തിരുവമ്പാടി: കോഴിക്കോട് തിരുവമ്പാടിയില്‍ 14 കാരിയെ കടത്തിക്കൊണ്ട് പോയ കേസില്‍ റിമാന്‍ഡിലായ പ്രതി നിരവധി കേസുകളില്‍ പ്രതി. മോഷണക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിക്കെതിരെ കേസകളുണ്ടെന്ന് പോലീസ് പറഞ്ഞു. ബൈക്ക് മോഷണത്തിന് പേര് കേട്ട ആളാണ് അജയ് എന്ന് പോലീസ് പറഞ്ഞു. പല സ്റ്റേഷനിലും അജയ്‌ക്കെതിരെ മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകുന്നതിന് അഞ്ച് ദിവസം മുന്‍പും ഇയാള്‍ ഒരു ബൈക്ക് മോഷണം നടത്തിയിട്ടുണ്ട്. ഓമശ്ശേരി വേനപ്പാറയില്‍ നിന്നും കഴിഞ്ഞ മാസം 30ന് ഒരു ബൈക്ക് മോഷണം പോയിരുന്നു. തുടര്‍ന്ന് പോലീസ് സിസിടിവി പരിശോധിച്ചതില്‍ നിന്ന് അജയ് ആണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാശ്ശേരിയില്‍ നിന്നും പോലീസ് മോഷണം പോയ ബൈക്ക് കണ്ടെത്തിയിരുന്നു. ബൈക്ക് മോഷണത്തില്‍ വിദ്ഗ്ധനായ പ്രതി കളമശ്ശേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പല സ്റ്റേഷനുകളിലും അജയ്‌ക്കെതിരെ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഈ മാസം അഞ്ചിനാണ് ഒപ്പന പഠിക്കാനെന്ന് പറഞ്ഞ് പതിനാലുകാരി വീടു വിട്ടിറങ്ങിയത്. പിന്നെ വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍ മുക്കം പോലീസില്‍ പരാതിപ്പെട്ടു. പോലീസ് അന്വേഷണത്തില്‍ രണ്ട് ദിവസം മുമ്പ് പെണ്‍കുട്ടിയെ കോയമ്പത്തൂരില്‍ വച്ച് കണ്ടെത്തിയിരുന്നു.

കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അജയ്‌ക്കൊപ്പമായിരുന്നു പെണ്‍കുട്ടി ഉണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്തായ അജയെ കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണക്കേസ് അടക്കം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ കൊച്ചിയില്‍ പണിക്കു പോയപ്പോഴാണ് പീരുമേട് സ്വദേശിയായ അജയുമായി സൗഹൃദത്തിലായത്. അടുപ്പം വളര്‍ന്നപ്പോള്‍, പെണ്‍കുട്ടിയുടെ വീട്ടിലും പ്രതി എത്തിയിരുന്നു. പിന്നാലെയാണ് 14 കാരിയുമായി സൗഹൃദത്തിലായതും, പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയതും.