- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റണ്ടിനും കാറോട്ടത്തിനും സാധാരണ പൊതുനിരത്തുകളില്‍ അനുമതി നല്‍കാറില്ല; പരാതിയില്ലാഞ്ഞിട്ടും നടന്റെ മൊഴിയില്‍ കേസ്; ബ്രൊമാന്‍സില്‍ അന്വേഷണം തുടരും
കൊച്ചി: എം.ജി. റോഡില്‍ കാര്‍ മറിഞ്ഞ് നടന്മാരായ അര്ജുന് അശോകനും സംഗീത് പ്രതാപും മാത്യു തോമസും ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റപ്പോള്‍ ഞെട്ടിയത് പോലീസ്. എം.ജി. റോഡില്‍ ചിത്രീകരണത്തിന് പോലീസ് അനുമതി നല്‍കിയിരുന്നില്ലെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എസ്. ശ്യാംസുന്ദര്‍ അറിയിച്ചു. തിരക്കേറിയ റോഡിലെ ഈ നിയമലംഘനത്തില്‍ തുടര്‍ നടപടികളുമുണ്ടാകും.
കൊച്ചി നഗരത്തിലെ സിനിമാ ചിത്രീകരണത്തിനുള്ള അനുമതി വാങ്ങേണ്ടത് കമ്മിഷണര്‍ ഓഫീസില്‍ നിന്നാണ്. 'ബ്രൊമാന്‍സ്' എന്ന സിനിമയുടെ ചിത്രീകരണത്തിന് അനുമതി തേടി ആരും അപേക്ഷ നല്‍കിയിട്ടില്ലെന്നും അര്‍ധരാത്രി ചിത്രീകരണം നടക്കുന്നതിനെക്കുറിച്ച് പോലീസിന് അറിവില്ലായിരുന്നുവെന്നും കമ്മിഷണര്‍ വ്യക്തമാക്കി. സ്റ്റണ്ട് രംഗങ്ങള്‍ക്കും കാറോട്ട രംഗങ്ങള്‍ക്കും സാധാരണ പൊതുനിരത്തുകളില്‍ അനുമതി നല്‍കാറില്ലെന്നും വിശദീകരിച്ചു. ഇത്തരത്തിലുള്ള സീന്‍ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.
ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ പത്മ തിയേറ്ററിന് സമീപം 'ബ്രൊമാന്‍സ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. സംഗീതിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കാര്‍ ഓടിച്ചയാള്‍ക്കെതിരേ അമിതവേഗത്തിനും അശ്രദ്ധമായി വാഹനമോടിച്ചതിനും സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ആരാണ് വാഹനമോടിച്ചിരുന്നതെന്ന് വ്യക്തമല്ലെന്നും ചിത്രീകരണത്തിനിടെ തന്നെയാണോ അപകടമുണ്ടായതെന്ന് അറിയാന്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. അതിനാല്‍ വാഹനമോടിച്ചയാളുടെ പേര് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടില്ല. സംഗീത് പ്രതാപിന്റെ മൊഴിയിലാണ് കേസ്.
നായിക മഹിമ നമ്പ്യാര്‍ മറ്റ് താരങ്ങള്‍ക്കൊപ്പം കാര്‍ ഓടിക്കുന്ന രംഗമാണ് ചിത്രീകരിച്ചിരുന്നതെന്നാണ് സൂചന. ഹെലിക്യാമുപയോഗിച്ചായിരുന്നു ഷൂട്ടിങ്. മഹിമ വാഹനമോടിക്കുന്ന രംഗങ്ങള്‍ പകര്‍ത്തിയശേഷം വളഞ്ഞുപുളഞ്ഞരീതിയില് കാര്‍ ഓടിക്കുന്നത് ചിത്രീകരിക്കാന്‍ സ്റ്റണ്ട് മാസ്റ്ററുടെ സഹായി ഡ്രൈവറായി കാറില്‍ കയറി. അര്ജുന് മുന്‍സീറ്റിലും ബാക്കിയുള്ളവര്‍ പിന്സീറ്റിലുമിരുന്നു. വളഞ്ഞുപുളഞ്ഞ് ഓടുന്നതിനിടെ നിയന്ത്രണം വിട്ട് കാര്‍ റോഡിലൂടെ പോയ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു.
സിനിമാസംഘത്തിന്റെ കാര്‍ വന്നിടിച്ചതിന്റെ ആഘാതത്തില്‍ രണ്ടാമത്തെ കാര്‍ പാതയോരത്തുണ്ടായിരുന്ന ഓണ്‍ലൈന്‍ ഭക്ഷണവിതരണശൃംഖലയുടെ ജീവനക്കാരന്റെ ബൈക്കിലും മറ്റൊരു ബൈക്കിലുമിടിച്ചു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ന്യൂറോ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്ന സംഗീതിന്റെ നട്ടെല്ലിലെ പൊട്ടല്‍ അടക്കം പരുക്കുകള്‍ ഉണ്ട്. സംഗീതിന്റെ കഴുത്തിന്റെ ഭാഗത്തെ നട്ടെല്ലിന്റെ ഏറ്റവും താഴത്തെ രണ്ട് കശേരുക്കള്‍ക്കും, നെഞ്ചിന്‍കൂടിന്റെ പുറകിലെ വാരിയെല്ലിന്റെ ഭാഗത്തും, നട്ടെല്ലിനും പൊട്ടലുണ്ട് എന്നാണ് സെന്‍ട്രല്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നത്.
വിവരങ്ങള്‍ മൊഴിയായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കാറോടിച്ചയാളെ പ്രതിയാക്കി കാണിച്ചാണ് ക്രൈം നമ്പര്‍ 1234/2024 എന്ന നമ്പറായി കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുലര്‍ച്ചെ ഒന്നേകാലോടെ അമിതവേഗതയില്‍ പാഞ്ഞ കാര്‍ മറ്റൊരു കാറിലും റോഡരികില്‍ ഉണ്ടായിരുന്ന രണ്ട് ബൈക്കുകളിലും ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ഇവരില്‍ നാശനഷ്ടം ഉണ്ടായവരുമായി സംസാരിച്ച് ഒത്തുതീര്‍പ്പ് ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ പരാതിയുമായി ആരും പോലീസിന് മുന്നിലെത്തിയില്ല.
വാഹനാപകടങ്ങളില്‍ പരാതി ലഭിക്കാതെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാറില്ല. ഈ സാഹചര്യത്തില്‍ തുടര്‍നടപടിയെല്ലാം ഒഴിവായെന്ന പ്രതീതി ഉണ്ടായിരിക്കെയാണ് സിനിമയിലെ അഭിനേതാക്കളില്‍ ഒരാളുടെ തന്നെ മൊഴിയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിന് കാരണം അനുമതിയില്ലാത്ത സിനിമാ ഷൂട്ടിംഗാണ്. ജോ ആന്‍ഡ് ജോ, 18 പ്ലസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അരുണ്‍ ജോസിന്റെ പുതിയ ചിത്രമാണ് ബ്രൊമാന്‍സ്. ആഷിക് ഉസ്മാന് നിര്‍മക്കുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.