കൊച്ചി: കൊച്ചി കൂട്ട ബലാത്സംഗ കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പീഡനത്തിനിരയായ പെൺകുട്ടി. ബാറിൽ തന്നെ കൊണ്ടുപോയത് സുഹൃത്ത് ഡോളിയെന്നും തനിക്ക് തന്ന ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്നും പെൺകുട്ടി പറഞ്ഞു. അവശയായ തന്നോട് ഡോളി സുഹൃത്തുക്കളുടെ കാറിൽ കയറാൻ ആവശ്യപ്പെട്ടു. നഗരത്തിൽ വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെ മൂവരും പീഡിപ്പിച്ചു. പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും യുവതി പറയുന്നു.

പീഡനത്തിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി. അവിടെവെച്ച് പ്രതികരിക്കാൻ ഭയമായിരുന്നു. പിന്നെ ബാറിൽ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിച്ചു. പരാതിയിൽ ഉറച്ച് നിൽക്കുന്നതായും യുവതി പറഞ്ഞു. പത്തൊൻപത് വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. സുഹൃത്തായ രാജസ്ഥാൻ സ്വദേശിനി ഡോളി(ഡിംപിൾ ലാംബ)യാണ് ബാറിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഡോളി ഷോർട്ട് ഫിലിമുമായി ബന്ധപ്പെട്ടാണ് യുവതിക്ക് പരിചയം. പരസ്യ ചിത്ര നിർമ്മാണത്തിന് എത്തിയതാണ് കാസർകോട്ടുകാരി. ഡോളിയെ വിശ്വസിച്ചാണ് ബാർ ഹോട്ടലിൽ എത്തിയത്. ഡോളിക്ക് ഉന്നത ബന്ധങ്ങൾ ഏറെയാണ്. അതുകൊണ്ട് തന്നെ ഈ കേസ് അട്ടിമറിക്കപ്പെടാനും സാധ്യത ഏറെ. കൂടുതൽ പേരിലേക്ക് ഈ അന്വേഷണമെത്തിയാൽ വമ്പൻ മാഫിയയാകും പുറത്തു വരിക.

എന്നാൽ ഡോളി ചതിക്കുകയായിരുന്നു. കുഴഞ്ഞു വീണ യുവതിയെ കാർ പോർച്ചിൽ എത്തിച്ചത് ഡോളിയാണ്. ഥാർ കാറിൽ കയറ്റിയ ശേഷം അകത്തു ചിലരോട് സംസാരിക്കാനുണ്ടെന്നും ഇപ്പോൾ വരാമെന്നും പറഞ്ഞ് പോവുകയായിരുന്നു. കാറിൽ ഇരുന്നപ്പോൾ യുവാക്കൾ അതുമായി പോയി. പിന്നീട് ഇതേ സ്ഥലത്തു എത്തി. ആസൂത്രിത ഗൂഢാലോചന ഇതിലെല്ലാം ഉണ്ടെന്നാണ് സൂചന. യുവാക്കൾക്ക് ചതിയിലൂടെ ഇരയെ എറിഞ്ഞു കൊടുക്കുകയായിരുന്നു ഡോളിയെന്നാണ് സംശയം. മയക്കു മരുന്ന് മാഫിയയേയും സംശയിക്കാം. ഇപ്പോഴും ഡോളിയുടെ ചിത്രം പോലും പുറത്തു പോകാതിരിക്കാൻ പൊലീസ് ജാഗ്രത കാട്ടുന്നുണ്ട്. ഇതിന് പിന്നിൽ ചില വമ്പന്മാരുണ്ടെന്നാണ് സൂചന.

സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ഒരു സുഹൃത്താണ് സംഭവമറിഞ്ഞ് ഇന്നലെ പകൽ പൊലീസിനെ അറിയിച്ചത്. തുടർന്ന് യുവതിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്നു ചെറുപ്പക്കാരാണ് ആസൂത്രിത ബലാത്സംഗത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. ഇവരെ ഇന്നലെ വൈകോട്ടെടെ കസ്റ്റഡിയിൽ എടുത്തു. ബലാത്സംഗത്തിന് ഒത്താശ ചെയ്‌തെന്ന കുറ്റമാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഡോളിയെ തനിക്ക് നേരത്തെ പരിചയമുണ്ട് ഇവർക്കൊപ്പമാണ് ഹോട്ടലിലെ ബാറിലേക്ക് പോയത്. പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ഡോളിയെ പരിചയം. ഇവർക്കൊപ്പം നേരത്തെയും പുറത്ത് പോയിട്ടുണ്ട്. ഈ വിശ്വാസത്തിലാണ് ബാറിലേക്ക് പോയത്. ബിയർ മാത്രമാണ് കഴിച്ചത്. രണ്ടാമത്തെ ഗ്ലാസ് കഴിച്ചപ്പോഴേക്കും അവശതയുണ്ടായി. ഇതിൽ പൊടി ചേർത്തിട്ടുണ്ടോയെന്നാണ് സംശയം. അപ്പോൾ തന്നെ ഇവർ തന്നെയുമെടുത്ത് ഹോട്ടലിലെ പാർക്കിങ് ഏരിയയിലേക്ക് പോയി. തുടർന്ന് തന്റെ സുഹൃത്തുക്കളാണ് ഇവരെന്നും കാറിൽ ഇരുന്നോയെന്നും പറയുകയായിരുന്നു. ബാറിനകത്ത് തന്റെ മറ്റ് സുഹൃത്തുക്കളുണ്ടെന്നും അവരെക്കണ്ട് മടങ്ങിവരാമെന്നും ഡോളി പറഞ്ഞു. ഇവിടെയാണ് ചതി സംശയിക്കുന്നത്.

വാഹനത്തിൽ കയറ്റിയ ഉടൻ തന്നെ ഇവർ വണ്ടിയെടുത്ത് നഗരത്തിലേക്ക് പോവുകയായിരുന്നു. തുടർന്നാണ് സഞ്ചരിക്കുന്ന വണ്ടിയിൽവെച്ച് ബലാത്സംഗം ചെയ്തത്. ഉറക്കെ കരയാനോ, പ്രതികരിക്കാനോ ആകാത്ത സ്ഥിതിയിലായിരുന്നു താനെന്നും യുവതി പറയുന്നു. കേസിൽ രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാംബ, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, സുദീപ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളായ മൂന്ന് യുവാക്കളും ഡിംപിളിന്റെ സുഹൃത്തുക്കളാണെന്നാണ് വിവരം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ 45 മിനിറ്റോളം ഇവർ സഞ്ചരിക്കുകയും യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. തുടർന്ന് യുവാക്കൾ ഒരു ഹോട്ടലിൽ ഇറങ്ങി ഭക്ഷണം വാങ്ങി.

ഇതിനുശേഷം വീണ്ടും ബാറിലെത്തി ഡിംപിളിനെയും വാഹനത്തിൽ കയറ്റി. തുടർന്നാണ് യുവതിയെ കാക്കനാട്ടെ താമസസ്ഥലത്ത് എത്തിച്ചത്. പ്രതികൾ യുവതിയുമായി സഞ്ചരിച്ച കാറിലും ഇവർ പോയ ഹോട്ടലിലും ബാറിലും ഉൾപ്പെടെ പൊലീസ് സംഘം പരിശോധന നടത്തി. സംഭവത്തിൽ അറസ്റ്റിലായ ഡിംപിൾ, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, സുദീപ്, നിതിൻ എന്നിവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുള്ള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും കൂട്ടിക്കൊണ്ടുപോകുന്നത്. കൊച്ചി എം ജി റോഡിലെ ഡാൻസ് ബാറിലേക്കാണ് ഇവർ പോയത്.

മോഡലായ കാസർകോട് സ്വദേശിനിയായ പത്തൊൻപതുകാരി ക്രൂര പീഡനത്തിനിരയായത് ഡി.ജെ പാർട്ടിക്കിടെയാണ്. എറണാകുളത്തെ വിവാദമായ ഹാർബർ വ്യൂ ഹോട്ടലിലെ ഫ്‌ളൈഹൈ പബ്ബിലെ ഡി.ജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മൂന്നു പേർ ചേർന്ന് ഇവരെ ക്രൂര പീഡനത്തിനിരയാക്കിയത്. പീഡനത്തിൽ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ മാരകമായി പരിക്കേൽക്കുകയും ചെയ്തു. 17 ന് വൈകുന്നേരം 6 മണിക്കാണ് ഹാർബർ വ്യൂ ഹോട്ടലിലെ പബ്ബിൽ ഡി.ജെ പാർട്ടി ആരംഭിച്ചത്. പീഡനത്തിന് ശേഷം യുവതിയെ കാക്കനാടുള്ള താമസ്ഥലത്ത് ഉപേക്ഷിക്കുകയും പിറ്റേ ദിവസം ശാരീരിക പ്രശ്‌നങ്ങൾ മൂലം തൃക്കാക്കര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

രാജസ്ഥാൻ സ്വദേശിനിയായ ഡോളി ഏറെ നാളായി എറണാകുളത്താണ് താമസം. ഇവർ പലർക്കും യുവതികളെ പണത്തിന് കാഴ്ചവയ്ക്കുന്ന രീതിയാണുള്ളതെന്ന് പറയുന്നു. എറണാകുളത്തെ സെക്‌സ് മാഫിയയുമായി ഇവർക്ക് ബന്ധമുണ്ട്. ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ പല വമ്പന്മാരുടെയും വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

തൃക്കാക്കര സഹകരണ ആശുപത്രിയിൽ നിന്ന് എറണാകുളം ഇൻഫോ പാർക്ക് പൊലീസിനാണ് പരാതി ലഭിച്ചത്. തുടർന്ന് ആശുപത്രിയിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് സംഭവം നടന്ന പൊലീസ് സ്റ്റേഷൻ പരിധിയായ എറണാകുളം സൗത്തിലേയ്ക്കു കൈമാറുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം പിടിയിലായത്. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. ഫ്‌ളൈ ഹൈ പബ്ബ് കഴിഞ്ഞ ജൂണിൽ പൊലീസും എക്‌സൈസും പൂട്ടിച്ചതായിരുന്നു. പബ്ബിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ കഞ്ചാവ് കണ്ടെത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ പ്രവർത്തി സമയം കഴിഞ്ഞും ബാർ പ്രവർത്തിക്കുന്നത് പതിവാണ്.

ഇതൊക്കെ മൂലം പൊലീസിന് വലിയ തലവേദനയായി മാറിയിരിക്കുകയായിരുന്നു ഈ ഹോട്ടൽ. ഇതോടെ കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരം ഹോട്ടലിന്റെ ലൈസൻസ് റദ്ദു ചെയ്യാൻ സൗത്ത് പൊലീസ് എക്സൈസിന് ശുപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടൽ പൂട്ടിയത്. എന്നാൽ ഉന്നത പിടിപാട് മൂലം ഇത് വീണ്ടും ആരംഭിക്കുകയായിരുന്നു. മാർച്ച് 11 നാണ് ഹാർബർ വ്യൂഹോട്ടലിൽ ഫ്‌ളൈഹൈ പബ്ബ് പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലെ ആദ്യ പബ് എന്ന തലക്കെട്ടോടെ ഹാർബർ വ്യൂവിലെ നൈറ്റ് പാർട്ടി ദൃശ്യങ്ങൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇതോടെ ഇവിടേക്ക് യുവാക്കളുടെയും യുവതികളുടെയും ഒഴുക്കായിരുന്നു.