കൊച്ചി: വൈറ്റിലയില്‍ ബാര്‍ ജീവനക്കാരും കൊച്ചി നഗരസഭ കൗണ്‍സിലറും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. ബാര്‍ ജീവനക്കാരിയെ കൗണ്‍സിലര്‍ മര്‍ദിച്ചെന്നാണ് ആരോപണം. എന്നാല്‍ ബാര്‍ ജീവനക്കാര്‍ മര്‍ദിച്ചത് തന്നെയാണെന്ന് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ പറയുന്നു. ബാറിനോട് ചേര്‍ന്നുള്ള തോട് ശുചീകരണവുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.

മുഖത്ത് അടിച്ചെന്നും കൈപിടിച്ച് തിരിച്ചെന്നും അസഭ്യം പറഞ്ഞുവെന്നും കൊച്ചിയിലെ ബാര്‍ ഹോട്ടല്‍ ജീവനക്കാരി പരാതിപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍ താന്‍ മര്‍ദിച്ചിട്ടില്ലെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ ഫോണ്‍ തട്ടിമാറ്റിയതാണെന്നും കൗണ്‍സിലര്‍ പറയുന്നു.

ശുചീകരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിഡിയോയില്‍ കൗണ്‍സിലറും ബാര്‍ ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നുണ്ട്. നിങ്ങളോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും ബാറിന്റെ ഉടമസ്ഥനോടാണ് സംസാരിക്കാന്‍ താല്‍പര്യമെന്നുമാണ് സുനിത ഡിക്‌സണ്‍ തര്‍ക്കത്തിനിടെ പറയുന്നത്.

എന്നാല്‍ ഞങ്ങളോട് സംസാരിച്ചാല്‍ മതിയെന്നും ചോദിക്കുമ്പോഴൊക്കെ പണം തന്നിട്ടുണ്ടെന്നും ജീവനക്കാര്‍ പറയുന്നുണ്ട്. ബാര്‍ ജീവനക്കാരില്‍ ഒരാളെ സുനിത അസഭ്യം പറയുന്നതും മര്‍ദിക്കുന്നതും വിഡിയോയില്‍ കാണാം.

രാവിലെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. തര്‍ക്കത്തിന്റെ ദൃശ്യം ഇരുവരും പകര്‍ത്തിയെന്നും ഇതിനിടയിലാണ് കൗണ്‍സിലര്‍ ബാര്‍ ഹോട്ടല്‍ ജീവനക്കാരിയെ മര്‍ദിച്ചതെന്നും പറയുന്നു.

ഹോട്ടല്‍ കൈയേറ്റം ഒഴിപ്പിച്ച് കാന ശുചീകരിക്കാനാണ് താന്‍ അവിടെ എത്തിയതെന്നാണ് കൗണ്‍സിലര്‍ പറയുന്നത്.അവിടെ എത്തിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ വളയുകയായിരുന്നുവെന്നാണ് കൗണ്‍സിലര്‍ പറഞ്ഞത്. കോണ്‍ട്രാക്ടര്‍ അടക്കമുള്ളവര്‍ തന്റെ കൂടെ ഉണ്ടായിരുന്നുവെന്നും ബാറില്‍ നിന്ന് ഇറങ്ങി വന്ന ജീവനക്കാര്‍ തന്റെ ജോലി തടസ്സപ്പെടുത്തുകയുമായിരുന്നുവെന്ന് കൗണ്‍സിലര്‍ വിശദീകരിച്ചു.

വൈറ്റില ജംഗ്ഷനിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഹോട്ടലിലെ ജീവനക്കാരിയെ അവിടുത്തെ യുഡിഎഫ് വനിതാ കൗണ്‍സിലറായ സുനിത ഡിക്‌സണ്‍ മര്‍ദിച്ചു എന്നാണ് പരാതി. ഹോട്ടല്‍ ജീവനക്കാരും മാനേജ്‌മെന്റും പറയുന്നത്, നേരത്തെ പല തവണ വനിത കൗണ്‍സിലര്‍ അവിടെ നിന്നും പണം വാങ്ങിയിട്ടുണ്ട്.

സമീപകാലത്ത് 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ ഹോട്ടല്‍ അവിടെയൊരു കയ്യേറ്റം നടത്തി എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു. അതിന്റെ ഭാ?ഗമായി ഇന്ന് കയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍, നോട്ടീസ് പോലും നല്‍കാതെ വനിത കൗണ്‍സിലര്‍ എത്തി. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കയ്യേറ്റം നടന്നതെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്. ഇവര്‍ മരട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും വീഡിയോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ തട്ടി മാറ്റുകയായിരുന്നെന്നും ആരോപണ വിധേയയായ കൗണ്‍സിലര്‍ സുനിത പറയുന്നു. ഹോട്ടല്‍ തോട് കൈയേറി വച്ചത് ചോദ്യം ചെയ്യുകയായിരുന്നു താന്‍ ചെയ്തത് എന്നും ഹോട്ടല്‍ ജീവനക്കാര്‍ തന്നെ മര്‍ദിക്കുകയായിരുന്നു എന്നുമാണ് കൗണ്‍സിലര്‍ സുനിതയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.