തൃശൂർ: ടി പി ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന കൊടി സുനിയെ ജയിലിൽ മർദ്ദിച്ചു എന്നാരോപിച്ചു ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകി. മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് കൊടിസുനിയുടെ ബന്ധുക്കൾ രംഗത്തുവന്നത്. മുഖ്യമന്ത്രിയെ കൂടാതെ വിയ്യൂർ സ്റ്റേഷനിലും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥർ കെട്ടിയിട്ട് മർദ്ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. കണ്ണിൽ മുളക് തേച്ച് അടിച്ചുവെന്നും വിയ്യൂർ ജയിലിലെ സിസി ടിവികൾ പരിശോധിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. 'വിയ്യൂർ ജയിലിൽ കഴിയുന്ന കാട്ടുണ്ണി, അരുൺ എന്നിവരെ ജയിൽ അധികൃതർ മർദ്ദിച്ചു. ഇത് ചോദ്യം ചെയ്ത സുനിയെ കെട്ടിയിട്ട് തല്ലി. കണ്ണിൽ മുളക് തേച്ച് അടിച്ചു. റോക്കി, സുകുമാരൻ എന്നീ ജയിൽ ഉദ്യോഗസ്ഥരാണ് തല്ലിയതെന്നും ബന്ധുക്കൾ ആരോപിച്ചു.

ജയിലിൽ വെച്ച് ഇഞ്ചിഞ്ചായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. ഇന്നലെ സംഘർഷമുണ്ടായതിന് പിന്നാലെയാണ് സുനിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് അതിസുരക്ഷാ ജയിലിലെ അടുക്കളയിൽ കൊടി സുനിയും മറ്റു തടവുകാരുമായുണ്ടായ മൽപ്പിടിത്തത്തിലാണ് മുളകുപൊടി കണ്ണിൽ പോയതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.

കൊടി സുനിയെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് പൊലീസും ജയിലുകാരും മർദിച്ചതായി സുനിയുടെ സുഹൃത്തുക്കൾ ആരോപിക്കുന്നുണ്ട്. ശരീരത്തിൽ പരിക്കുകളുമുണ്ട്. സുഖംപ്രാപിക്കാത്തതിനാൽ തിങ്കളാഴ്ചയും ആശുപത്രിയിൽ തുടരുകയാണ്. കൊടി സുനിയെ മർദിച്ചിട്ടില്ലെന്ന് ജയിൽ അധികൃതരും പൊലീസും വ്യക്തമാക്കി.

അതേസമയം ഇന്നലെ നടന്ന സംഘർഷത്തിൽ ടി.പി. കേസ് പ്രതി കൊടി സുനിയടക്കം പത്തു തടവുകാരുടെ പേരിൽ കേസെടുത്തിട്ടുണ്ട്. ജയിൽ ജീവനക്കാരെ വധിക്കാൻ ശ്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് വിയ്യൂർ പൊലീസ് കേസെടുത്തത്. കൊടി സുനി അഞ്ചാം പ്രതിയാണ്. കൊടി സുനിയുടെ സുഹൃത്ത് രഞ്ജിത്താണ് ഒന്നാം പ്രതി. സാജു, മിബുരാജ്, അരുൺ, താജുദ്ദീൻ, ചിഞ്ചു മാത്യു, ജറോം, ഷഫീഖ്, ജോമോൻ എന്നിരാണ് മറ്റു പ്രതികൾ. പ്രതികൾ ജയിലിൽ കലാപത്തിന് ശ്രമിച്ചതായും എഫ്.ഐ.ആറിലുണ്ട്.

ഞായറാഴ്ച ഉച്ചഭക്ഷണസമയത്താണ് പ്രതികൾ അക്രമം അഴിച്ചുവിട്ടത്. ഭക്ഷണത്തോടൊപ്പം നൽകിയ ആട്ടിറച്ചി വീണ്ടും വേണമെന്നാവശ്യപ്പെട്ടായിരുന്നു ഉദ്യോഗസ്ഥർക്കു നേരെ തട്ടിക്കയറിയതെന്ന് പറയുന്നു. ഷേവ് ചെയ്യാൻ ബ്ലേഡ് വേണമെന്ന ആവശ്യം നിരസിച്ചതും പ്രതികളെ കൂടുതൽ രോഷാകുലരാക്കി. ഒന്നാം പ്രതി രഞ്ജിത്ത് കുപ്പി പൊട്ടിച്ച് പ്രിസൺ ഓഫീസർ അർജുൻദാസിന്റെ കഴുത്തിൽവച്ചാണ് അക്രമം തുടങ്ങിയത്. ഇത് പിടിച്ചുമാറ്റാൻ വന്ന ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമൻ, ജീവനക്കാരായ ഓംപ്രകാശ്, വിജയകുമാർ എന്നിവരെയും മർദിച്ചു.

തുടർന്ന് ഇരുമ്പുവടി ഉപയോഗിച്ച് വ്യാപക അക്രമം അഴിച്ചുവിട്ടു. ജയിൽ അടുക്കളയിലെത്തി അവിടെയുണ്ടായിരുന്ന തടവുകാരെയും ആക്രമിച്ചു. ജയിൽ ജീവനക്കാരെത്തി തടവുകാരെ രക്ഷിച്ച് ഗാർഡ് റൂമിലെത്തിച്ചെങ്കിലും പ്രതികൾ ഗാർഡ് റൂം ആക്രമിച്ച് ഉപകരണങ്ങൾ അടിച്ചുതകർത്തു. അക്രമം നടത്തിയ സമയത്ത് പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നും ആരോപണമുണ്ട്.