കൊല്ലം: പട്ടാളക്കാരനെയാണ് അറസ്റ്റു ചെയ്തത് എന്ന് കിളികൊല്ലൂർ പൊലീസ് അറിഞ്ഞിട്ടും നടപടിക്രമങ്ങളും പാലിച്ചില്ല. പട്ടാളക്കാരനാണെന്ന് അറിഞ്ഞതോടെയാണ് പട്ടാളക്കാരനെ തല്ലി ചതച്ചത്. ഈ കേസ് എല്ലാ അർത്ഥത്തിലും പൊലീസിന് വിനയാകും. നിയമപരമായി തന്നെ നീങ്ങാനാണ് സൈന്യത്തിന്റെ നീക്കം. കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐ നേതാവിനെയും സൈനികനായ ജ്യേഷ്ഠനെയും മർദിച്ച പൊലീസുകാർക്കെതിരെ നടപടി പേരിന് മാത്രമായിരുന്നു. സംഭവത്തിൽ സിഐ ഉൾപ്പെടെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. സിഐ വിനോദ്, എസ്ഐ അനീഷ്, സിപിഒമാരായ മണികണ്ഠൻ, ലകേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ഇതിന് പിന്നാലെയാണ് വിഷയത്തിൽ സൈന്യം ഇടപെട്ടത്. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോർട്ട് തേടി. ഒരു സൈനികൻ അവധിയിലാണെങ്കിലും അയാൾ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. ഏതെങ്കിലും കേസിൽ സൈനികൻ പ്രതിയായാൽ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം. അങ്ങനെ വരുമ്പോൾ തിരുവനന്തപുരം പാങ്ങോട് റെജിമെന്റിലാണ് അറിയിക്കേണ്ടത്. തുടർന്ന് മിലിട്ടറി പൊലീസും അന്വേഷണം നടത്തും എന്നതാണ് സൈന്യത്തിലെ രീതി. ഇക്കാര്യം സൈന്യത്തെ അറിയിക്കുന്നതിൽ പൊലീസിന് വീഴ്ചപറ്റി. കേസിൽ മർദനം ഉൾപ്പെടെയുണ്ടായ ശേഷമാണ് പാങ്ങോട് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല, കേസ് പരിഗണിക്കേണ്ടത് ജില്ലാ കോടതിയിലാണ്.

ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥനാണോ പ്രതിയാകുന്നത്, അതിന് മുകളിലെ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കാര്യങ്ങൾ അറിയിക്കുകയെന്നതാണ് നിയമം. കേസിൽ ഒരു ഭാഗത്ത് പൊലീസ് ആയതിനാൽ മറ്റേതെങ്കിലും ഒരു ഏജൻസിയെ ഉപയോഗിച്ച് അന്വേഷണം നടത്തുകയെന്ന സാധ്യതയും സൈന്യം പരിഗണിക്കുന്നുണ്ട്. ഇതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ സേവിക്കുന്ന സൈനികനായ തന്റെ മകനെ ക്രൂര മർദനത്തിനിരയാക്കിയെന്നും കള്ളക്കേസിൽ കുടുക്കിയെന്നും കാണിച്ച് അമ്മ പ്രതിരോധ മന്ത്രിക്ക് പരാതി നൽകും. അതിനിടെ പൊലീസുകാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ അടക്കം ആവശ്യപ്പെട്ടിരുന്നു.

ഈ കേസിന് പിറകെ മിലിറ്ററി പൊലീസ് ഉണ്ടാകും. അതുകൊണ്ട് തന്നെ സൈനികനെ മർദ്ദിച്ചവർക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. മിലിറ്ററി പൊലീസിന് കേസെടുക്കാൻ കഴിയില്ലെങ്കിലും അവർക്ക് പ്രാഥമിക പരിശോധനകളിലൂടെ സത്യം ഉറപ്പിക്കാം. അതിന് ശേഷം സംസ്ഥാന സർക്കാരിന് ശുപാർശകൾ നൽകാം. അങ്ങനെ നൽകുന്ന ശുപാർശകൾ തള്ളിക്കളയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ കിളികൊല്ലൂരിൽ ക്രൂരത കാട്ടിയ പൊലീസുകാർക്കെതിരെ നടപടി ഉറപ്പാണ്. സേനയിൽ നിന്ന് തന്നെ അവരെ പറഞ്ഞ് അയയ്‌ക്കേണ്ടി വരും.

സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മണികണ്ഠൻ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എംഡിഎംഎ ലഹരിക്കേസുമായി ബന്ധപ്പെട്ട പ്രതിക്ക് ജാമ്യം നിൽക്കാനെന്നു പറഞ്ഞ് വിഘ്നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. ജാമ്യം നിൽക്കാൻ കഴിയില്ല എന്ന് അറിയിച്ച വിഘ്‌നേഷ് സ്റ്റേഷനിൽനിന്ന് തിരികെപ്പോകാൻ ശ്രമിച്ചു. ഇതിനിടെ വിഘ്നേഷിനെ തിരക്കി സ്റ്റേഷനിലേക്ക് എത്തിയ ജ്യേഷ്ഠനുമായി മഫ്തി വേഷത്തിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ തർക്കത്തിൽ ഏർപ്പെടുകയും സൈനികനെ സ്റ്റേഷനിനുള്ളിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോകുകയുമായിരുന്നു.

ഈ പൊലീസുകാരൻ മദ്യപിച്ചിരുന്നു എന്ന് സ്റ്റേഷനിൽ പരാതി പറയാൻ ശ്രമിച്ച ഇവരെ പൊലീസുകാർ സ്റ്റേഷനുള്ളിൽ പൂട്ടിയിട്ട് ആക്രമിക്കുകയായിരുന്നു. പിടിവലിയെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതോടെ മർദനം മാരകമായി. വിഘ്‌നേഷിനെ കൈവിലങ്ങ് അണിയിച്ച് ശരീരമാസകലം ലാത്തിയും ബൂട്ടും ഉൾപ്പെടെ ഉപയോഗിച്ച് മർദിച്ചു. വിഘ്‌നേഷിന് ഈ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. തുടർന്ന് എംഡിഎംഎ കേസിലെ പ്രതികളെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു എന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിക്കുകയായിരുന്നു. വിഘ്‌നേഷിനെയും സഹോദരനെയും ജാമ്യമില്ലാവകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തു. ഇതെല്ലാം സൈന്യവും തിരിച്ചറിയുന്നുണ്ട്.

കിളികൊല്ലൂരിൽ സൈനികനേയും സഹോദരനേയും പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന പരാതിയിൽ ഡിജിപിയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. ഡിജിപിയുടെ നിർദേശപ്രകാരം ദക്ഷിണമേഖലാ ഡിഐജി ആർ.നിശാന്തിനി കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ മെറിൻ ജോസഫിനോട് റിപ്പോർട്ട് തേടി. എം.ഡി.എം.എ.യുമായി കരിക്കോട് ജങ്ഷനിൽനിന്ന് ഓഗസ്റ്റ് 25-ന് ദമ്പതിമാരടക്കം നാലുപേരെ കിളികൊല്ലൂർ പൊലീസ് പിടികൂടിയതാണ് സംഭവങ്ങളുടെ തുടക്കം. പ്രതികളിൽനിന്ന് ലഹരിവസ്തു വാങ്ങിയുപയോഗിച്ച യുവാവ് വഴിയാണ് ദമ്പതിമാരടക്കം നാലുപേരെ പിടികൂടിയത്. ഇ

വരെ കാണാൻ അനുവദിക്കാത്തതിനെത്തുടർന്ന് സുഹൃത്തുക്കളായ സൈനികനും സഹോദരനും സ്റ്റേഷനിൽ അതിക്രമിച്ചുകടന്ന് പൊലീസുകാരനെ ആക്രമിച്ചെന്നപേരിലാണ് ഇവർക്കെതിരേ പൊലീസ് കേസെടുത്തത്. സൈനികനായ വിഷ്ണുവിനും സഹോദരൻ വിഘ്‌നേഷിനുമാണ് കിളികൊല്ലൂർ പൊലീസിൽനിന്ന് തിക്താനുഭവമുണ്ടായത്. വസ്തുത മറച്ചുവെച്ച് പൊലീസുകാർ ഏറെ നാടകീയമായ തിരക്കഥചമച്ച് പത്രങ്ങൾക്ക് റിപ്പോർട്ടുകൾ നൽകുകയായിരുന്നെന്ന് വിഘ്‌നേഷ് ആരോപിച്ചു.

എം.ഡി.എം.എ. കേസിൽപ്പെട്ടവരാണെന്നുവരെ തങ്ങളെ ചിത്രീകരിച്ചു. ക്രൂരമർദനത്തിനുശേഷം 12 ദിവസം റിമാൻഡ് ചെയ്തു. കേസിൽപ്പെട്ടതോടെ സൈനികനായ വിഷ്ണുവിന്റെ നിശ്ചയിച്ച വിവാഹം മുടങ്ങി. പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ ശാരീരിക കായികക്ഷമതാപരീക്ഷയിൽ പങ്കെടുക്കാനും കഴിയാതെയായി. കോടതിയിൽ ഹാജരാക്കിയതോടെ മജിസ്‌ട്രേറ്റിനു മുന്നിൽ പൊലീസിന്റെ ക്രൂരത സഹോദരങ്ങൾ വെളിപ്പെടുത്തിയിരുന്നു.