പത്തനംതിട്ട: കൊടുമണിൽ പതിനാലുകാരിയെ ഓട്ടോറിക്ഷയിൽ നാലു യുവാക്കൾ കടത്തിക്കൊണ്ടു പോയത് കാമുകനുമായുള്ള വിവാഹം നടത്താനെന്ന് പൊലീസ്. വഴിയിൽ ഓട്ടോറിക്ഷ ബ്രേക്ക് ഡൗണായതാണ് പ്രതികളും പെൺകുട്ടികളും പിടിയിലാകാൻ കാരണമായത്. കോടതിയിൽ ഹാജരാക്കിയ നാലു പ്രതികളെയും റിമാൻഡ് ചെയ്തു.

വിവാഹം കഴിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് നാലംഗ സംഘം വീട്ടിൽ ചെന്ന് പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ടു പോയത്. ചെന്നീർക്കര ഊന്നുകൽ പനക്കൽ എരുത്തിപ്പാട്ട് വലിയമുറിയിൽ വി എസ്.അരുൺ (24), പ്രക്കാനം കൈമുട്ടിൽപ്പടി കാഞ്ഞിരം നിൽക്കുന്നതിൽ സജു സജി (22), ചെന്നീർക്കര മുട്ടത്തുകോണം പനക്കൽ എരുത്തിപ്പാട്ട് അജിഭവനം വീട്ടിൽ അജി ശശി (18), ഇലവുംതിട്ട നെടിയകാല കോട്ടൂർപ്പാറ തടത്തിൽ അഭിഷിക് (22) എന്നിവരെയാണ് കൊടുമൺ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.

ഒന്നാം പ്രതിയായ അരുൺ വിവാഹം കഴിക്കാമെന്ന ഉദ്ദേശത്തോടെ കുട്ടിയുടെ വീട്ടിൽ നിന്നും വെള്ളിയാഴ്ച രാത്രി ഒമ്പതു മണിക്ക് സുഹൃത്തുക്കളുടെ സഹായത്താൽ ഓട്ടോയിൽ കടത്തിക്കൊണ്ടു പോന്നത്. രണ്ടാം പ്രതി സജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. മൂന്നാം പ്രതി അജിയാണ് വാഹനം ഓടിച്ചത്. കുട്ടിയുടെ പിതാവ് അടുത്ത കാലത്തുണ്ടായ അപകടത്തിൽ കാലൊടിഞ്ഞ് കിടക്കുകയാണ്. പിതാവിന്റെ സുഖവിവരം അന്വേഷിക്കാൻ ചെന്ന ഇവർ മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ പെൺകുട്ടിയെയും വിളിച്ചിറക്കി സ്ഥലം വിടുകയായിരുന്നു.

ഇവർ വീട്ടിൽ വന്ന് പോയതിന് ശേഷം പെൺകുട്ടിയെ കാണാതായി. യുവാക്കൾക്കൊപ്പം പോയിരിക്കാമെന്ന തിരിച്ചറിവിലാണ് പിതാവ് പൊലീസിൽ വിവരം അറിയിച്ചത്. ഇദ്ദേഹത്തിന്റെ മൊഴിപ്രകാരം കേസെടുത്ത കൊടുമൺ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും സമീപസ്റ്റേഷനുകളിലേക്ക് വിവരം ഉടനടി കൈമാറുകയും ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കൊടുമൺ, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലെ പട്രോളിങ് സംഘങ്ങൾ ഊർജ്ജിതമായി നടത്തിയ തെരച്ചിലിൽ ഓട്ടോറിക്ഷ ചന്ദനപ്പള്ളി മൂന്നാം കലുങ്ക് എന്ന സ്ഥലത്തുനിന്നും നിന്നും കണ്ടെത്തുകയും, രണ്ടുമുതൽ നാലുവരെ പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

ഇവരെ ചോദ്യം ചെയ്തപ്പോൾ കുട്ടിയും അരുണും ചന്ദനപ്പള്ളിയിലുണ്ടെന്ന് വെളിപ്പെടുത്തിയതിനെ തുടർന്ന്, പൊലീസ് സംഘം അവിടെയെത്തി അരുണിനെ കസ്റ്റഡിയിലെടുത്തു. അടൂർ ഡി വൈ എസ് പി ആർ ജയരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രതികളെ തുടർന്ന് അടൂർ ഗവണ്മെന്റ് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ശേഷം, സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പെൺകുട്ടിയെ പൊലീസ് വീട്ടുകാർക്കൊപ്പം അയച്ചു. ഓട്ടോറിക്ഷ പൊലീസ് ബന്തവസ്സിലെടുത്തു.

അന്വേഷണസംഘത്തിൽ കൊടുമൺ പൊലീസ് ഇൻസ്പെക്ടർ പ്രവീൺ, എസ് ഐ രാജേഷ് കുമാർ, സിപിഓമാരായ ഷിജു, രാജീവൻ, പ്രദീപ്, സുനിൽ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ സിപിഓ സുരേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.