കൊച്ചി: കൊച്ചിയിൽ യുവതിയും പെൺമക്കളും വീടിന് മുകളിൽ നിന്നും താഴെ വീണു പരിക്കേറ്റു. ഹൈക്കോടതിക്ക് സമീപം കോമ്പാറ ചൂളക്കാപ്പറമ്പ് ലൈനിൽ ഫ്രാൻസിസിന്റെ മകൾ ആശ(38) മക്കളായ അലീസ(8), ആൻഡ്രിയ(11) എന്നിവരാണ് താഴെ വീണു പരിക്കേറ്റത്. ആത്മഹത്യാ ശ്രമമായിരുന്നോ എന്ന് സംശയമുണ്ട്.

കഴിഞ്ഞ ദിവസമാണ് ആശ വടുതലയിലുള്ള ഭർതൃ വീട്ടിൽ നിന്നും കുട്ടികളുമായി ഇവിടെയെത്തിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് വീടിന് മുകളിൽ നിന്നും ഇവർ മൂന്നു പേരും താഴേക്ക് പതിച്ചത്. ആശയും ആൻഡ്രിയയും കോൺക്രീറ്റ് നടപ്പാതയിലേക്കും അലീസ ഇരുമ്പ് ഷീറ്റിന് മുകളിലുമാണ് വീണത്. ആൻഡ്രിയയുടെ മുകളിലാണ് ആശ കിടന്നിരുന്നത്. തല പൊട്ടി ചോര വന്നിരുന്നു എന്ന് രക്ഷാ പ്രവർത്തനം നടത്തിയ വാട്ടർ അഥോറിറ്റി ജീവനക്കാരൻ പറയുന്നു.

പത്തരയ്ക്ക് ചൂളക്കാപ്പറമ്പ് പ്രദേശത്ത് വാട്ടർ അഥോറിറ്റിയുടെ റീഡിങ്ങ് എടുക്കാൻ വന്ന സജിയാണ് ആദ്യം യുവതിയും മക്കളും താഴെ വീണു കിടക്കുന്നത് കണ്ടത്. യുവതിയെ ഉയർത്താൻ ശ്രമിക്കുന്നതിനിടെ ചെവികളിൽ നിന്നും രക്തം വരുന്നത് കണ്ടതോടെ വേഗം തന്നെ നാട്ടുകാരെ വിളിച്ചു വരുത്തുകയും വാഹനം വിളിച്ച് കൊണ്ട് വന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയുമായിരുന്നു.

അപകടത്തിൽപ്പെട്ടവരെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്. പിന്നീട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ശേഷം മൂത്ത കുട്ടി ആൻഡ്രിയയുടെ നില ഗുരുതരമായതിനാൽ ന്യൂറോ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടസമയം ആശുയുടെ സഹോദരിയും മാതാപിതാക്കളും വീട്ടിൽ തന്നെയുണ്ടായിരുന്നു. കാലു തെന്നി വീണതാണെന്നും അപകടത്തിൽ അസ്വാഭാവികതയില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

എന്നാൽ വീടിന് മുകളിൽ നിന്നും മൂന്നു പേരും ഒരേപോലെ കാലു തെന്നി വീഴാൻ യാതൊരു സാഹചര്യവുമില്ല. സംരക്ഷണ ഭിത്തി കെട്ടിയിട്ടുള്ളതിനാൽ ഇതിനുള്ള സാധ്യത കുറവാണ്. അതു കൊണ്ട് തന്നെ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശയെ വിവാഹം കഴിച്ചിരിക്കുന്നത് 24 ന്യൂസ് ചാനലിന്റെ വീഡിയോ എഡിറ്റർ ലെനിനാണ്. വടുതലയിലെ താമസ്ഥലത്തിനടുത്തുള്ള അയൽക്കാരനുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.