കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തങ്ങൾക്ക് ആരെയും സംശയമില്ലെന്ന് കുട്ടിയുടെ അമ്മ. ആരുമായും ശത്രുതയില്ല. കുട്ടികൾ ട്യൂഷന് പോകുന്നത് വീടിന് അടുത്താണ്. വണ്ടികൾ ഒക്കെ പോകുന്ന വഴിയാണെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

''ഒരാഴ്ച മുൻപും സമീപത്തു കാർ കണ്ടതായി കുട്ടികൾ പറഞ്ഞിരുന്നു. എന്നാൽ അന്ന് അതത്ര കാര്യമാക്കിയില്ല. പിന്നീട് ഒന്നും പറഞ്ഞിരുന്നില്ല. സംശയം തോന്നത്തക്ക രീതിയിൽ ഒന്നുമുണ്ടായിരുന്നില്ല. ആരുമായും ശത്രുതയില്ല. ആരെയും സംശയവുമില്ല. സംഭവം നടക്കുമ്പോൾ അമ്മച്ചി മാത്രമാണു വീട്ടിലുണ്ടായിരുന്നത്. അപ്പച്ചൻ കടയിൽ പോയിരിക്കുകയായിരുന്നു. കുട്ടികൾ ട്യൂഷന് പോകുന്നത് അടുത്താണ്. വണ്ടികൾ ഒക്കെ പോകുന്ന വഴിയാണ്.'' കുട്ടിയുടെ അമ്മ പറഞ്ഞു.

കുട്ടിയെ വിട്ടുകിട്ടാൻ അഞ്ച് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് ഫോൺ കാൾ വന്നത്. കുട്ടിയുടെ അമ്മയുടെ ഫോണിലാണ് കാൾ വന്നത്. വിളിച്ച സ്ത്രീ കുട്ടി തങ്ങൾക്കൊപ്പം സുരക്ഷിതയാണെന്ന് പറഞ്ഞതായും അമ്മ അറിയിച്ചു. ഫോൺ കോളിന്റെ ഉറവിടം പൊലീസ് കണ്ടെത്തി. പാരിപ്പള്ളി കുളമട എന്ന സ്ഥലത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നാണ് ഫോൺകോൾ വന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായി പരിശോധന നടത്തി.

വ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ ഫോണിൽ നിന്നാണ് കോൾ വന്നത്. പക്ഷേ ഫോൺ വിളിച്ചത് അവരല്ലെന്നാണ് പുറത്തുവരുന്ന വിവരം. ഓട്ടോയിൽ വന്ന ഒരു പുരുഷനും സ്ത്രീയും കടയിലേക്ക് കയറി സ്ത്രീയുടെ മൊബൈൽ ഒരു ഫോൺ വിളിക്കാനുണ്ടെന്ന കാരണം പറഞ്ഞുവാങ്ങി. അതിനുശേഷമാണ് കുട്ടിയുടെ അമ്മയെ വിളിച്ച് പണം ആവശ്യപ്പെട്ടത്. കടയിലുണ്ടായിരുന്ന സ്ത്രീയ്ക്ക് ഇവർ എന്താണ് സംസാരിച്ചത് എന്നത് വ്യക്തമായില്ല.ഓട്ടോയിൽ വന്ന ഇരുവരും കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങളാണോ എന്ന് പരിശോധിക്കുകയാണ് പൊലീസ്.

തിങ്കളാഴ്ച വൈകിട്ട് മൂത്ത മകൻ ജോനാഥനൊപ്പം അഭിഗേൽ ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനിലും വിവരം നൽകിയെന്ന് റൂറൽ എസ്‌പി അറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

കുട്ടിക്കായി സംസ്ഥാന വ്യാപകമായി തെരച്ചിൽ ആരംഭിച്ചു കഴിഞ്ഞു.കേരള തമിഴ് നാട് അതിർത്തി പ്രദേശമായ കളിയിക്കാവിളയിലും പരിശോധന ശക്തമാക്കി. കൊല്ലം സിറ്റിയിലും റൂറലിലും എല്ലാ ഇടങ്ങളിലും പരിശോധന നടക്കുകയാണ്. സിറ്റി പൊലീസ് കമ്മീഷണറും റൂറൽ എസ്‌പിയും ചേർന്നാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. ആര്യൻകാവ് ചെക്ക്‌പോസ്റ്റിലും, കോട്ടയം ജില്ലാ അതിർത്തിയായ ളായിക്കാട് എം സി റോഡിലും, വർക്കല ഇടവ മേഖലകളിലും കൊല്ലം തിരുവനന്തപുരം അതിർത്തിയിലും ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റിലും കുമളി ചെക്ക് പോസ്റ്റിലും പരിശോധന നടക്കുകയാണ്.