തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന്റെ മുഖമുദ്രയെന്ന് ഭരണപക്ഷം കൊട്ടിഘോഷിക്കുന്ന കിഫ്ബിയില്‍ (KIIFB) 30 കോടി രൂപ ടെന്‍ഡറില്ലാത്ത പണിക്ക് നല്‍കിയതായി ഓഡിറ്റ് രേഖകള്‍. കിഫ്ബിയുടെ സ്വന്തം ടെന്‍ഡര്‍ ചട്ടങ്ങളാണ് ലംഘിച്ചിരിക്കുന്നത്. ഇഡി കിഫ്ബിയുടെ മേല്‍ വട്ടമിട്ടുപറക്കുന്നതിനിടെയാണ് പുതിയ ചട്ടലംഘനം പുറത്തുവരുന്നത്.

മാധ്യമ-പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 30.83 കോടി രൂപ ടെന്‍ഡറില്ലാതെ ചെലവഴിച്ചു എന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടുപിടിച്ചത്. ഈ പ്രവര്‍ത്തികള്‍ക്ക് സേവനദാതാക്കളെ തിരഞ്ഞെടുത്തത് നോമിനേഷന്‍ അടിസ്ഥാനത്തില്‍ (സിംഗിള്‍ ടെന്‍ഡര്‍) ആയിരുന്നു. ഇത്തരം ജോലികള്‍ക്ക് തുറന്ന ടെന്‍ഡര്‍ വിളിക്കണം എന്ന എസ്.ഒ.പി. (Standard Operating Procedure) ലംഘിക്കപ്പെട്ടു എന്ന് ഓഡിറ്റര്‍മാര്‍ കണ്ടെത്തി.

ശരിയായ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ ഇല്ലാത്തതിനാല്‍ സേവനദാതാക്കളുടെ തിരഞ്ഞെടുപ്പും നിരക്കുകളുടെ യുക്തിസഹതയും പരിശോധിക്കാന്‍ ഓഡിറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല.ഓഡിറ്റര്‍മാരെ ഞെട്ടിച്ചത് മറ്റൊന്നാണ്. ഈ 30 കോടിയിലധികം രൂപയ്ക്ക് നല്‍കിയ സേവനങ്ങള്‍ യഥാര്‍ത്ഥത്തില്‍ കിഫ്ബിക്ക് ലഭിച്ചു എന്ന് തെളിയിക്കുന്ന മതിയായ ഓഡിറ്റ് തെളിവുകള്‍ ഹാജരാക്കാന്‍ മാനേജ്മെന്റിന് സാധിച്ചില്ല.

ഈ ഗുരുതരമായ വീഴ്ച തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഓഡിറ്റര്‍മാര്‍ ചൂണ്ടിക്കാട്ടിയിട്ടും തിരുത്താന്‍ കിഫ്ബി തയ്യാറായില്ല.2022-23, 2033-24 സാമ്പത്തി വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ ഈ നിരീക്ഷണം വന്നിട്ടും കിഫ്ബി തിരുത്താന്‍ തയ്യാറായില്ല.



മാനേജ്മെന്റിന്റെ വിശദീകരണം

മാനേജ്മെന്റ് ഓഡിറ്റ് നിരീക്ഷണത്തെ അംഗീകരിക്കുമ്പോഴും, ഇത് എസ്.ഒ.പി. പാലിക്കാത്തതുമായി ബന്ധപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഈ പ്രവര്‍ത്തികള്‍ നോമിനേഷന്‍ അടിസ്ഥാനത്തിലല്ല, മറിച്ച് 'മികച്ച വ്യവസായ സമ്പ്രദായങ്ങള്‍' (best industry practices) ഉപയോഗിച്ചാണ് നല്‍കിയതെന്ന് മാനേജ്മെന്റ് അഭിപ്രായപ്പെട്ടു. ഫണ്ടിന്റെ വിനിയോഗം, ചെലവുകളുടെ യുക്തിസഹത എന്നിവ 24-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായിരുന്നു.



മാധ്യമ വിഭാഗത്തിനായുള്ള പരിഷ്‌കരിച്ച എസ്.ഒ.പി. 2025 മെയ് 28-ന് ചേര്‍ന്ന ബോര്‍ഡ് യോഗം അംഗീകരിച്ചു. നിലവില്‍ പിന്തുടരുന്ന നടപടിക്രമങ്ങള്‍ ഈ പരിഷ്‌കരിച്ച എസ്.ഒ.പിക്ക് അനുസൃതമാണ് എന്നും മാനേജ്മെന്റ് അവകാശപ്പെട്ടു. ധനപരമായ (Financial) ആഘാതം ഇല്ല എന്നും മാനേജ്മെന്റ് വ്യക്തമാക്കി. കിഫ്ബിയുടെ ഈ പുതിയ നടപടിക്രമങ്ങള്‍ ഓഡിറ്റ് നിരീക്ഷണത്തിന് പരിഹാരമാകുമോ എന്ന് അടുത്ത സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ വ്യക്തമാകും.

നിയമം ലംഘിക്കുക എന്നത് കിഫ്ബിക്ക് ഒരു സ്ഥിരം പരിപാടിയായി മാറിയെന്ന് സാരം. ഇതിനര്‍ത്ഥം ഒന്നുമാത്രമാണ്: 'ചട്ടം ലംഘിച്ച് പൊതുപണം ദുരുപയോഗം ചെയ്തു, പിടിക്കപ്പെട്ടപ്പോള്‍ നിയമം തന്നെ തിരുത്തി. ഇനി ഞങ്ങള്‍ക്കെതിരെ ആര്‍ക്കും ഒന്നും പറയാനില്ല!' എന്ന തരത്തിലാണ് മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനം.

അതിനിടെ, കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് ഉന്നതര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കുരുക്ക് മുറുക്കിയിരിക്കുകയാണ്. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി സിഇഒ ഡോ. കെ. എം. എബ്രഹാം എന്നിവരാണ് നോട്ടീസ് ലഭിച്ച മറ്റുള്ളവര്‍. വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ (ഫെമ) ലംഘിച്ച് 466 കോടിയുടെ 'ഭൂമി' വാങ്ങിയെന്നാണ് ഇ.ഡി.യുടെ ആരോപണം.