കൊല്ലം: ഓയൂരിൽ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത് യുഎൻഎ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് റെജി ജോണിന്റെ മകൾ അഭിഗേൽ സാറ റെജിയെ. ഓയൂർ കാറ്റാടിമുക്കിൽ വെച്ച് കാറിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് തട്ടിക്കൊണ്ടുപോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.

സംഭവത്തെ കുറിച്ച് പെൺകുട്ടിയുടെ സഹോദരൻ ജോനാഥൻ പറയുന്നത് ഇങ്ങനെ:

ഒരുപേപ്പറ് തന്ന് അത് അമ്മച്ചിക്ക് കൊടുക്കാവെന്ന് പറഞ്ഞ്, ഞാൻ മേടിച്ചില്ല, അപ്പോഴത്തേക്കും അവളെ പിടിച്ചുവലിച്ച് എന്റെ കയ്യും പിടിച്ച്, എന്റെ കയ്യിൽ ഒരു കമ്പുണ്ടായിരുന്നു, അതുകൊണ്ട് അടിച്ചിട്ടും അവര് വിട്ടില്ല, വലിച്ചിഴച്ചോണ്ട് പോയി.

മോന് അറിയാവുന്ന ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ തനിക്കറിഞ്ഞുകൂടാ എന്നാണ് കുട്ടിയുടെ മറുപടി. നാല് പേരുണ്ടായിരുന്നു. മൂന്ന് ആണുങ്ങളും ഒരുപെണ്ണും

പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ആൺകുട്ടി തടുക്കാൻ ശ്രമിച്ചപ്പോൾ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആൺകുട്ടി താഴെ വീഴുകയുമായിരുന്നു. ദൃശ്യങ്ങളിൽ കാറ് കണ്ടെത്തി. എന്നാൽ കാറിന്റെ നമ്പർ ദൃശ്യങ്ങളിൽ വ്യക്തമല്ല.

അതേസമയം, തിരുവനന്തപുരം രജിസ്‌ട്രേഷനാണെന്ന് പൊലീസ് പറയുന്നു. അതേസമയം, കാറിന്റെ നമ്പർ വ്യാജമാകാനും സാധ്യതയുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനിലും വിവരം നൽകിയെന്ന് റൂറൽ എസ്‌പി അറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻഎ അഖിലേന്ത്യ അദ്ധ്യക്ഷൻ ജാസ്മിൻ ഷാ ഇട്ട പോസ്റ്റ്:

എല്ലാവരും ശ്രദ്ധിക്കുക...
പരമാവധി ഷെയർ ചെയ്യുക...

യുഎൻഎ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് റെജി ജോണിന്റെ മകൾ അഭിഗേൾ സാറ റെജി, 6 വയസ്സ് (കൊല്ലം കൊട്ടാരക്കര,ഓയൂർ ഓട്ടുമല, പുയ്യപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധി )വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ (ഏകദേശം 4.45 pm) കാറിലെത്തിയ (ഹ്യുണ്ടായ് Amaze കാർ എന്ന് സംശയിക്കുന്നു) ഒരു ടീം തട്ടിക്കൊണ്ട് പോയിരിക്കുന്നു.

നിങ്ങളുടെ സുഹ്യുത്തുക്കളിലേക്ക് ഈ മെസേജ് പാസ് ചെയ്യുക.കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന നമ്പറുകളിലും അടുത്തുള്ള പൊലീസ് സ്റ്റേഷനിലും വിവരം അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.

9946923282
9495578999