കൊല്ലം: ചെമ്മാംമുക്കില്‍, ഭര്‍ത്താവ് യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത് കാര്‍ തടഞ്ഞു നിര്‍ത്തി. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൂടെയുണ്ടായിരുന്ന സോണി എന്ന യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഇയാളെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം.

ഒമ്നി വാനിലെത്തിയ പത്മരാജന്‍ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയില്‍ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. നഗരമധ്യത്തില്‍ റെയില്‍വെ സ്റ്റേഷന് അടുത്തായുള്ള സ്ഥലത്താണ് സംഭവം.

കൊല്ലം നഗരത്തില്‍ ബേക്കറി സ്ഥാപനത്തിന്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അനില. ഇവരെയും സ്ഥാപനത്തിലെ പങ്കാളിയായ യുവാവിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് വിവരം. എന്നാല്‍ പത്മരാജന്‍ ലക്ഷ്യമിട്ടയാളല്ല കാറില്‍ ഉണ്ടായിരുന്നത്. ബേക്കറിയിലെ ജീവനക്കാരനായ സോണിയാണ് ആക്രമണത്തിന് ഇരയായത്. സോണിയെ ആക്രമിക്കണമെന്ന് ഉദ്ദേശ്യമില്ലായിരുന്നു എന്ന് പ്രതി പിന്നീട് പൊലീസിനോട് പറഞ്ഞു.

രണ്ട് വാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. പൊലീസും ഫയര്‍ ഫോഴ്സും എത്തിയാണ് തീയണച്ചത്. പിന്നീടാണ് അനിലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സോണിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

ദൃക്‌സാക്ഷികള്‍ പറഞ്ഞത്

'ഒരാള്‍ ഓമ്‌നിയില്‍ വന്ന് കാര്‍ തടഞ്ഞ് നിര്‍ത്തുന്നതാണ് കണ്ടത്. തുടര്‍ന്ന് കാറിലേക്ക് എന്തോ എറിയുന്നതും കണ്ടു. പൊടുന്നനെ എന്തോ പൊട്ടിത്തെറിച്ചു. ഉടനെ കാറില്‍ നിന്ന് ഒരു പുരുഷന്‍ പുറത്തേക്ക് ഇറങ്ങി ഓടി. ഇയാളുടെ ഒരു വശം മുഴുവന്‍ പൊള്ളിയിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ പൊള്ളലേറ്റ് മരിച്ചു. അപകടമെന്നാണ് ആദ്യം വിചാരിച്ചത്. അടുത്തുള്ള വീടുകളിലേക്ക് ഞങ്ങള്‍ വെള്ളത്തിനായി ഓടി.''



പൊലീസ് പറയുന്നത്:

പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് മറ്റൊരു യുവാവിനേയും അനിലയേയും ലക്ഷ്യമിട്ടാണ് ഭര്‍ത്താവ് എത്തിയത്. ബേക്കറി നടത്തിപ്പിലെ പങ്കാളിയായ മറ്റൊരു യുവാവിനെയാണ് ലക്ഷ്യമിട്ടത്. എന്നാല്‍ കാറില്‍ ഒപ്പമുണ്ടായിരുന്നത് ജീവനക്കാരനായിരുന്നു. ഈ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും കൊല്ലം ഈസ്റ്റ് പൊലീസ് അറിയിച്ചു.ആക്രമണത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ആളൊഴിഞ്ഞ സ്ഥലം നോക്കിയാണ് പ്രതി കൃത്യം നടത്തിയത്. ഒമിനി വാനില്‍ എത്തിയ പത്മരാജന്‍ കാറിന് കുറുകെ നിര്‍ത്തുകയായിരുന്നു. ഇതിന് ശേഷം കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ കാറിനുള്ളിലേക്ക് ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. രണ്ട് വാഹനങ്ങളും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.ഗുരുതരമായി പൊള്ളലേറ്റ അനിലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.