കണ്ണൂർ: മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ കൊളച്ചേരി പറമ്പിൽ സുഹൃത്തായ മുൻ ലോഡിങ് തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശൻ കുറ്റം സമ്മതിച്ചു. ദിനേശന്റെ അറസ്റ്റു ഇന്ന് രേഖപ്പെടുത്തും. ബുധനാഴ്‌ച്ച രാത്രി കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ച് പ്രതിയുടെ വൈദ്യ പരിശോധന പൂർത്തിയാക്കി.

മയ്യിൽ പൊലിസ് സ്റ്റേഷൻപരിധിയിലെ കൊളച്ചേരി പറമ്പിൽ അൻപതുവയസുകാരൻ വിറകുകൊള്ളികൊണ്ടുള്ള അടിയേറ്റുമരിച്ച സംഭവത്തിൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടെന്നു പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ പൊലിസ് കസ്റ്റഡിയിലുള്ള ഗ്രേഡ് എസ്. ഐ എ. ദിനേശന്റെ മൊഴിയിൽ നിന്നാണ് ഈക്കാര്യം വ്യക്തമായത്. ഇവർക്കായി പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതിൽ ചിലർ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.

കൊളച്ചേരി പറമ്പിലെ കൊമ്പൻ ഹൗസിൽ സജീവനൊ(55)യാണ്ബുധനാഴ്‌ച്ച രാത്രി ഏഴരയോടെ ദിനേശന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കും ദേഹത്തും ആഴത്തിലുള്ള മർദ്ദനമേറ്റ നിലയിലായിരുന്ന സജീവനെ പൊലിസ് എത്തിച്ചു പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അതിനിടെയിൽ മരണമടയുകയായിരുന്നു.

മദ്യലഹരിയിലുണ്ടായ വാക്തർക്കത്തിനിടെ ദിനേശൻ വീടിന്റെ അടുക്കളയിലുണ്ടായിരുന്ന പട്ടിക കഷ്ണം കൊണ്ടു സജീവന്റെ തലയ്ക്കും ദേഹത്തും തലങ്ങും വിലങ്ങുമടിച്ചുവെന്നാണ് പൊലിസ് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായത്. മുൻ ലോഡിങ് തൊഴിലാളിയായ സജീവൻ ഏറെക്കാലമായി ചികിത്സയിലായിരുന്നതിനാൽ ജോലിക്ക് പോകാറില്ല. ദിനേശന്റെ വീട്ടിൽ ഇവർ അധികദിവസങ്ങളിലും മദ്യസദസു നടത്താറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഇവിടെ നിന്നും ഉച്ചത്തിലുള്ള ബഹളങ്ങളും അർധരാത്രിവരെ വെളിച്ചവും കാണാറുണ്ടെന്നാണ് മൊഴി. മയ്യിൽ എസ്. ഐ സുമേഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗ്രേഡ് എസ്. ഐയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് വ്യാഴാഴ്‌ച്ച രാവിലെ രേഖപ്പെടുത്തി ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് എസ്. ഐ അറിയിച്ചു. കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തിവരുന്നത്.

മുൻ ലോഡിങ് തൊഴിലാളിയാണ് കൊമ്പൻ സജീവൻ. പരേതനായ കുഞ്ഞപ്പയുടെയും ലീലയുടെയും മകനാണ്. അങ്കണവാടി വർക്കറായി ഗീതയാണ് ഭാര്യ. മക്കൾ: സ്വേത(നഴ്സിങ് സ്റ്റുഡന്റ് ബംഗ്ളൂര്) ശ്രേയ(വിദ്യാർത്ഥിനി)സഹോദരങ്ങൾ: പുഷ്പജൻ, മാലതി, ശോഭ, അനിത, അജിത.