ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. കുപ്രസിദ്ധ ഗുണ്ട കൊമ്പൻ ജഗനെയാണ് പൊലീസ് വെടിവച്ചുകൊന്നുത്. തിരുച്ചിറപ്പള്ളിയിലായിരുന്നു ഏറ്റുമുട്ടൽ. തെറ്റ് ചെയ്യുന്നവരല്ല, തെറ്റ് തിരുത്തുന്നവരാണ് എന്ന അവകാശവാദവുമായി സാമൂഹിക മാധ്യമങ്ങളിൽ റീൽസിട്ട് ആരാധകരെ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു ജഗൻ. തിരിച്ചിറപ്പള്ളിയിൽ ഏറെ സ്വാധീനമുള്ള ഗുണ്ടായാണ് ജഗൻ. 4 മാസത്തിനിടെ അഞ്ച് പേരാണ് സംസ്ഥാനത്ത് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരിക്കുന്നത്.

കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊമ്പൻ ജഗൻ എന്ന തിരുച്ചി ജഗൻ പട്ടാപ്പകൽ പൊലീസിന്റെ വെടിയേറ്റു മരിച്ചത് വലിയ ചർച്ചയായിട്ടുണ്ട്. ഗുണ്ടകളോട് കടുത്ത നിലപാട് എടുക്കാനാണ് തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം. ഇത് അനുസരിച്ചായിരുന്നു ഓപ്പറേഷൻ. തിരുച്ചിറപ്പള്ളിയിൽ സനമംഗലം വനത്തോട് ചേർന്ന പ്രദേശത്ത് വച്ചാണ് സംഭവം. ജഗൻ ഒളിവിൽ കഴിയുന്നതായി അറിഞ്ഞെത്തിയ പൊലീസ് സംഘത്തിനു നേരേ പെട്രോൾ ബോംബെറിഞ്ഞെന്നും പ്രാണരക്ഷാർത്ഥം എഎസ്‌ഐക്ക് വെടിയുതിർക്കേണ്ടി വന്നു എന്നുമാണ് ഔദ്യോഗിക ഭാഷ്യം. ജഗന്റെ വെട്ടേറ്റ് കൈക്ക് പരിക്കേറ്റ എസ്‌ഐ വിനോദിനെ ആശുപുത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മെയിൽ ജഗന് ജന്മദിനാശംസകൾ നേർന്ന് തിരുച്ചിറപ്പള്ളിയിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പൊലീസ് ഇയാളെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തിരുന്നു. ചെന്നൈയിൽ 2 ഗുണ്ടകൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിൽ മദ്രാസ് ഹൈക്കോടതി സിബിസിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജഗന്റെ കൊല. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഗുണ്ടകൾക്കെതിരെ അതിശക്തമായ നിലപാടാണ് എടുക്കുന്നത്. അതിന്റെ തുടർച്ചയാണ് ഈ ഓപ്പറേഷനും.

ജഗന്റെ പിറന്നാൾ ആഘോഷം ഏറെ വിവാദമായിരുന്നു. ആയുധങ്ങളുമായി കേക്ക് മുറിയാണ് പദ്ധതിയിട്ടത്. ഇത് അറിഞ്ഞ് എത്തിയാണ് അന്ന് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. അതിന് ശേഷം ജാമ്യത്തിൽ ഇറങ്ങി. പിന്നേയും ഗുണ്ടാ പ്രവർത്തനം തുടർന്നു. ഇതിനിടെയാണ് പൊലീസ് ഗുണ്ടകൾക്കായി തിരച്ചിൽ വ്യാപകമാക്കിയത്. ഇതോടെ കൊമ്പന് വേണ്ടി പൊലീസ് അതിശക്തമായി വലവരിച്ചു. ഇത് പൊട്ടിച്ചു കടക്കാൻ ജഗന് കഴിഞ്ഞില്ല.

കൊലപാതകം ഉൾപ്പെടെ പത്തിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ജഗൻ ഒളിവിലായിരുന്നു. സനയമംഗലം വനമേഖലയിൽ ഇയാൾ ഉള്ളതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് ഇൻസ്‌പെക്ടർ എസ്. കരുണാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ തിരിച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. വനമേഖലയിൽ ഒളിച്ചിരുന്ന ജഗനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്‌ഐ. വിനോദിനെ വടിവാൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് ജഗന് നേരെ കരുണാകരൻ നിറയൊഴിക്കുകയായിരുന്നു.

വിനോദിന്റെ ജീവൻ രക്ഷിക്കുന്നതിനായിട്ടാണ് കരുണാകരൻ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് തന്നെ മരിച്ച ജഗന്റെ മൃതദേഹം ലാൽഗുഡി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജഗന്റെ കൊലയിൽ മറ്റ് ചില വിവാദവും ഉയരുന്നുണ്ട്. മനപ്പൂർവ്വം പൊലീസ് വെടിവച്ചു കൊന്നതാണെന്നാണ ആരോപണം.