ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബംഗളൂരുവിലെ പബ്ബിനെതിരെ കേസെടുത്ത് പൊലീസ്. ബംഗളൂരുവിലെ രത്നംസ് കോംപ്ലക്സിന്റെ ആറാം നിലയില്‍ സ്ഥിതി ചെയ്യുന്ന വണ്‍8 കമ്മ്യൂണ്‍ എന്ന സ്ഥാപനമാണ് പൊലീസ് പരിശോധിച്ചത്. പബ്ബില്‍ സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക സ്ഥലം ഇല്ലെന്ന പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും സ്ഥാപനത്തിനെതിരെ സ്വമേധയ കേസെടുക്കുകയുമായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ അശ്വിനിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മിന്നല്‍ പരിശോധന നടത്തിയത്.

പുകവലിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങളോ മുറിയോ ഒരുക്കിയില്ലെന്ന പരാതിയിലാണ് പബ്ബ് മാനേജര്‍ക്കെതിരേ ബെംഗളൂരു കബ്ബണ്‍ റോഡ് പോലീസ് കേസെടുത്തിരിക്കുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്താണ് പബ്ബ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തേ തന്നെ കബ്ബണ്‍ റോഡ് പോലീസ് പബ്ബ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നും പുകവലിക്കാനുള്ള സംവിധാനം ഒരുക്കാതിരുന്നതിനെ തുടര്‍ന്നാണ് കേസെടുത്തത്.

സുരക്ഷാചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നു പരിശോധന. പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും പബ്ബിന് പ്രത്യേക സൗകര്യങ്ങള്‍ നിര്‍ബന്ധമാണ്. ഇതുമായി ബന്ധപ്പെട്ട ലൈസന്‍സുകള്‍ എടുക്കുന്നതിനുള്ള ബോധവല്‍ക്കരണ ക്യാമ്പെയിനും ആരംഭിച്ചിട്ടുണ്ട്. ഇത് പാലിക്കാത്ത ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ബംഗളൂരു പൊലീസിന്റെ മുന്നറിയിപ്പ്.

ഇതാദ്യമായല്ല കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബ് വിവാദത്തില്‍പ്പെടുന്നത്. നേരത്തേ സ്ഥാപനത്തിന് ഫയര്‍ഫോഴ്‌സിന്റെ എന്‍ഒസി.യില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബെംഗളൂരു കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. വെങ്കടേഷ് എന്ന പൊതുപ്രവര്‍ത്തകന്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് എന്‍ഒസിയില്ലെന്ന കണ്ടെത്തല്‍. ഇതിന്റെയടിസ്ഥാനത്തില്‍ വെങ്കടേഷ് പരാതിയുമായി മുന്നോട്ടുപോയതോടെയാണ് അന്ന് കോര്‍പ്പറേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

രാത്രി ഒരു മണിക്ക് ശേഷം പബ്ബ് പ്രവര്‍ത്തിച്ചു എന്ന കാരണത്താല്‍ നേരത്തേയും സ്ഥാപനത്തിന് നോട്ടീസ് ലഭിച്ചിരുന്നു. ഇതില്‍ ബെംഗളൂരു പോലീസ് എഫ്ഐആര്‍. രജിസ്റ്ററും ചെയ്തിരുന്നു. എംജി റോഡില്‍ നിശ്ചിത സമയപരിധിക്കപ്പുറം പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കൊപ്പമാണ് വണ്‍ 8-നെതിരെയും നടപടിയുണ്ടായത്. അനുവദിച്ച സമയം കഴിഞ്ഞും പ്രദേശത്തുനിന്ന് വലിയ ഉച്ചത്തില്‍ മ്യൂസിക് കേള്‍ക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് നടപടി. 2023 ഡിസംബറിലാണ് പബ്ബ് ഉദ്ഘാടനം ചെയ്തത്. ഡല്‍ഹി, മുംബൈ, പുണെ, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ വണ്‍ 8-ന് ശാഖകളുണ്ട്.