കൊല്ലം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ ഇടപെട്ട് ഡിജിപി. അതിക്രൂരമായ കസ്റ്റഡി മർദ്ദനം നടന്നിട്ടും പൊലീസുകാർക്കെതിരെ ശിക്ഷാനടപടി കുറഞ്ഞുപോയെന്നാണ് ഉയരുന്ന വിമർശനം. ഡിജിപിയുടെ നിർദേശപ്രകാരം ദക്ഷിണമേഖലാ ഡിഐജി ആർ.നിശാന്തിനി കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ മെറിൻ ജോസഫിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പൊലീസുകാർക്കെതിരെ സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാകവേയാണ് ഡിഐജി റിപ്പോർട്ടു തേടിയിരിക്കുന്നത്.

സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരേ ഇതുവരെ സ്വീകരിച്ചത് നിസാര നടപടികൾ മാത്രമാണ്. മൂന്ന് പൊലീസുകാരെ സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്. ആരോപണ വിധേയരായ മറ്റ് ഉദ്യോഗസ്ഥർക്കെതിരേയും നടപടി എടുത്തിട്ടില്ല. സംഭവത്തിൽ പ്രാഥമികാന്വേഷണം നടത്തിയതിനെത്തുടർന്ന് കിളികൊല്ലൂർ സ്റ്റേഷനിലെ എസ്‌ഐ. അനീഷിനെ പാരിപ്പള്ളിയിലേക്കും സീനിയർ സി.പി.ഒ.മാരായ പ്രകാശ് ചന്ദ്രനെ ഇരവിപുരത്തേക്കും വി.ആർ.ദിലീപിനെ അഞ്ചാലുംമൂട്ടിലേക്കും സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റം ഒഴിച്ച് മറ്റൊരു നടപടിയും കുറ്റക്കാർക്കെതിരേ സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി.

എന്നാൽ ഇവർ മൂന്ന് പേർ മാത്രമല്ല, മറ്റ് ഉദ്യോഗസ്ഥരും തങ്ങളെ മർദ്ദിച്ചതായി ചൂണ്ടിക്കാട്ടി സൈനികനും സഹോദരനും മജിസ്‌ട്രേറ്റിന് മൊഴി നൽകിയിരുന്നു. ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന ആരോപണം ഉയർന്നിരുന്നു. തുടർന്നാണ് സംഭവത്തിൽ ഡിജിപി ഇടപെട്ടത്. എം.ഡി.എം.എ.യുമായി കരിക്കോട് ജങ്ഷനിൽനിന്ന് ഓഗസ്റ്റ് 25-ന് ദമ്പതിമാരടക്കം നാലുപേരെ കിളികൊല്ലൂർ പൊലീസ് പിടികൂടിയതാണ് സംഭവങ്ങളുടെ തുടക്കം.

പ്രതികളിൽനിന്ന് ലഹരിവസ്തു വാങ്ങിയുപയോഗിച്ച യുവാവ് വഴിയാണ് ദമ്പതിമാരടക്കം നാലുപേരെ പിടികൂടിയത്. ഇവരെ കാണാൻ അനുവദിക്കാത്തതിനെത്തുടർന്ന് സുഹൃത്തുക്കളായ സൈനികനും സഹോദരനും സ്റ്റേഷനിൽ അതിക്രമിച്ചുകടന്ന് പൊലീസുകാരനെ ആക്രമിച്ചെന്നപേരിലാണ് ഇവർക്കെതിരേ പൊലീസ് കേസെടുത്തത്. സൈനികനായ വിഷ്ണുവിനും സഹോദരൻ വിഘ്‌നേഷിനുമാണ് കിളികൊല്ലൂർ പൊലീസിൽനിന്ന് തിക്താനുഭവമുണ്ടായത്.

വസ്തുത മറച്ചുവെച്ച് പൊലീസുകാർ ഏറെ നാടകീയമായ തിരക്കഥചമച്ച് പത്രങ്ങൾക്ക് റിപ്പോർട്ടുകൾ നൽകുകയായിരുന്നെന്ന് വിഘ്‌നേഷ് ആരോപിച്ചു. എം.ഡി.എം.എ. കേസിൽപ്പെട്ടവരാണെന്നുവരെ തങ്ങളെ ചിത്രീകരിച്ചു. ക്രൂരമർദനത്തിനുശേഷം 12 ദിവസം റിമാൻഡ് ചെയ്തു. കേസിൽപ്പെട്ടതോടെ സൈനികനായ വിഷ്ണുവിന്റെ നിശ്ചയിച്ച വിവാഹം മുടങ്ങി. പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ ശാരീരിക കായികക്ഷമതാപരീക്ഷയിൽ പങ്കെടുക്കാനും കഴിയാതെയായി. കോടതിയിൽ ഹാജരാക്കിയതോടെ മജിസ്‌ട്രേറ്റിനു മുന്നിൽ പൊലീസിന്റെ ക്രൂരത സഹോദരങ്ങൾ വെളിപ്പെടുത്തിയിരുന്നു.

ക്രൂരമായ മർദ്ദനമാണ് താൻ നേരിടേണ്ടി വന്നതെന്നാണ് മർദ്ദനത്തിന് ഇരയായ വിഘ്‌നേഷ് പറഞ്ഞത്. മർദിച്ച് അവശനാക്കിയ ശേഷം കുടിക്കാൻ പോലും വെള്ളം തന്നില്ലെന്നാണ് സൈനികൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മജിസ്‌ട്രേറ്റിനോട് വിവരം തുറന്നുപറഞ്ഞാൽ ജീവിതം തുലച്ചുകളയുമെന്നായിരുന്നു പൊലീസുകാരുടെ ഭീഷണി. ഈ സംഭവം കൊണ്ട് ചേട്ടന്റെ കല്യാണം മുടങ്ങി. 7 വർഷത്തെ പ്രണയത്തിനൊടുവിലാണ് ചേട്ടന്റെ വിവാഹം ഉറപ്പിച്ചത്. അതാണ് മുടങ്ങിപ്പോയത്. തന്റെ കാൽ അടിച്ചുപൊട്ടിച്ചു, കൈയ്ക്ക് ശക്തമായ അടിയേറ്റതിനാൽ ഒരു സ്പൂൺ പോലും പിടിക്കാനാവാത്ത അവസ്ഥയാണിപ്പോൾ. ജയിലിൽ നിന്ന് ഇറങ്ങിയത് എസ്‌ഐ എ.പി. അനീഷിനെ കൊല്ലണമെന്ന മാനസികാവസ്ഥയിലാണ്. അത്രത്തോളമാണ് ശാരീരികമായി തന്നെ ഉപദ്രവിച്ചത്. ലാത്തിയെടുത്ത് സ്റ്റേഷനുള്ളിൽ ഓടിച്ചിട്ടാണ് തന്നെ മൃ?ഗീയമായി മർദിച്ചത്. ചോര വന്നിട്ടും അടി നിർത്താൻ എസ്‌ഐ തയ്യാറായില്ലെന്നും സൈനികൻ പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 15നാണ് ഇത്തരത്തിലൊരു വാർത്ത പുറത്തുവന്നത്. എംഡിഎംഎ കേസ് പ്രതികളെ കാണാനായി രണ്ട് യുവാക്കളെത്തി, പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്‌ഐയെ ആക്രമിക്കുന്നു എന്ന രീതിയിലായിരുന്നു വാർത്ത. എന്നാൽ കേസ് വ്യാജമാണെന്ന് തെളിയിക്കുന്ന കിളികൊല്ലൂർ സ്റ്റേഷനിൽ ഉണ്ടായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സൈനികനായ വിഷ്ണു ബൈക്കിൽ ഇൻഡിക്കേറ്റർ ഇടാതിരുന്നതിനെ ചൊല്ലി എഎസ്‌ഐ യുമായി ഉണ്ടായ തർക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ഉദ്യോഗസ്ഥൻ സമ്മതിക്കുന്ന വീഡിയോയാണ് പുറത്തായത്. എഎസ്‌ഐ ഷർട്ടിൽ പിടിച്ചു കീറിയെന്ന പരാതി പറയാൻ സൈനികൻ വനിത എസ്‌ഐയുടെ അടുക്കൽ എത്തുകയായിരുന്നുവെന്നും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ.

പുറത്തു നിന്നുണ്ടായ അക്രമണത്തിലാണ് യുവാക്കൾക്ക് പരിക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്. ''പൊലീസ് പറയുന്ന കള്ളക്കഥയാണിതെന്ന് എല്ലാവർക്കും മനസ്സിലാകും. ജില്ലാമജിസ്‌ട്രേറ്റിന് കൊടുത്ത മൊഴിയിൽ ഞാൻ പറഞ്ഞിട്ടുണ്ട്, അന്ന് രാത്രി മെഡിക്കലിനായി ഡോക്ടറുടെ അടുത്തുകൊണ്ടുപോകുന്ന സമയത്ത് അവരെന്നെ ഭീഷണിപ്പെടുത്തി, നിന്നെ കൊന്നുകളയും മര്യാദക്ക് ഞങ്ങൾക്ക് അനുകൂലമായി പറയണം എന്ന് പറഞ്ഞു. പറയാനുള്ള കള്ളം വരെ അവരെനിക്ക് പറഞ്ഞു തന്നു. ആരെങ്കിലും അടിച്ചതാണെന്നോ വണ്ടിയിൽ നിന്ന് വീണതാണെന്നോ പറയണം. അല്ലെങ്കിൽ ജീവിതം തുലച്ചു തരും എന്നും പറഞ്ഞു.'' പൊലീസ് മർദ്ദനത്തിനിരയായ വിഘ്‌നേഷ് പറയുന്നു.

സംഭവത്തിൽ് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐ നേതാവിനെയും സൈനികനായ ജ്യേഷ്ഠനെയും മർദിച്ച പൊലീസുകാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ പേരൂർ മേഖലാ ജോയിന്റ് സെക്രട്ടറി വിഘ്‌നേഷിനെയും ജ്യേഷ്ഠനും സൈനികനുമായ വിഷ്ണുവിനെയുമാണ് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ ക്രൂരമായി മർദിച്ചത്. വിഘ്നേഷ് മജിസ്‌ട്രേട്ടിനോട് തനിക്ക് സ്റ്റേഷനിൽനിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് വിശദമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസ് നയത്തിനെതിരായി പ്രവർത്തിക്കുകയും ഡിവൈഎഫ്‌ഐയെ അപമാനിക്കാനും ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽകേസ് ചുമത്തി നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.