കൊച്ചി: കുണ്ടന്നൂർ ജംക്ഷനിലെ 'ഒജീസ് കാന്താരി' ബാറിൽ വെടിവയ്പ് ഉണ്ടായ സംഭവത്തിൽ പരാതി വൈകാനുണ്ടായ സാഹചര്യം പരിശോധിക്കാൻ പൊലീസ്. വിവരം മറച്ചുവച്ച ബാർ ജീവനക്കാർക്കെതിരെ അന്വേഷണം നടത്തും. പരാതി വൈകിയത് പരിശോധിക്കുമെന്ന് കൊച്ചി കമ്മിഷണർ സി.എച്ച്.നാഗരാജു വ്യക്തമാക്കി. വെടിയുതിർത്ത റോജൻ പോൾ വധശ്രമക്കേസിലെ പ്രതിയാണെന്നും, തോക്ക് അഭിഭാഷകൻ ഹറോൺ ജോസഫിന്റേതാണെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഒജീസ് കാന്താരിയിലെ താപ്പാനയെന്ന ലോക്കൽ ബാറിലായിരുന്നു വെടിവയ്പ്. പരിശോധനയിൽ ഫൊറൻസിക് സംഘം തിര കണ്ടെടുത്തു. തോക്ക് പ്രതികളിൽനിന്ന് പിടികൂടിയിരുന്നു. വധശ്രമം ഉൾപ്പെടെ ജാമ്യം ലഭിക്കാത്ത ഗുരുതര വകുപ്പുകളാണ് അഭിഭാഷകൻ ഹറോൺ ജോസഫ്, സുഹൃത്ത് റോജൻ പോൾ എന്നിവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

ലൈസൻസ് നിബന്ധനകളുടെ ലംഘനം ഉൾപ്പെടെ ആയുധ നിയമത്തിലെ വകുപ്പുകൾ കൂടി പ്രതികൾക്കെതിരെ ചുമത്തി. മറ്റ് പ്രകോപനങ്ങളൊന്നും ഇല്ലാതെയുള്ള വെടിവയ്പ് പ്രതികളുടെ പ്രകടനമായിരുന്നെന്നു കമ്മിഷണർ വ്യക്തമാക്കി.

റോജൻ പോളിനെ ബാറിലെത്തിച്ച് തെളിവെടുത്തു. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വധശ്രമക്കേസിൽ ജയിലിലായിരുന്ന റോജൻ ജനുവരിയിലാണ് പുറത്തിറങ്ങിയത്. അഭിഭാഷകനോടൊപ്പം ഇയാൾ ബാറിലെത്താനുണ്ടായ സാഹചര്യവും പൊലീസ് അന്വേഷിക്കും. വെടിവയ്പിനു ശേഷം സ്ഥലംവിട്ട പ്രതികളെ ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്.

ഇന്നലെ വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. പ്രതികൾ മദ്യപിച്ച് ബില്ല് തുക കൊടുത്തതിനു ശേഷം പ്രകോപനം ഒന്നുമില്ലാതെ ചുവരിലേക്കു വെടിയുതിർക്കുകയായിരുന്നു. ബാർ ജീവനക്കാരും മറ്റുള്ളവരും സ്തംഭിച്ചു നിൽക്കേ ഇരുവരും ബാറിനു പുറത്തിറങ്ങി ഓട്ടോറിക്ഷയിൽ കടന്നു. സംഭവം നടന്ന് 3 മണിക്കൂറിനു ശേഷമാണ് ബാറുകാർ പൊലീസിൽ അറിയിച്ചത്. പൊലീസ് ഉടൻ എത്തി ബാർ ബന്തവസിലാക്കി. സിസിടിവി ദ്യശ്യങ്ങളിൽനിന്ന് യുവാക്കളുടെ ചിത്രം പൊലീസ് ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്.

ദേശീയപാതയോട് ചേർന്നുള്ള ബാറിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഹറോൺ ജോസഫ്, സുഹൃത്ത് റോജൻ പോൾ എന്നിവർ എത്തിയത്. രണ്ട് മണിക്കൂറോളം ലോക്കൽ ബാറായ താപ്പാനയിൽ ഇരുന്ന മദ്യപിച്ച ഇരുവരും നാല് മണിയോടെ ബില്ലിന്റെ പണം നൽകി പുറത്തേക്ക് ഇറങ്ങി. പുറത്തേക്ക് പോകുന്നതിനിടെ പെട്ടെന്നാണ് കൈയിലുണ്ടായിരുന്ന കവറിൽ നിന്നും റിവോൾവർ പുറത്തെടുത്ത് റോജൻ റിസപ്ഷനിലെ ഭിത്തിയിലേക്ക് രണ്ട് തവണ വെടിവച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു വെടിവയ്‌പ്പ് വെടിവപ്പിൽ അങ്കലാപ്പിലായ ജീവനക്കാർ എന്തു വേണമെന്നറിയാതെ നിൽക്കുമ്പോൾ ഇരുവരും കൂളായി പുറത്തേക്ക് ഇറങ്ങി മടങ്ങിപ്പോയി.

നാല് മണിയോടെയാണ് വെടിവപ്പുണ്ടായതെങ്കിലും ഉടനെ പൊലീസിൽ വിവരം അറിയിക്കാൻ ബാർ ജീവനക്കാരോ ബാറുടമയോ തയ്യാറായില്ല. ഏഴ് മണിയോടെയാണ് പൊലീസിനെ ബാറിൽ നിന്നും വിവരം അറിയിച്ചത്. സ്ഥലത്ത് എത്തിയ പൊലീസ് ബാറിന്റെ ഗേറ്റ് അടച്ച് മുഴുവൻ ജീവനക്കാരുടേയും മൊഴിയെടുത്തു. എക്സൈസ് ഉദ്യോഗസ്ഥരും ഇതേസമയം ബാറിലെത്തി പരിശോധന നടത്തി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് വെടിവച്ച ആളുടേയും ഒപ്പമുണ്ടായിരുന്ന ആളുടേയും ദൃശ്യങ്ങൾ കണ്ടെത്തി.

ഈ ദൃശ്യങ്ങൾ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ക്രിമിനലുകളുടെ ലിസ്റ്റിലും ചിത്രം ഉപയോഗിച്ച് പരിശോധന തുടങ്ങി. വ്യാപക പരിശോധനയ്ക്ക് ഒടുവിൽ ഒരു ക്രിമിനൽ കേസിൽ ജയിൽ മോചിതനായ റോജനാണ് വെടിവച്ചയാൾ എന്ന് പൊലീസ് കണ്ടെത്തി. റോജനെ ജാമ്യത്തിലെടുത്ത അഭിഭാഷകൻ ഹറോൺ ജോസഫ്, ഒപ്പമുണ്ടായിരുന്നതെന്നും വ്യക്തമായി.

ആളെ തിരിച്ചറിഞ്ഞതോടെ റോജനായി നഗരത്തിന് പുറത്തേക്കും പൊലീസ് പരിശോധന വ്യാപിപ്പിച്ചു. വൈകാതെ രാത്രി പത്ത് മണിയോടെ എറണാകുളം - ആലപ്പുഴ ജില്ലാ അതിർത്തിയിൽ നിന്നും പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. എയർഗണോ നാടൻ തോക്കോ വച്ചാവാം വെടിവച്ചതെന്നായിരുന്നു പൊലീസിന്റെ നിഗമനമെങ്കിലും റോജനെ പിടികൂടി നടത്തിയ പരിശോധനയിൽ ആയുധം റിവോൾവർ തന്നെയെന്ന് വ്യക്തമായി.