- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആറു ചാക്കുകളില്‍ മൂന്നരക്കോടി എത്തിച്ചെന്ന് പോലീസിന് മൊഴി നല്‍കി തിരൂര്‍ സതീശ്; തുടരന്വേഷണം ആരംഭിക്കാത്തതിനാല്‍ തിരൂര്‍ സതീശില്‍ നിന്നും എസിപി മൊഴി എടുത്തത് രഹസ്യമായി; ഇഡി അന്വേഷണം എവിടേയും എത്തിയില്ലെന്ന് കോടതിയെ അറിയിക്കും; ബിജെപിയെ കുടുക്കാന്‍ വീണ്ടും കൊടകര; കോടതി നിലപാട് നിര്‍ണ്ണായകം
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ കേരള പോലീസ് പുനരന്വേഷണം തുടങ്ങുന്നത് പ്രത്യേക എഫ് ഐ ആര്‍ ഇടാനാകുമോ എന്ന സാധ്യത തേടി. ഇരിങ്ങാലക്കുട കോടതിയില്‍ രണ്ടുഘട്ടങ്ങളിലായി കുറ്റപത്രം നല്‍കിയ പ്രത്യേക അന്വേഷണസംഘമാണ് പുനരന്വേഷണം ആരംഭിച്ചത്. പ്രത്യേക അന്വേഷണസംഘത്തലവനായിരുന്ന ഡിവൈ.എസ്.പി. വി.കെ. രാജുവാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. കോടതി അനുമതിയോടെ കേസ് പുനരന്വേഷിക്കാനുള്ള സാധ്യത തേടും. ഇതിനൊപ്പം പുതിയ എഫ് ഐ ആറും പരിഗണിക്കും. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷില്‍നിന്ന് മൊഴിയെടുത്തു. പാര്‍ട്ടിനേതാക്കളുടെ സമ്മര്‍ദം കാരണം വ്യാജമൊഴിയാണ് മുമ്പ് നല്‍കിയിരുന്നതെന്നും ആറു ചാക്കുകളിലാക്കി മൂന്നരക്കോടിരൂപ ഓഫീസില്‍ എത്തിച്ചെന്നുമാണ് പുതിയ മൊഴി. ഇക്കാര്യം കോടതിയെ അറിയിക്കും. കോടതി സമ്മതത്തോടെ മുമ്പോട്ട് പോകാനാണ് പ്രാഥമിക നിഗമനം.
തുടരന്വേഷണം ഔദ്യോഗികമായി ആരംഭിക്കാത്തതിനാല്‍ നോട്ടീസ് നല്‍കി സതീശിന്റെ മൊഴിയെടുക്കുന്നതില്‍ സാങ്കേതികപ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി വി.കെ രാജു രഹസ്യമായി സതീശിനെക്കണ്ട് മൊഴിയെടുത്തു. ഈ മൊഴിയില്‍ വെളിപ്പെടുത്തലില്‍ പറഞ്ഞ കാര്യങ്ങള്‍ സതീശ് ആവര്‍ത്തിച്ചതിനാല്‍ ഉടന്‍ തന്നെ തുടരന്വേഷണാവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജി വിചാരണക്കോടതിയായ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കും. പുതിയ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാണിക്കുന്നതിനാല്‍ ആവശ്യം തള്ളില്ലെന്നാണ് ആഭ്യന്തര വകുപ്പിന് ലഭിച്ച നിയമോപദേശം. ഇഡി അന്വേഷണം എവിടെയും എത്തിയില്ലെന്ന കാര്യവും കോടതിയെ അറിയിക്കും. കോടതി നിലപാടാകും ഈ കേസില്‍ അതിനിര്‍ണ്ണായകമായി മാറുക.
പാര്‍ട്ടി ഓഫീസില്‍ എത്തിയ ചാക്കുകളില്‍ പാര്‍ട്ടിയുടെ കൊടിതോരണങ്ങളാണെന്നാണ് സതീഷ് മുമ്പ് മൊഴി നല്‍കിയത്. ഈ മൊഴി കോടതിയില്‍ തിരുത്തി സത്യം പറയാനിരിക്കുകയായിരുന്നെന്നും വെള്ളിയാഴ്ച വെകീട്ട് സതീഷ് അന്വേഷണസംഘത്തിന് മുന്നില്‍ വെളിപ്പെടുത്തി. ഇതുള്‍പ്പെടുത്തി പുതിയ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് തിങ്കളാഴ്ച കോടതിയുടെ അനുമതി തേടുമെന്നാണ് സൂചന. കൊടകരയില്‍ പിടികൂടിയ മൂന്നരക്കോടിയുടെ കുഴല്‍പ്പണം ബി.ജെ.പി. ഓഫീസില്‍ എത്തിച്ചാണ് കടത്തിയതെന്ന് തിരൂര്‍ സതീഷ് കഴിഞ്ഞദിവസമാണ് വെളിപ്പെടുത്തിയിരുന്നു. ഈ കേസില്‍ ഇ.ഡി., ആദായനികുതിവകുപ്പ്, തിരഞ്ഞെടുപ്പ് കമ്മിഷന്‍, കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്നിവര്‍ക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കിയുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
2021ലെ നിമയസഭാ തിരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പി.ക്കായി കേരളത്തിലെത്തിച്ച് വിതരണംചെയ്തത് 41.4 കോടിയാണെന്ന കേരള പോലീസിന്റെ റിപ്പോര്‍ട്ടിന് കേന്ദ്രതലത്തില്‍ പൂര്‍ണ അവഗണനയാണ് ഉണ്ടായത്. കേരള പോലീസ് മേധാവി 2022 ജൂണിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം, ഇ.ഡി., ആദായനികുതിവകുപ്പ്, തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നിവയ്ക്ക് റിപ്പോര്‍ട്ട് അയച്ചത്. രണ്ടരവര്‍ഷമായിട്ടും ഒരു നടപടിയുമുണ്ടായില്ല. കൊടകരസംഭവത്തിലെ ഹവാലസംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം മേധാവി വി.കെ. രാജു, കൊച്ചിയിലെ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കത്തയച്ചിരുന്നു.
2021 മാര്‍ച്ച് അഞ്ചുമുതല്‍ ഏപ്രില്‍ അഞ്ചുവരെയാണ് 41.4 കോടി വിതരണം ചെയ്തതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പണം വാങ്ങിയവരും നല്‍കിയവരും തമ്മില്‍ നടന്ന ഫോണ്‍ വിളികളുടെ രേഖകളും ഇവര്‍ ഒരേപ്രദേശത്ത് വന്നതിന്റെ തെളിവുകളും പണം കൈമാറിയതിന്റെ വിവരങ്ങളും സഹിതമാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നിട്ടും അന്വേഷിച്ചില്ല. ഈ സാഹചര്യത്തില്‍ കേരളാ പോലീസ് നടത്തുന്ന പുനരന്വേഷണത്തിന് സാധ്യത ഏറെയാണ്. കേന്ദ്ര ഏജന്‍സികളുടെ ഒരു അന്വേഷണവും ഉണ്ടാകാതിരുന്നതിനാല്‍ 2023 ഓഗസ്റ്റില്‍ ഇക്കാര്യം സൂചിപ്പിച്ച് റിപ്പോര്‍ട്ട് അയച്ചെങ്കിലും അതിലും മറുപടിയും നടപടിയുമുണ്ടായില്ല. ഈ വിവാദത്തിനാണ് തിരൂര്‍ സതീശിന്റെ മൊഴിയില്‍ വഴിത്തിരിവുണ്ടാകുന്നത്.
വെളിപ്പെടുത്തല്‍ ബി.ജെ.പി. നേതൃത്വം നിഷേധിച്ചിട്ടുണ്ടെങ്കിലും അത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് വാഹനം തട്ടിക്കൊണ്ടുപോയി മൂന്നരക്കോടിയുടെ കുഴല്‍പ്പണം കൊടകരയില്‍ കവര്‍ച്ചചെയ്യപ്പെട്ടത്. ഡ്രൈവറുടെ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് ഇത് ബി.ജെ.പി. കര്‍ണാടകയില്‍നിന്നെത്തിച്ച് കേരളത്തില്‍ വിതരണംചെയ്യാനായി കൊണ്ടുപോയ കുഴല്‍പ്പണമാണെന്ന് കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. അന്വേഷണത്തില്‍ ബാഹ്യസമ്മര്‍ദവും ഇടപെടലുകളും ഉണ്ടായതിനാല്‍ കുഴല്‍പ്പണം കവര്‍ന്നസംഭവം മാത്രമാണ് അന്വേഷിച്ചത്. പണം കവര്‍ന്ന സംഘാംഗങ്ങളെ മാത്രമാണ് പ്രതിചേര്‍ത്തത്. പണം കേരളത്തിലേക്ക് കടത്തിയ ബി.ജെ.പി. അനുഭാവിയും വ്യാപാരിയുമായ ധര്‍മരാജനെപ്പോലും പ്രതി ചേര്‍ത്തില്ല. ബി.ജെ.പി.നേതാക്കളുള്‍പ്പെടെ 19 പേരെ സാക്ഷികളാക്കി. മൂന്നരക്കോടിയില്‍ 1.40 കോടി കണ്ടെത്താനുമായില്ല.
തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബുമായി കൂടിക്കാഴ്ച നടത്തി. കോടതിയുടെ അനുമതിയോടെയാകും അന്വേഷണത്തിലേക്ക് കടക്കുക. കേസില്‍ കൂടുതല്‍ തെളിവ് ലഭിച്ചാല്‍ തുടരന്വേഷണമാകാമെന്ന് കുറ്റപത്രം നല്‍കിയ ഘട്ടത്തില്‍ അന്വേഷകസംഘം കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് ആലോചിക്കുന്നത്. പണം കൊണ്ടുവന്ന ബിജെപി അനുഭാവി ധര്‍മരാജന്‍ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ളയാളാണെന്നാണ് ആരോപണം. സുരേന്ദ്രന്റെ അറിവോടെയും സംസ്ഥാന ഓഫീസ് സെക്രട്ടറിയായ ഗിരീശന്‍ നായര്‍, കോ ഓര്‍ഡിനേറ്റിങ് സെക്രട്ടറി എം ഗണേഷ് എന്നിവരുടെ നിര്‍ദേശ പ്രകാരവും ധര്‍മരാജന്‍ ബംഗളൂരുവില്‍നിന്നും തന്റെ ഡ്രൈവര്‍ ഷിജിനെ നിയോഗിച്ച് പണം കടത്തുകയായിരുന്നുവെന്നാണ് ആരോപണം.
ഇതിലെ അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) ആദായനികുതി വകുപ്പും നടത്തേണ്ടതായതിനാല്‍ തുടര്‍നടപടികള്‍ക്കായി ഇവര്‍ക്ക് കുറ്റപത്രത്തിന്റെ പകര്‍പ്പ് സഹിതം വിശദ റിപ്പോര്‍ട്ട് നല്‍കി. ഈ സാഹചര്യത്തില്‍ നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരംതന്നെ തുടരന്വേഷണത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.