കൊല്ലം: ചെമ്മാംമുക്കില്‍ നടുറോഡില്‍ രാത്രിയില്‍ ഭര്‍ത്താവ് കടുംകൈ ചെയ്തത് ഭാര്യയും, സുഹൃത്തുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന്.

കുടുംബ പ്രശ്‌നവും സാമ്പത്തിക പ്രശ്‌നവുമാണ് കാരണമെന്ന് പ്രതി പറഞ്ഞതായി പൊലീസ് പറയുന്നു. പ്രതി കുറ്റംസമ്മതിച്ചു. കേസ് നടപടികളിലേക്ക് നീങ്ങുകയാണെന്നും പൊലീസ് അറിയിച്ചു.

കൊട്ടിയം തഴുത്തല സ്വദേശി അനില(44) ആണ് മരിച്ചത്. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ആശ്രാമത്ത് ബേക്കറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഭാര്യ അനിലയും സുഹൃത്തായ അനീഷും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ ഇടപെട്ട് സംസാരിക്കാന്‍ കൊട്ടിയത്തെ പഞ്ചായത്തംഗം സാദിഖിനോട് ആവശ്യപ്പെട്ടിരുന്നു. അനില, അനീഷുമായിപാര്‍ട്ണര്‍ഷിപ്പായാണ് കട തുടങ്ങിയത്. അനീഷിനെ പത്മരാജന് ഇഷ്ടമില്ലായിരുന്നു. ഇക്കാര്യത്തില്‍ ഇടപെട്ട് സംസാരിക്കാനായിരുന്നു തന്നോട് ആവശ്യപ്പെട്ടതെന്നും സാദിഖ് പറഞ്ഞു.

വിഷയത്തില്‍ ഇന്ന് വൈകീട്ട് സംസാരിക്കാമെന്ന് പറഞ്ഞിരുന്നു. കൊട്ടിയത്ത് മൂന്നുപേരും തമ്മില്‍ സംസാരിച്ചു. പത്താം തീയതി പണം തിരിച്ചുനല്‍കുമെന്നും പറഞ്ഞാണ് പോയത്. പ്രശ്‌നം പിരിഞ്ഞതായിരുന്നു. എന്നാല്‍ രണ്ടു ദിവസം മുമ്പ് അനീഷും പത്മരാജനും തമ്മില്‍ വാക്കുതര്‍ക്കവും ഉണ്ടായെന്നും സാദിഖ് പറഞ്ഞു. ഒരുമാസം മുമ്പാണ് ബേക്കറി കട തുടങ്ങിയത്. അനിലയുടേയും അനീഷിന്റേയും പണം മുടക്കിയാണ് ബേക്കറി തുടങ്ങിയതെന്നും സാദിഖ് കൂട്ടിച്ചേര്‍ത്തു.

കടയില്‍ അനിലയുടെ സുഹൃത്തിനുണ്ടായിരുന്ന പാര്‍ട്‌നര്‍ഷിപ്പ് ഉടന്‍ ഒഴിയണമെന്നു പത്മരാജന്‍ ഇയാളോട് ആവശ്യപ്പെട്ടിരുന്നു. ബേക്കറിക്കുവേണ്ടി മുടക്കിയ പണം തിരികെ നല്‍കിയാല്‍ കടയിലെ പാര്‍ട്‌നര്‍ഷിപ്പ് വിടാമെന്നാണ് അനിലയുടെ സുഹൃത്ത് പറഞ്ഞിരുന്നത്. എന്നാല്‍ പത്മരാജനും അനിലയുടെ സുഹൃത്തുമായി സംഭവത്തിന്റെ പേരില്‍ കയ്യാങ്കളി നടന്നു. ബേക്കറിയില്‍ വച്ചായിരുന്നു ഇവര്‍ തമ്മില്‍ അടിപിടിയുണ്ടായത്. ഇതിനിടെയാണ് പാര്‍ട്നര്‍ഷിപ്പ് തുക ഡിസംബര്‍ 10ന് തിരികെ തരാമെന്ന രീതിയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്.

എന്നാല്‍ ഇതിന് പിന്നാലെയാണ് ഇന്ന് രാത്രിയോടെ അനിലയെ പിന്തുടര്‍ന്നെത്തിയ പത്മരാജന്‍ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. കടയിലെ ജീവനക്കാരനായ സോണി എന്ന യുവാവിനെ വീട്ടില്‍ കൊണ്ടുവിടാന്‍ പോകുമ്പോഴായിരുന്നു ആക്രമണം. അതേസമയം അനിലയുടെ സുഹൃത്തായ യുവാവെന്ന് തെറ്റിദ്ധരിച്ചാണ് സോണിയ്ക്ക് നേരെ പത്മരാജന്‍ പെട്രോള്‍ ഒഴിച്ചതെന്നാണ് പൊലീസ് പറയുന്നത്

ഒമ്‌നി വാനിലെത്തിയ പത്മരാജന്‍ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയില്‍ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. നഗരമധ്യത്തില്‍ റെയില്‍വെ സ്റ്റേഷന് അടുത്തായുള്ള സ്ഥലത്താണ് സംഭവം. കൊല്ലം നഗരത്തില്‍ ബേക്കറി സ്ഥാപനത്തിന്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അനില. ഇവരെയും സ്ഥാപനത്തിലെ പങ്കാളിയായ യുവാവിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് വിവരം. എന്നാല്‍ പത്മരാജന്‍ ലക്ഷ്യമിട്ടയാളല്ല കാറില്‍ ഉണ്ടായിരുന്നത്. ബേക്കറിയിലെ ജീവനക്കാരനായ സോണിയാണ് ആക്രമണത്തിന് ഇരയായത്. രണ്ട് വാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. പൊലീസും ഫയര്‍ ഫോഴ്‌സും എത്തിയാണ് തീയണച്ചത്. പിന്നീടാണ് അനിലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സോണിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.