കോട്ടയം : കാറിലെത്തുന്ന സംഘം കുട്ടികളെ പിന്തുടരുന്നതായി പരാതി-കഴിഞ്ഞ മാസം 19ന് മാതൃഭൂമിയിൽ പ്രത്യക്ഷപ്പെട്ട വാർത്തയായിരുന്നു ഇത്. കാറിലെത്തുന്ന യുവതിയടക്കമുള്ള സംഘം സ്‌കൂൾ വിദ്യാർത്ഥികളെ പിന്തുടരുന്നതായി നാട്ടുകാർ. മാങ്ങാനം സ്‌കൂളിന് സമീപമാണ് സംഭവം എന്നായിരുന്നു വാർത്ത. കോട്ടയത്തായിരുന്നു ഇത് നടന്നതെങ്കിൽ ഇപ്പോൾ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയതുകൊല്ലം ഓയൂരിലും. കോട്ടയത്തെ ഈ വാർത്തയിലെ കാർ പൊലീസ് കണ്ടെത്തിയില്ല. ചെറിയ സംഭവങ്ങൾ പോലും വെറുതെ വിടരുതെന്ന സൂചനയാണ് ഈ വാർത്ത നൽകുന്ന പാഠം.

ഒക്ടോബറിലെ വാർത്ത ഇങ്ങനെ തുടരുന്നു. നടന്നുപോകുന്ന കുട്ടികളുടെ സമീപം കാർ നിർത്തി വീട്ടിലെത്തിക്കാമെന്ന് പറഞ്ഞതായി കുട്ടികൾ രക്ഷിതാക്കളോട് പറഞ്ഞു. വെള്ള ഇന്നോവ കാറിലാണ് സംഘമെത്തുന്നത്. ബുധനാഴ്ചയെത്തിയ സംഘത്തിൽ ഒരു യുവതിയുമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. വീട്ടിലേക്ക് നടന്നു പോയ പെൺകുട്ടിയോട് അച്ഛൻ ഓഫിസിലല്ലെ ഞങ്ങൾ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞു. ഇതോടെ ഭയന്ന കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞുവെന്നാണ് മാതൃഭൂമി വാർത്ത. ഓയൂരിലെ തട്ടിക്കൊണ്ടു പോകലിലും ഒരു സ്ത്രീയുണ്ട്. അതും കാറിനുള്ളിൽ. അതുകൊണ്ടാണ് ഈ വാർത്തയുടെ പ്രസക്തി ഈ ഘട്ടത്തിൽ കൂടുന്നത്.

ദിവസങ്ങളായി സംഘം മാങ്ങാനം കേന്ദ്രീകരിച്ച് കറങ്ങുന്നതായാണ് വിവരമെന്നും ഒക്ടോബറിലെ മാതൃഭൂമി വാർത്തയിൽ പറയുന്നു. പലദിവസങ്ങളായി കുട്ടികൾ പരാതി പറഞ്ഞതോടെ വഴിയോരത്തുള്ള സി.സി ടി.വി.ക്യാമറകൾ പരിശോധിച്ചു വരികയാണ്. സംഭവം കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലറിയിച്ചതായും നാട്ടുകാർ പറഞ്ഞുവെന്നും വാർത്ത വിശദീകരിക്കുന്നു. എന്നാൽ അവിടെ ആരും ആരേയും തട്ടിക്കൊണ്ടു പോയില്ല. അതുകൊണ്ട് തന്നെ പൊലീസ് അന്വേഷണത്തിനും മെനക്കെട്ടില്ല. എന്നാൽ ഓയൂരിലെ സംഭവത്തോടെ മാങ്ങാനത്തെ വാർത്തയ്ക്കും പ്രാധാന്യം കൂടി.

ഓയൂരിലും തട്ടിക്കൊണ്ടു പോയ കാർ കുറച്ചു ദിവസങ്ങളായി അവിടെ കറങ്ങിയതായി പറയുന്നു. അങ്ങനെ എങ്കിൽ മാങ്ങാനത്തെ സംഭവവുമായി ഓയൂരിലേയും തട്ടിക്കൊണ്ടു പോകലിന് ബന്ധം ഏറെയാണ്. ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്പർ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. അതിനിടെ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ അജ്ഞാത സ്ത്രീ ഫോണിൽ ബന്ധപ്പെട്ടെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയെ വിട്ടുനൽകാൻ അഞ്ചുലക്ഷം രൂപ നൽകണമെന്നാണ് ഫോണിൽ ബന്ധപ്പെട്ട സ്ത്രീ ആവശ്യപ്പെട്ടത് എന്നാണ് വിവരം. കുട്ടി സുരക്ഷിതയാണെന്നും ഫോൺ വിളിച്ച സ്ത്രീ കുട്ടിയുടെ അമ്മയെ അറിയിച്ചു.

ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൾ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് വിവരം. ട്യൂഷന് പോകുമ്പോൾ കാറിലെത്തിയ സംഘം അബിഗേലിനെ തട്ടിക്കൊണ്ടുപോയി എന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥൻ പറയുന്നത്. കാറ്റാടിമുക്കിൽവെച്ച് കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ജൊനാഥൻ പറയുന്നു. 'സ്‌കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം ട്യൂഷൻ ക്ലാസിലേക്ക് പോകുന്ന വഴിയാണ് സംഭവം നടന്നത്. കാറിനടുത്തെത്തിയപ്പോൾ വണ്ടിയിലുണ്ടായിരുന്ന ഒരാൾ ഒരു പേപ്പർ നൽകി അമ്മയ്ക്ക് കൊടുക്കാൻ ആവശ്യപ്പെട്ടു. താൻ ഇത് നിരസിച്ചെങ്കിലും അഭികേൽ പേപ്പർ വാങ്ങി. ഈ സമയം കുട്ടിയെ കാറിലേക്ക് പിടിച്ച് കയറ്റുകയറ്റി. തടയാൻ ശ്രമിച്ചപ്പോൾ തന്നെ സംഘം കമ്പുകൊണ്ട് അടിച്ചു. പിന്നാലെ കുട്ടിയുമായി കടന്നുകളഞ്ഞു. കാറിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നത് - സഹോദരൻ ജൊനാഥൻ പറയുന്നു.

വിവരമറിഞ്ഞ് നാട്ടുകാരും അയൽവാസികളും ചേർന്ന് പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. സംഭവം നടക്കുമ്പോൾ കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. വെളുത്ത നിറമുള്ള കാറിലാണ് സഹോദരിയെ തട്ടിക്കൊണ്ടുപോയതെന്നും ആ കാർ കുറച്ചുദിവസമായി വീടിനടുത്ത് ഉണ്ടായിരുന്നുവെന്നും ജോനാഥൻ പറഞ്ഞു.