കൊച്ചി: സംസ്ഥാനത്തെ നടുക്കിയ കൂട്ടബലാത്സംഗമാണ് കൊച്ചിയിൽ രണ്ട് ദിവസം മുമ്പ് അരങ്ങേറിയത്. ബിയറിൽ മയക്കുമരുന്നു കലർത്തിയ മയക്കിയ ശേഷം 19കാരി പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. 45 മിനിറ്റ് കൊച്ചി നഗരത്തിൽ ബൊലേറോ ജിപ്പിൽ കറങ്ങിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. 45 മിനിറ്റിനുള്ളിൽ ജീപ്പ് നഗരത്തിലുണർന്നിരിക്കുന്ന പൊലീസിന്റെയും നിരീക്ഷണ കാമറകളുടെയും മുന്നിലൂടെ നിരവധി തവണയാണ് കടന്നുപോയത്. ബഹളം വെക്കാനോ ഒച്ചയെടുക്കാനോ ഓടി രക്ഷപ്പെടാനോ പറ്റുന്ന ശാരീരിക അവസ്ഥയിലായിരുന്നില്ല എന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്.

താൻ 45 മിനിറ്റ് ഓർക്കാൻ പോലും ആഗ്രഹിക്കുന്നില്ലെന്നാണ് പെൺകുട്ടി പറഞ്ഞത്. പരസ്യചിത്രങ്ങളിൽ അവസരം വാഗ്ദാനം ചെയ്താണ് സുഹൃത്ത് ഡോളി പെൺകുട്ടിയുമായി സൗഹൃദത്തിലായത്. ഈ മേഖലകളിൽ ജോലി ചെയ്യുന്നവരെ പരിചയപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയെ ഡോളി കെണിയിൽ പെടുത്തിയതാണെന്ന് സൂചന. പുറത്തുവരുന്നത് വലിയ സെക്‌സ് മാഫിയയെ കുറിച്ചാണ്.

സംഭവദിവസം രാത്രി എട്ടോടെ ഭക്ഷണം കഴിക്കാനിറങ്ങിയ പെൺകുട്ടിയെ ഡോളി ഡി.ജെ പാർട്ടിയുണ്ടെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടുപോയി. എന്നാൽ, അറ്റ്‌ലാന്റിസ് ജങ്ഷനിലെ ഡാൻസ് ബാറിലേക്ക് ഡോളി നിർബന്ധിച്ച് കയറ്റി. ആദ്യ ഗ്ലാസ് ബിയർ കുടിച്ചു, അതിനിടെ ഡോളിയെ കാണാൻ മൂന്ന് പേർ ബാറിലെത്തി വൈകാതെ അവർ ഇറങ്ങി.

രണ്ടാമത്തെ ഗ്ലാസ് ബിയർ ഡോളിയാണ് നൽകിയത്. അത് കുടിച്ചപ്പോൾ രുചി വ്യത്യാസം തോന്നി. ശരീരം കുഴയുന്ന അവസ്ഥയുണ്ടായി. മദ്യലഹരിയിൽ കുഴഞ്ഞു വീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞാണ് ഡോളി തന്നെ കൂട്ടി പാർക്കിങ്ങിലെത്തിയത്. അവിടെ നേരത്തേ ഡോളിയെ കാണാനെത്തിയവർ വാഹനത്തിലുണ്ടായിരുന്നു. അവശയായ തന്നോട് ആ വാഹനത്തിൽ കയറാൻ നിർബന്ധിച്ചത് ഡോളിയായിരുന്നു. താൻ കയറിയശേഷം 10 മിനിറ്റിനകം വരാമെന്ന് പറഞ്ഞ് ഡോളി പബ്ബിൽ പോയി. എന്നാൽ, ഡോളി വരുംമുമ്പ് അവർ വാഹനവുമായി പുറപ്പെട്ടു.

ക്രൂരമായ ലൈംഗിക അതിക്രമത്തിനുശേഷം ഇവർ ഭക്ഷണം വാങ്ങാനായി തന്നെയും കൂട്ടി ഹോട്ടലിൽ ഇറങ്ങി. അപ്പോഴും താൻ ശാരീരികമായും മാനസികമായും മരവിച്ച അവസ്ഥയിലായിരുന്നു. എല്ലാവരെയും പേടിയോടെയാണ് കണ്ടത്. ജീപ്പിലിരുന്നു പൊട്ടിക്കരഞ്ഞു. അതിനിടെ വാഹനം വീണ്ടും പബ്ബിലെത്തി. അവിടെ ഡോളിയുണ്ടായിരുന്നു. അവർ ജീപ്പിൽ കയറിയെങ്കിലും ഒന്നും പറയാൻ പറ്റിയിരുന്നില്ല. തുടർന്ന് അവർ കാക്കനാടുള്ള ഹോട്ടലിനു മുന്നിൽ ഇറക്കിവിട്ടു.

താമസസ്ഥലത്തെത്തിയപ്പോഴാണ് ശാരീരികമായി എത്രത്തോളം മുറിപ്പെട്ടുവെന്ന് അറിഞ്ഞത്. തുടർന്ന് സുഹൃത്തിനോട് പറഞ്ഞ് കാക്കനാട്ടെ ആശുപത്രിയിലേക്ക് പോയി. കൂടുതൽ ചികിത്സക്കാണ് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. അവിടെ നിന്നാണ് പൊലീസ് മൊഴിയെടുത്തത്. ആദ്യം ഡോളിയെയും പിന്നാലെ മറ്റുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബലാത്സംഗത്തിന് ഒത്താശ ചെയ്‌തെന്ന കുറ്റമാണ് ഡോളിക്കെതിരെ ചുമത്തിയത്.

അതിജീവിതയുടെ സുഹൃത്തും മോഡലുമായ രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാംബ (21ഡോളി), കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ (26), മേത്തല നിഥിൻ മേഘനാഥൻ (35), കാവിൽകടവ് ടി.ആർ. സുധീപ് (34) എന്നിവരാണ് പീഡന കേസിൽ അറസ്റ്റിലായത്. സംഭവം പുറത്തുവന്നത് ആശുപത്രി അധികൃതരുടെ ഇടപെടൽമൂലം. പീഡനത്തിനിരയായ പെൺകുട്ടിക്കു കലശലായ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്നാണ് ആശുപത്രിയെ സമീപിച്ചത്. സംഭവിച്ചതെന്താണെന്ന് ആശുപത്രി അധികൃതർ തിരക്കിയെങ്കിലും യുവതി ആദ്യം പറയാൻ മടിച്ചു. യുവതി നേരിട്ടതു ക്രൂരമായ പീഡനമാണെന്നു ബോധ്യമായ ആശുപത്രി അധികൃതർ ആവർത്തിച്ചു ചോദിച്ചപ്പോഴാണ് നിജസ്ഥിതി വെളിപ്പെടുത്തിയത്.

പിന്നാലെ കാക്കനാട് ഇൻഫോർ പാർക്ക് പൊലീസിൽ ആശുപത്രിയിൽനിന്നു വിവരമറിയിച്ചു. സംഭവം സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ഇൻഫോ പാർക്ക് പൊലീസ് കേസ് അവിടേക്കു കൈമാറി. തിടുക്കത്തിൽ അന്വേഷണം ഊർജിതമാക്കിയതുകൊണ്ടു പ്രതികളെ വേഗത്തിൽ പിടികൂടാനും സാധിച്ചു. ഇരയായ പെൺകുട്ടി സംഭവത്തിൽ പരാതി നൽകിയിരുന്നില്ല. തൃക്കാക്കര സഹകരണ ആശുപത്രിയാണ് സത്യം പുറത്തെത്തിച്ചത്.