- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞായറാഴ്ച്ചകളിൽ ഡ്യൂട്ടി നോക്കാത്ത ഉദ്യോഗസ്ഥൻ കലാപം നടക്കുമ്പോൾ ഡ്യൂട്ടിയിൽ; ഓഫീസ് അടിച്ചു തകർത്ത് തടവുകാർ അഴിഞ്ഞാടുമ്പോൾ കാഴ്ച്ചക്കാരായി ഒരു വിഭാഗം ജീവനക്കാർ; തെളിവായി സിസി ടിവി ദൃശ്യങ്ങളും; വിയ്യൂർ ജയിലിൽ കൊടി സുനിയുടെ നേതൃത്വത്തിൽ നടന്നത് ആസൂത്രിത 'നാടകം'
തൃശൂർ: വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിൽ നടത്തിയ കലാപത്തിന് ഉന്നത ഒത്താശയും ഉണ്ടായിരുന്നെന്ന സംശയം ശക്തമാകുന്നു. അതിസുരക്ഷാ ജയിലിൽ നിന്നും മാറാനുള്ള സുനിയുടെ നീക്കത്തിന് ഉദ്യോഗസ്ഥ തലത്തിൽ ഒത്താശ ലഭിച്ചെന്ന സൂചനകളാണ് ശക്തമാകുന്നത്. ജയിൽ മാറാൻ വേണ്ടിയുള്ള നാടകമായിരുന്നു ഇതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സി സി ടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുമ്പോൾ ഈ നാടകത്തിലെ തിരക്കഥ ശരിക്കും പൊളിയുന്നതു കാണാം. ഇന്നത്തെ മലയാള മനോരമയാണ് ജയിൽ ആക്രമണം നാടകമാണെന്ന സൂചനകളുണ്ടെന്ന വാർത്ത റിപ്പോർട്ടു ചെയ്തത്.
ഇരുപത്തഞ്ചോളം തടവുകാർ ജയിലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഗാർഡ് റൂം തകർക്കുകയും 3 ജീവനക്കാരെ ആക്രമിക്കുകയും ചെയ്തിട്ടും ജീവനക്കാരിൽ ഒരുവിഭാഗം ഇടപെടാതെ മാറിനിൽക്കുന്നതു സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഇത് എന്തുകൊണ്ടാണെന്ന ചോദ്യം ഇതിനോടകം ഉയർന്നു കഴിഞ്ഞു. ഇത് കൂടാതെയും ചില സംശയങ്ങൾ ശക്തമായി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ 8 മാസമായി ഒരുവട്ടം പോലും ഞായറാഴ്ചകളിൽ ഡ്യൂട്ടി നോക്കിയിട്ടില്ലാത്ത ചില ഉദ്യോഗസ്ഥർ കഴിഞ്ഞ ഞായറാഴ്ച കലാപം നടക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരുടെ സാന്നിധ്യം അടക്കം സംശയാസ്പദമാണ്. തടവുകാർ ഗാർഡ് റൂം അടിച്ചുപൊളിച്ചതിനു ശേഷമാണ് ഇവർ ഡിഐജി ഓഫിസിൽ വിവരമറിയിച്ചത്. കൊടി സുനിയെ ജയിൽമാറ്റാനുള്ള സകല മാർഗവും അടഞ്ഞതോടെ ആസൂത്രിതമായി നടത്തിയ നാടകമാണിതെന്ന ആരോപണമുയർന്നിട്ടും ജയിൽ വകുപ്പ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. ഇത് സുനിയുടെ ഇംഗിതം നടപ്പിലാക്കിയെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ്.
വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ തടവുകാർ തമ്മിൽ ആശയവിനിമയം നടത്താനോ പരസ്പരം കാണാനോ അവസരം ഇല്ലാത്ത വിധത്തിലാണ് കാര്യങ്ങൾ. അതിസുരക്ഷാ ജയിലിൽ 25 കൊടുംകുറ്റവാളികൾക്കു സംഘം ചേർന്ന് ഒരേ സമയം സെല്ലിൽനിന്നു പുറത്തിറങ്ങാൻ കഴിഞ്ഞതു ദുരൂഹമായി തുടരുകയാണ്. ഇവർ ഇന്നർഗേറ്റ് പിടിച്ചെടുത്ത് അരമണിക്കൂറിനു ശേഷം വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നു കൂടുതൽ ജീവനക്കാർ എത്തുന്നതുവരെ പൂർണ അരാജകത്വത്തിന് അവസരം ഒരുങ്ങി. ഇതെല്ലാം അറിവോടെയാണെന്ന ആരോപണത്തിന് കരുത്തു പകരുന്നാണ്.
കൊടി സുനിയും കെവിൻ വധക്കേസ് കുറ്റവാളി ടിറ്റോ ജെറോമും ഉപയോഗിച്ചിരുന്നു എന്നു സംശയിക്കുന്ന മൊബൈൽ ഫോൺ സെല്ലിനുള്ളിൽനിന്നു പിടിച്ചെടുത്തതു സെൻട്രൽ ജയിലിൽ നിന്നെത്തിയ ജീവനക്കാരാണ്. ഫോൺ റിപ്പോർട്ട് ചെയ്താൽ പൊല്ലാപ്പാകുമെന്നും മിണ്ടാതിരിക്കുന്നതാണു നല്ലതെന്നും ചൂണ്ടിക്കാട്ടി സംഭവം മൂടിവയ്ക്കാൻ ഒരുവിഭാഗം ജീവനക്കാർ ശ്രമിച്ചു. സെൻട്രൽ ജയിലിൽ നിന്നെത്തിയ ജീവനക്കാർ സമ്മതിക്കാതിരുന്നതോടെ ഈ ശ്രമം പൊളിയുകയാണ് ഉണ്ടായത്.
തടവുകാരുടെ മുറിയിൽ സിസിടിവി ക്യാമറ ഉണ്ടായിട്ടും മൊബൈൽ ഫോൺ ഉപയോഗം കണ്ടെത്താൻ കഴിയാതിരുന്നതു ദുരൂഹമാണ്. ജയിൽ കവാടത്തിൽ ബോഡി സ്‌കാനർ പരിശോധന നിർബന്ധമാണെന്നിരിക്കെ മൊബൈൽ ഫോൺ ഉള്ളിലെത്തിയതു ജീവനക്കാർ വഴിയാകുമെന്ന സൂചന അന്വേഷിച്ചതേയില്ല. മതിലിനു പുറത്തു നിന്നു ഫോൺ എറിഞ്ഞുകൊടുത്തതാകാനും സാധ്യതയില്ല. കാരണം, തടവുകാരെ പണിക്കോ മറ്റോ പുറത്തിറക്കുന്ന രീതി അതിസുരക്ഷാ ജയിലില്ല.
അതീവ സുരക്ഷാ മേഖലയായിട്ടു പോലും അതിസുരക്ഷാ ജയിലിലെ കലാപത്തിൽ ജയിൽവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചില്ല. പകരം, കൊടി സുനിയെയും ടിറ്റോ ജെറോമിനെയും പോലുള്ള കൊടുംകുറ്റവാളികളെ അതിവേഗം പേപ്പർവർക്കുകൾ പൂർത്തിയാക്കി ജയിൽമാറ്റി. കൊടി സുനി ഇച്ഛിച്ചതും ഇതു തന്നെയായിരുന്നു. ഇതിനായി പലമാർഗ്ഗങ്ങളും സുനി പയറ്റിയിരുന്നു.
കലാപത്തിന് ശേഷം മലപ്പുറം തവനൂർ ജയിലിലേയ്ക്കാണ് കൊടി സുനിയെ മാറ്റിയിരിക്കു്‌നത്. ഉത്തരമേഖല ജയിൽ ഡി ഐ ജിയുടെ കീഴിലാണ് തവനൂർ ജയിൽ പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റാനുള്ള നീക്കമുണ്ടെന്നാണ് സൂചന. എല്ലാ അക്രമണങ്ങൾക്കും തടവുകാർക്ക് പിന്തുണ കൊടി സുനിയുടേതായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കൊടി സുനി ഉൾപ്പടെ പത്ത് പേർക്കെതിരെ വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും എതിരെയുള്ള വകുപ്പുകൾ ചേർത്താണ് വിയ്യൂർ പൊലീസ് കേസെടുത്തിരിക്കുന്നത്.
കൊടി സുനിയുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥരടക്കം അഞ്ച് പേർക്ക് ഗുരുതര പരിക്കേറ്റു. അസി. പ്രിസൺ ഓഫീസർ അർജുൻദാസിന്റെ തോളെല്ല് പൊട്ടി. ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമൻ, പ്രിസൺ ഓഫീസർ വിജയകുമാർ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ഓംപ്രകാശ് എന്നിവർക്കും ഒരു തടവുകാരനും ആക്രമണത്തിൽ പരിക്കേറ്റു. തടവുകാർ മട്ടൻ കൂടുതൽ അളവിൽ വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം തുടങ്ങിയത്. മട്ടൻ നിശ്ചിത അളവിൽ കൂടുതൽ നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ സംഘർഷം ആരംഭിച്ചു. പിന്നീട് ഷേവ് ചെയ്യാൻ ബ്ലേഡ് വേണമെന്നായി ആവശ്യം. അതും ജയിൽ നിയമ പ്രകാരം അനുവദനീയമല്ലെന്ന് പറഞ്ഞതോടെ , ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാനായി ശ്രമം. ഇതോടെ, ഒരു തടവുകാരൻ കുപ്പിഗ്ലാസ് പൊട്ടിച്ച് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അർജുൻദാസിന്റെ കഴുത്തിൽ കയറ്റാൻ നോക്കി.
തടയാൻ ശ്രമിച്ചപ്പോൾ മറ്റ് ഉദ്യോഗസ്ഥർക്കും മർദ്ദനമേറ്റുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് തടവുകാർ സംഘം ചേർന്ന് അടുക്കളയിൽ പോയി പാചകത്തിൽ സഹായിച്ചിരുന്ന തടവുകാരനെ അകാരണമായി മർദ്ദിച്ചു. അവിടെ നിന്നും ഓഫീസിൽ കയറി തടവുകാർക്ക് വീട്ടിലേക്ക് വിളിക്കാൻ ഉപയോഗിക്കുന്ന ടെലഫോൺ തല്ലിപ്പൊളിച്ചു. കസേര, ക്‌ളോക്ക്, ഫയലുകൾ, ഇന്റർ കോം ഉൾപ്പെടെ കണ്ണിൽ കണ്ടതെല്ലാം തല്ലിപ്പൊളിച്ചു. ജയിൽ അധികൃതർക്ക് ഈ ഘട്ടത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കൊടി സുനിയുടെ നിർദ്ദേശാനുസരണം പ്രതികൾ അക്രമം തുടർന്നുവെന്നാണ് സൂചന. ജയിലിന്റെ ഉള്ളിൽ നിന്നും മതിൽക്കെട്ടിനകത്തേക്ക് കടക്കുന്ന ഗേറ്റ് തള്ളിത്തുറന്നു. അപ്പോഴേക്കും മറ്റ് ജയിലുകളിൽ നിന്നും ഉദ്യോഗസ്ഥരെത്തി തടവുകാർ സെല്ലിൽ കയറണമെന്ന് മൈക്കിലൂടെ അനൗൺസ് ചെയ്തു. പെരിയ കേസിലെ പ്രതികൾ,
മാവോയിസ്റ്റ് തടവുകാർ, പി.എഫ്.ഐ, ഐസിസ് തടവുകാർ എന്നിവർ സെല്ലിൽ കയറിയിട്ടും കൊടി സുനിയും സംഘവും കയറിയില്ല. കയറാത്ത അക്രമികളായ തടവുകാരെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി സെല്ലിലാക്കുകയായിരുന്നു. ഇരുസംഘങ്ങളായി തിരിഞ്ഞ് അക്രമം നടത്തി, തടയാനെത്തിയ ജയിൽ ജീവനക്കാരേയും മർദിച്ചു എന്നാണ് എഫ്.ഐ.ആറിൽ ഉള്ളത്. വിയ്യൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ സംഘം തിരിഞ്ഞതും ആസൂത്രണമാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, നിബുരാജ്, ഗുണ്ട് അരുൺ, താജുദ്ദീൻ, ചിഞ്ചു മാത്യു, ടിട്ടു ജെറോം, ഇപ്പി ഷെഫീഖ്, ജോമോൻ എന്നിവരാണ് കേസിലെ പ്രതികൾ. കാട്ടുണ്ണി രഞ്ജിത്താണ് ഒന്നാം പ്രതി. കൊടി സുനി അഞ്ചാം പ്രതി. ജയിൽ ജീവനക്കാരെ മർദിച്ചത് കമ്പിവടികൊണ്ടാണെന്ന് എഫ്.ഐ.ആറിൽ പറയുന്നു.




