കൊല്ലം: വ്യക്തമായ തന്ത്രവുമായാണ് ആ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. അതിവേഗ പരിശോധനകളിലൂടെ കുട്ടിയെ കണ്ടെത്തുന്നതിൽ വീഴ്ചയും വന്നു. കാറടക്കം തിരിച്ചറിഞ്ഞത് വൈകിയാണ്. ആദ്യം ഹോണ്ട അമേസിലാണ് കൊണ്ടു പോയതെന്നായിരുന്നു പുറത്തു വന്നത്. പിന്നെ സ്വിഫ്റ്റ് കാറായി. അതിനിടെ പാരിപ്പള്ളിയിൽ നിന്നും ഫോൺ വിളിച്ച് മോചനദ്രവ്യം ചോദിച്ചവരെ കുറിച്ച് വ്യക്തമായ വിവരം പുറത്തു വന്നു. ഇവരെ കണ്ടവരാണ് ഇത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പൊലീസിനെ വഴി തെറ്റിക്കാനാണോ ഈ സംഘം പാരിപ്പള്ളിയിൽ വന്നതെന്ന സംശയം സജീവമാണ്. ഏതായാലും പാരിപ്പള്ളിയിലെ സിസിടിവികൾ പൊലീസ് അരിച്ചു പെറുക്കുകയാണ്. ഇതാണ് ഏക പ്രതീക്ഷ.

പച്ച നിറമുള്ള വെള്ളപുള്ളിയുള്ള ചുരിദാറാണ് യുവതി ധരിച്ചിരുന്നത്. പ്രായം 35 തോന്നും. തല മറിക്കുന്ന ഷാളും ഉണ്ട്. ബ്രൗൺ ഷർട്ടും കാക്കി പാന്റും ഇട്ട പുരുഷനായിരുന്നു കൂടെ. പാരിപ്പള്ളിയിൽ ഇവർ എത്തിയ ഓട്ടോയിലാണ്. ഈ ഓട്ടോയുടെ നമ്പർ കണ്ടെത്തിയാൽ അന്വേഷണത്തിന് പുതു വേഗം വരും. മുഖം മറയ്ക്കാത്ത പുരുഷനും മുഖം മറച്ച സ്ത്രീയും പെരുമാറിയത് ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ്. സ്വിഫ്റ്റ് ഡിസയർ കാറിന് പകരം ഓട്ടോയാണ് ഇവിടെ തെളിയുന്നത്. അതുകൊണ്ടു തന്നെ അഭിഗേലിനെ കൊണ്ടു പോയത് തന്ത്രമൊരുക്കിയെന്നാണ് പൊലീസ് നിഗമനം.

ഓയൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. തട്ടിക്കൊണ്ടുപോയ സംഘം കേരളം വിട്ടിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടിയെ കാണാതായതിന് പിന്നാലെ അമ്മയ്ക്ക് ഫോൺകോൾ വന്നിരുന്നു. കുട്ടിയുടെ കൈയിൽ നിന്നാണ് അമ്മയുടെ നമ്പർ ലഭിച്ചതെന്നാണ് തട്ടിക്കൊണ്ടുപോയവർ അറിയിച്ചത്. വൈകിട്ട് 7.45 ഓടെയാണ് ഫോൺ വന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഈ നമ്പർ കണ്ടുപിടിച്ചു. അപ്പോഴാണ് അത് പാരിപ്പള്ളിയിലെ കടക്കാരിയെ പറ്റിച്ച് ഫോൺ കൈക്കലാക്കി വിളിച്ചതാണെന്ന് മനസ്സിലായത്.

കാറിന്റെ നമ്പർ വ്യാജമാണ്. ഇത് യഥാർഥത്തിൽ ഇരുചക്രവാഹനത്തിന്റേതാണ്. ഫോൺ കോൾ വന്നതുകൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലെ കടയിലെ നമ്പറിൽ നിന്നാണ്. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ തുടരുന്നു. സൈബർ സെല്ലിന്റെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ വിവരം അറിയിക്കണം എന്ന് പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ പൊലീസ് ശക്തമായ വാഹന പരിശോധനയാണ് നടത്തുന്നത്. പ്രധാന റോഡുകളിലുൾപ്പെടെ കാർ കടന്നുപോകാൻ സാധ്യതയുള്ള എല്ലാ വഴികളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.

തട്ടിക്കൊണ്ടുപോയവർ മുഖംമൂടി ധരിച്ചിരുന്നതായി കുട്ടിയുടെ സഹോദരൻ ജൊനാഥൻ അറിയിച്ചിരുന്നു. ജൊനാഥനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നു. കുറച്ചുനേരം ജൊനാഥനെ വലിച്ചിഴച്ച സംഘം പിന്നീട് കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇതിന്റെ ഭാഗമായി ജൊനാഥന് ചെറിയ പരിക്കുകൾ പറ്റിയിട്ടുണ്ട്. നാലംഗസംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതിൽ ഒരു സ്ത്രീയുമുണ്ട്. ഈ സ്ത്രീയാണോ പാരിപ്പള്ളിയിൽ വന്നതെന്ന് പൊലീസിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. പൊലീസിന്റെ സ്‌പെഷ്യൽ ടീമാണ് അന്വേഷണം നടത്തുന്നത്. ഡിജിപി നേരിട്ട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്. സംഘടിത നീക്കമാണ് തട്ടിക്കൊണ്ടു പോകലെന്ന് പൊലീസ് ഉറപ്പിക്കുന്നുണ്ട്.

ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. ട്യൂഷന് പോകുമ്പോൾ കാറിലെത്തിയ സംഘം അഭികേലിനെ തട്ടിക്കൊണ്ടുപോയി എന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥൻ പറയുന്നത്. വൈകിട്ട് നാലരയോടെയാണിത്. കാറ്റാടിമുക്കിൽവെച്ച് കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ജൊനാഥൻ പറയുന്നു. 'സ്‌കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം വീട്ടിനടുത്തുള്ള ട്യൂഷൻ ക്ലാസിലേക്ക് പോകുന്ന വഴിയാണ് സംഭവം നടന്നത്. കാറിനടുത്തെത്തിയപ്പോൾ വണ്ടിയിലുണ്ടായിരുന്ന ഒരാൾ ഒരു പേപ്പർ നൽകി അമ്മയ്ക്ക് കൊടുക്കാൻ ആവശ്യപ്പെട്ടു. താൻ ഇത് നിരസിച്ചെങ്കിലും അഭിഗേൾ പേപ്പർ വാങ്ങി. ഈ സമയം കുട്ടിയെ കാറിലേക്ക് പിടിച്ച് കയറ്റുകയറ്റി. തടയാൻ ശ്രമിച്ചപ്പോൾ തന്നെ സംഘം കമ്പുകൊണ്ട് അടിച്ചു. പിന്നാലെ കുട്ടിയുമായി കടന്നുകളഞ്ഞു. - സഹോദരൻ ജൊനാഥൻ പറഞ്ഞു.

ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. കൂടാതെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വ്യാപക അന്വേഷണത്തിന് നിർദ്ദേശം നൽകി. തമിഴ്‌നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിലും പരിശോധന നടത്തുന്നുണ്ട്. എന്നാൽ കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.