തിരുവനന്തപുരം: മംഗലപുരത്ത് പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നാലുപേര്‍ പിടിയിലായി. കുടവൂര്‍ സ്വദേശി ശ്രീജിത്ത്, വേങ്ങോട് സ്വദേശികളായ അഭിരാജ്, അഭിരാം, അശ്വിന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് നാലംഗസംഘം പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കഴിഞ്ഞദിവസം രാത്രി 7.45-ഓടെയാണ് പത്താംക്ലാസുകാരനെ മംഗലപുരത്തുനിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയത്. കൗമാരക്കാരനെ കാണാതായ വിവരമറിഞ്ഞ് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് പത്താംക്ലാസുകാരന്റെ മൊബൈല്‍ഫോണിലേക്ക് വിളിച്ചപ്പോള്‍ പ്രതികളാണ് ഫോണെടുത്തത്.

ഇവര്‍ പോലീസിനെ ഫോണിലൂടെ അസഭ്യം പറഞ്ഞ് ഫോണ്‍ കട്ട്ചെയ്തു. ഇതോടെ പോലീസ് പിന്തുടര്‍ന്നെത്തുകയും പത്താംക്ലാസുകാരനെ കണ്ടെത്തുകയുമായിരുന്നു. ഇതിനിടെ പ്രതികള്‍ കാറുമായി കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്.

പ്രതികളിലൊരാള്‍ക്ക് പത്താംക്ലാസുകാരന്റെ സഹപാഠിയായ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. ഈ പെണ്‍കുട്ടിയുമായി പത്താംക്ലാസുകാരന്‍ സൗഹൃദം പുലര്‍ത്തിയെന്ന് ആരോപിച്ചാണ് പ്രതികള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയത്. രണ്ടുദിവസം മുമ്പും ഇതേവിഷയത്തില്‍ പ്രതികള്‍ ബൈക്കിലെത്തി പത്താംക്ലാസുകാരനെ മര്‍ദിച്ചിരുന്നു. എന്നാല്‍, അന്ന് പരാതി നല്‍കിയിരുന്നില്ല.