- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പാട്ടിനൊപ്പം കട്ടിലിലെ മെത്തയില്‍ ചാടിക്കളിക്കുന്ന കുട്ടികള്‍; നൃത്തം വയ്ക്കാന്‍ കൂടി ഒപ്പം കൂടി പൂനവും; മകനെയും മകളെയും വാട്ടര്‍ ടാങ്കിലെ വെള്ളത്തില്‍ മുക്കിക്കൊന്നത് വീഡിയോ റെക്കോർഡ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം; പുറത്ത് വരുന്നത് 'കില്ലര്‍ 'മോമി'ന്റെ ക്രൂര മുഖം
ഹരിയാന: സൗന്ദര്യത്തെക്കുറിച്ചുള്ള അപകര്‍ഷതാബോധത്തെ തുടർന്ന് സ്വന്തം മകനുൾപ്പെടെ മൂന്നു കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ഹരിയാന സ്വദേശിനിയായ പൂനം അറസ്റ്റിലായ വാർത്തകൾ ഞെട്ടലോടെയാണ് പുറംലോകം കേട്ടത്. നാലു വയസുകാരനായ മകൻ ശുഭം, ഭർതൃസഹോദരിയുടെ മകൾ ഇഷിക, ബന്ധുവായ ആറു വയസുകാരി വിധി എന്നിവരെയാണ് പൂനം വിവിധ ഘട്ടങ്ങളിലായി കൊലപ്പെടുത്തിയത്. ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. ക്രൂര കുറ്റകൃത്യങ്ങൾ നടത്തിയ കില്ലര്‍ 'മോ'മിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്.
2023ല്‍ മകനെ കൊല്ലുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പുള്ള വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.പാട്ടിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു പൂനത്തിന്‍റെ മകന്‍ ശുഭവും ഭര്‍തൃസഹോദരിയുടെ മകളായ ഇഷികയും. കട്ടിലിലെ മെത്തയില്‍ കിടന്ന് ചാടിക്കളിക്കുന്ന കുട്ടികള്‍ക്കൊപ്പം പൂനവും നൃത്തം വയ്ക്കാന്‍ കൂടി. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇഷികയെ വാട്ടര്‍ ടാങ്കിലെ വെള്ളത്തില്‍ മുക്കിക്കൊന്ന പൂനം മകനെയും സമാന രീതിയില്‍ കൊലപ്പെടുത്തിയത്.
കഴിഞ്ഞയാഴ്ച ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ വിധിയെ പൂനം സ്റ്റോർ റൂമിലെ ടബിലെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം കുട്ടിയുടെ മുത്തശ്ശിയുടെ മുറിയിൽ കൊണ്ടിട്ടു. കുട്ടി ചലനമറ്റ് കിടക്കുന്നത് കണ്ട ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിധിയുടെ മരണം കൊലപാതകമാണെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചത് കേസന്വേഷണത്തിൽ നിർണായക വഴിത്തിരിവായി.
2023-ൽ സ്വന്തം മകൻ ശുഭത്തെയും ഭർതൃസഹോദരിയുടെ മകൾ ഇഷികയെയും പൂനം സമാനമായ രീതിയിൽ കൊലപ്പെടുത്തിയിരുന്നു. ഇഷികയെ വാട്ടർ ടാങ്കിലെ വെള്ളത്തിൽ മുക്കിക്കൊന്നശേഷം സംശയമുന തന്റെ നേർക്ക് വരാതിരിക്കാൻ ശുഭത്തെയും അതേരീതിയിൽ വകവരുത്തുകയായിരുന്നു. ഈ കൊലപാതകങ്ങൾക്ക് മണിക്കൂറുകൾക്ക് മുൻപ് കുട്ടികൾക്കൊപ്പം പൂനം നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2021-ൽ അനന്തരവളായ വിധിയെ കെറ്റിലിൽ ചായ തിളപ്പിച്ച് മുഖത്തൊഴിച്ച് പൊള്ളിച്ച് കൊല്ലാനും പൂനം ശ്രമിച്ചിരുന്നു. ഭാഗ്യം കൊണ്ടാണ് അന്ന് പെൺകുട്ടി രക്ഷപ്പെട്ടത്.
തന്നെക്കാൾ കൂടുതൽ സുന്ദരിയായി ആരും ഉണ്ടാകാൻ പാടില്ലെന്ന തോന്നലാണ് പൂനത്തെ ഈ ക്രൂരകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് അന്വേഷണ സംഘം വെളിപ്പെടുത്തുന്നത്. സ്വന്തം സൗന്ദര്യത്തെക്കുറിച്ചുള്ള അപകർഷതാബോധമാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്ന് പോലീസ് നിഗമനം. പൂനത്തിന് പരമാവധി ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട വിധിയുടെ പിതാവ് സന്ദീപ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ എത്ര കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമാകുമെന്ന് ആലോചിക്കാനാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




