കൊല്ലം: ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്നു പറയുന്നത് പോലെയാണ് കേരളാ പൊലീസിലെ കാര്യങ്ങൾ. ഒരു വശത്ത് നിയമലംഘകരായ ഒരുകൂട്ടം ഉദ്യോഗസ്ഥർ. മറുവശത്ത് നിയമം നടപ്പിലാക്കാൻ തുനിഞ്ഞാൽ സഖാക്കളെ പേടിച്ച് ഒന്നു ചെയ്യാൻ കഴിയാത്തവരും. ഇങ്ങനെ കടുത്ത സംഘർഷത്തിലൂടെയാണ് പൊലീസിലെ ഒരു വിഭാഗം കടന്നു പോകുന്നത്. സഖാക്കളെ സുഖിപ്പിക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥർ നട്ടെല്ലോടെ ജോലി ചെയ്യുന്നവർക്ക് പാരയുമായും രംഗത്തുണ്ട്.

കൊല്ലത്ത് കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങൾ പൊലീസ് സേനയുടെ മനോവീര്യം കെടുത്തുന്നതാണ്. കൊല്ലം എസ്എൻ കോളേജിൽ ഉണ്ടായ വിദ്യാർത്ഥി സംഘർഷവും അതിനെ തുടർന്നുണ്ടായ നപടികളുമാണ് പിന്നീട് പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷത്തിൽ പൊലീസ് ഇടപെട്ടതാണ് വിഷയം. കോളേജിൽ എസ്എഫ്‌ഐ- എഐഎസ്എഫ് സംഘർഷം ഉണ്ടായിരുന്നു. ഈ പ്രശ്‌നങ്ങളുടെ തുടർച്ചയായി മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയെ ഡിവൈഎഫ്ഐ-എസ്.എഫ്.ഐ പ്രവർത്തകർ ഷാഡോ പൊലീസ് ആണെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി പൊലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് ക്രൂരമായി മർദ്ദിച്ചു.

പൊലീസ് സ്‌റ്റേഷന് മുന്നിൽ നടന്ന അതിക്രമം തടയാൻ ശ്രമിച്ച പൊലീസുകാർ, മർദ്ദിച്ചവരിൽ ചിലരെ കസ്റ്റഡിയിൽ എടുത്തതാണ് പ്രശ്‌നങ്ങൽക്ക് കാരണം. തടയാൻ ശ്രമിച്ച ഇൻസ്പെക്ടർക്കും മറ്റ് പൊലീസുകാർക്കും നേരെ പ്രവർത്തകരുടെ അസഭ്യവർഷവും കയ്യേറ്റശ്രമവും ഉണ്ടായി. മർദ്ദനമേറ്റ വിദ്യാർത്ഥി നിരപരാധിയാണെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും പൊലീസിനോടായി കുട്ടിസഖാക്കളുടെ കലിപ്പ് മുഴുവൻ. തുടർന്നുള്ള ദിവസങ്ങളിൽ കൊല്ലം ഈസ്റ്റ് പൊലീസിലെ ഉദ്യോഗസ്ഥരെ നിരന്തരം തെറിവിളിച്ചു കൊണ്ട് രംഗത്തുവരികയായിരുന്നു.

കൊല്ലം എസ്.എൻ കോളേജിലെ മൂന്നാം വർഷ മലയാളം വർഷ മലയാളം വിദ്യാർത്ഥി എസ്.സഞ്ജുവിനെയാണ് രാത്രി ബൈക്കിൽ തട്ടിക്കൊണ്ടുവന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ വളപ്പിൽ വച്ചു മർദ്ദിച്ചത്. ഈമാസം പത്താം തീയ്യതി രാത്രിയാണ് സംഭവം. അന്നു പകൽ കോളേജിൽ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു.കൈ തല്ലിയൊടിച്ചെന്ന എസ്.എഫ്.ഐ പ്രവർത്തകയുടെ പരാതിയിൽ സഞ്ജുവിന് പുറമേ ചില എ.ഐ.എസ്.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എ.ഐ.എസ്.എഫുകാർ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ ഒളിച്ചുവെന്ന പേരിൽ എസ്.എഫ്.ഐ പ്രവർത്തകർ രാത്രി സിപിഐ ഓഫീസ് വളയുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് സഞ്ജുവിനെ രാത്രി 10 ന് തേവലക്കര ചേനങ്കരയിലെ വീടിന് സമീപത്ത് നിന്ന് ഡിവൈഎഫ്ഐ-എസ്.എഫ്.ഐ പ്രവർത്തകർ തട്ടിക്കൊണ്ടു വന്നത്. സഞ്ജുവിന്റെ ബൈക്കിൽ ഒപ്പം രണ്ട് പേർ കയറി.മറ്റ് ബൈക്കുകളിലായി 9 പേർ പിന്തുടർന്നു.സ്റ്റേഷൻ വളപ്പിലെത്തിയപ്പോൾ അവിടെ ഇരുപതോളം ഡിവൈഎഫ്ഐ-എസ്.എഫ്.ഐ പ്രവർത്തകർ കാത്ത് നിൽപ്പുണ്ടായിരുന്നു.ഇവർ സംഘം ചേർന്ന് സഞ്ജുവിനെ ക്രൂരമായി മർദ്ദിച്ചു. തടയാൻ ശ്രമിച്ച ഇൻസ്പെക്ടർ ജി.അരുണിനേയും മറ്റ് പൊലീസുകാരേയും ഡിവൈഎഫ്ഐ-എസ്.എഫ്.ഐ പ്രവർത്തകർ നേരിട്ടു.തുടർന്ന് പൊലീസുകാർ സഞ്ജുവിനെ സറ്റേഷന്റെ അകത്തേക്ക് മാറ്റിയാണ് രക്ഷപ്പെടുത്തിയത്.

പിന്നീട് ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.കോളേജിലെ സംഘർഷത്തിന്റെ പേരിൽ സഞ്ജുവിനെതിരെ കേസെടുത്തിരുന്നെങ്കിലും പരാതിക്കാരി തന്നെ സഞ്ജു നിപരാധിയാണെന്ന് കോടതിയിൽ വ്യക്തമാക്കിയതായി പൊലീസ് പറയുന്നു.തുടർന്ന് ജാമ്യത്തിലും വിട്ടു.എ.ഐ.എസ്.എഫ് പ്രവർത്തകരുടെ സുഹൃത്തായ സഞ്ജുവിന് സംഘടനയിൽ അംഗത്വമില്ലെന്നും പറയുന്നു. ഡിവൈഎഫ്ഐ-എസ്.എഫ്.ഐ പ്രവർത്തകരായ കണ്ണൻ(20),ശരത്(23),നിർമ്മൽ(21),ഗൗതം(20),അംജിത് കണ്ടാലറിയാവുന്ന മറ്റ് 10 പേർക്കെതിരെ തട്ടിക്കൊണ്ടുപോകലിനും സംഘം ചേർന്ന് മർദ്ദിച്ചതിനും കേസെടുത്തു.

ഇതോടെയാണ് ഉന്നത സഖാക്കൾ അടക്കം ഇടപെട്ടു തുടങ്ങിയത്. ജില്ലാ സെക്രട്ടറി അടക്കമുള്ളവർ കൊല്ലം പൊലീസ് സ്‌റ്റേഷനിലേക്ക് ഫോൺവിളിച്ചു. കൂടാതെ എസ്എഫ്‌ഐ പ്രവർത്തകർ നിരന്തരം പൊലീസിനെ സമ്മർദ്ദത്തിലാക്കി വിഷയം ഒതുക്കാനുമാണ് ശ്രമിക്കുന്നത്. കേസൊഴിവാക്കൻ ആദ്യം ഉന്നതതല ഇടപെടലുണ്ടായിരുന്നു. ഇതിനിനെ ഒരു പൊലീസ് ഉന്നതൻ തന്നെ സഖാക്കളെ രക്ഷിക്കാൻ വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ഈ സംഭവത്തിൽ പൊലീസിന്റെ മനോവീര്യം കെടുത്തുന്ന വിധത്തിലുള്ള ഇടപെടലാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ പൊലീസ് സേനയിലും അമർഷം അണപൊട്ടുകയാണ്.