തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പുസമയത്ത് തൃശൂരിലെ ബിജെപി ജില്ലാകമ്മിറ്റി ഓഫീസില്‍ 9 കോടിരൂപ കുഴല്‍പ്പണം എത്തിച്ചെന്ന മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തലില്‍ പൊലീസ് തുടരന്വേഷണം ഉടന്‍ തുടങ്ങും. അന്വേഷണാനുമതിക്കായി തിങ്കളാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉടന്‍ അനുമതി ലഭിക്കുമെന്നാണ് സൂചന.

തുടരന്വേഷണത്തിനായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസ് സംഘം രൂപീകരിക്കാന്‍ ആലോചന. മുന്‍പ് ഡിഐജിയായിരുന്ന എ. അക്ബറിന്റെ നേതൃത്വത്തിലായിരുന്നു കുഴല്‍പ്പണ കേസിന്റെ അന്വേഷണം നടന്നിരുന്നത്. ഇപ്പോള്‍ ഐജിയായി സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. അന്നത്തെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെല്ലാം ഇപ്പോള്‍ വിവിധ ജില്ലകളിലായി ജോലി നോക്കുകയാണ്. ഇവരെയെല്ലാം ഏകോപിപ്പിച്ച് അന്വേഷണ സംഘം രൂപീകരിക്കാന്‍ കഴിയുമോ എന്നാണ് പോലീസ് ആസ്ഥാനത്തെ ആലോചന.

കൊടകരയില്‍വച്ച് കുഴല്‍പ്പണം കവര്‍ന്നകേസ് അന്വേഷിച്ച ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അതേ പടി തുടര്‍ന്നേക്കും. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എം കെ ഉണ്ണിക്കൃഷ്ണനുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ വി കെ രാജു ഞായര്‍ രാത്രി കൂടിക്കാഴ്ച നടത്തി. നിര്‍ണായക വെളിപ്പെടുത്തലുകളാണ് സതീശ് നടത്തിയത്. തൃശൂര്‍ ബിജെപി ഓഫീസില്‍ ആറു ചാക്കുകളിലായി 9 കോടി രൂപ എത്തിയെന്നും കുഴല്‍പ്പണം കടത്തിയ ധര്‍മരാജനെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ജില്ലാപ്രസിഡന്റ് കെ കെ അനീഷ്‌കുമാര്‍ എന്നിവര്‍ പരിചയപ്പെടുത്തിയെന്നുമാണ് സതീശ് പറഞ്ഞത്. ജില്ലാ ട്രഷറര്‍ സുജയസേനനും ധര്‍മരാജനും കൂടെയുള്ളവരും ചേര്‍ന്നാണ് പണച്ചാക്ക് ഓഫീസിനുമുകളിലേക്ക് കയറ്റിയത്. പണം കെട്ടുകളിലാക്കി മേശപ്പുറത്ത് വയ്ക്കുന്നത് കണ്ടതായും വെളിപ്പെടുത്തി.

ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കി കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചത്. കോടതി അനുമതി ലഭിച്ചാല്‍ മുന്‍പ് അന്വേഷിച്ച സംഘത്തെകൊണ്ടുതന്നെ തുടരന്വേഷണം നടത്തുന്ന കാര്യമാണു പരിഗണിക്കുന്നത്. അതേസമയം, ഉപതെരഞ്ഞെടുപ്പു മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണം നടത്തുമെന്ന പ്രഖ്യാപനം സര്‍ക്കാരില്‍ നിന്നുണ്ടാകുന്നതെന്നാണു പ്രതിപക്ഷ ആരോപണം. ബിജെപി- സിപിഎം കൂട്ടുകെട്ടില്‍ നിന്നു ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണിതെന്നു പ്രതിപക്ഷം ആരോപിക്കുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി കള്ളപ്പണം എത്തിച്ചതിന്റെ കണക്കുകള്‍ വ്യക്തമാക്കി ഇടപാടുകാരന്‍ ധര്‍മരാജന്റെ കൂടുതല്‍ മൊഴിവിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കൂടുതല്‍ കള്ളപ്പണം എത്തിച്ചത് തൃശൂരിലാണെന്നും 12 കോടി രൂപയോളം ജില്ലയില്‍ നല്‍കിയെന്നും മൊഴിയില്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ പതിനൊന്നര കോടി രൂപ തിരുവനന്തപുരത്ത് വിതരണം ചെയ്തെന്നും ധര്‍മരാജന്‍ മൊഴി നല്‍കി. പാലക്കാട്ടേയ്ക്കുള്ള നാലരക്കോടി രൂപ സേലത്ത് വച്ച് കവര്‍ച്ച ചെയ്യപ്പെട്ടെന്നും മൊഴിയില്‍ പറയുന്നു. 2021 മാര്‍ച്ച് അഞ്ചിനും ഏപ്രില്‍ അഞ്ചിനും മധ്യേ കള്ളപ്പണം ഒഴുക്കി കള്ളപ്പണം ഏറ്റുവാങ്ങിയവരുടെ പേരുകളും ധര്‍മരാജന്റെ മൊഴിയിലുണ്ട്.

അതേസമയം കര്‍ണാടകയില്‍നിന്നു കുഴല്‍പ്പണം എത്തിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ അറിവോടെയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് നായര്‍, കോഡിനേറ്റിങ് സെക്രട്ടറി എം. ഗണേഷ് എന്നിവര്‍ പണം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. ബിജെപി ഓഫീസില്‍ പണം എത്തിച്ച ധര്‍മരാജന്‍ ഹവാല ഏജന്റാണെന്നും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബംഗളൂരുവില്‍നിന്ന് എത്തിച്ചത് മൂന്നരക്കോടിയാണെന്നും ഇതില്‍ പറയുന്നു. കുഴല്‍പ്പണം കടത്ത് അന്വേഷിക്കേണ്ട ഇഡി, ഐടി വിഭാഗങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും കുറ്റപത്രത്തില്‍ അറിയിച്ചിട്ടുണ്ട്.

അതിനിടെ ബിജെപി കേരളത്തിലെത്തിച്ച കുഴല്‍പ്പണത്തില്‍ ഒരുകോടിരൂപ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തട്ടിയെടുത്തുവെന്ന് മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് ആരോപിച്ചു. ''പണം കൊണ്ടുവരുമ്പോള്‍ കോഴിക്കോടുവച്ച് ഒരു കോടിരൂപ കെ സുരേന്ദ്രന്‍ കൈയിട്ടെടുത്തെന്ന് കുഴല്‍പ്പണം കടത്തിയ ധര്‍മരാജന്‍ പറഞ്ഞിട്ടുണ്ട് . 35 ലക്ഷം രൂപ തിരുവനന്തപുരത്ത് വി വി രാജേഷിന് കൈമാറാന്‍ പറഞ്ഞു'' തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സതീശ് പറഞ്ഞു. 2021 എപ്രില്‍ രണ്ടിന് ആറു ചാക്കിലായി ആര്‍എസ്എസ് നേതാവ് ധര്‍മരാജന്‍ ഒമ്പത് കോടി രൂപയാണ് തൃശൂര്‍ ജില്ല കമ്മറ്റി ഓഫീസില്‍ എത്തിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. എത്ര പണം, മണ്ഡലങ്ങളില്‍ എവിടെയൊക്കെ വിതരണം ചെയ്തു, ആരൊക്കെ കൊണ്ടുപോയി എന്ന് കൃത്യമായി അറിയാം. ഇതുപയോഗിച്ച് വാഹനങ്ങളും ഭൂമിയും വാങ്ങിക്കൂട്ടിയവരെയും അറിയാം. ഓഫീസ് സെക്രട്ടറിയെന്ന നിലയില്‍ സംസ്ഥാന ഓഫീസുമായും നേതാക്കളുമായും ജില്ലാകമ്മിറ്റിയുമായും ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അറിയാം.

ഇക്കാര്യങ്ങള്‍ അന്വേഷകസംഘത്തോട് വെളിപ്പെടുത്തും. കൊടകര കവര്‍ച്ച നടന്നപ്പോള്‍ ധര്‍മരാജന്‍ ആദ്യംവിളിച്ചത് കെ സുരേന്ദ്രനെയും മകനെയുമാണ്. പാര്‍ടി സംസ്ഥാന അധ്യക്ഷനെ എന്തിനാണ് കുഴല്‍പ്പണക്കടത്തുകാര്‍ ബന്ധപ്പെടുന്നത്. കെ സുരേന്ദ്രനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. മരം മുറിച്ചുവിറ്റ കേസിലാണ് വയനാട് എസ്റ്റേറ്റില്‍നിന്ന് സുരേന്ദ്രനെ പുറത്താക്കിയത്. കുഴല്‍പ്പണക്കടത്ത് പുറത്തുവിട്ടശേഷം സുരേന്ദ്രനും ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാറും വ്യക്തിഹത്യ നടത്തുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ ഇനിയും പറയും. അതിന് തടയിടാന്‍ അവര്‍ക്ക് കുറച്ചുകൂടി നുണക്കഥകള്‍ കരുതിവയ്ക്കേണ്ടി വരും. എന്നെ സിപിഐ എം വിലയ്ക്കെടുത്തുവെന്നാണ് അവര്‍ പറയുന്നത്. എന്നെ ആര്‍ക്കും വിലക്കെടുക്കാനാവില്ല. സത്യം വിളിച്ചുപറഞ്ഞതിനാല്‍ എത്രനാള്‍ ജീവിക്കുമെന്ന് ഉറപ്പില്ല. ഞാന്‍ മരിച്ചാല്‍ ആരായിരിക്കും ഉത്തരവാദികളെന്ന് വീട്ടുകാരെ അറിയിച്ചിട്ടുണ്ട് സതീശ് പറഞ്ഞു.