് പരിക്കേറ്റത്.

ഇൻസ്റ്റഗ്രാമിൽ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ എറണാകുളം, കോഴിക്കോട് സ്വദേശികളായ നിസാർ, ബിമൽ എന്നിവർ ചേർന്നാണ് കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ശനിയാഴ്ച വൈകീട്ട് വയലടയിലെത്തിയ പെൺകുട്ടിയോട് ഇവർ വയനാട്ടിലേക്ക് കാറിൽ വരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇതിനു വിസമ്മതിച്ച പെൺകുട്ടിയെ ബലം പ്രയോഗിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരും പെൺകുട്ടിയുടെ സഹോദരനും ചേർന്ന് മോചിപ്പിക്കുകയായിരുന്നു.

യുവാക്കളെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയ ശേഷം ബാലുശ്ശേരി പൊലീസിൽ ഏൽപിച്ചു. പരിക്കേറ്റ വിമൽ, നിസാർ എന്നിവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പെൺകുട്ടിയുടെ സഹോദരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബാലുശ്ശേരി എസ്‌ഐ സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഇവർ സഞ്ചരിച്ച ഇന്നോവ കാർ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ പൊലീസ് വീട്ടിലെത്തിച്ചു. യുവാക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.