മലപ്പുറം: കൊണ്ടോട്ടി ടൗണില്‍ നറുറോഡില്‍ യുവാക്കളെ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ച കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് അക്രമത്തിനിരയായ യുവാക്കളുടെ പരാതി. തങ്ങള്‍ നല്‍കിയ പരാതിയില്‍ പൊലീസ് ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മര്‍ദനത്തിനിരയായ മലപ്പുറം പുളിക്കല്‍ വലിയപറമ്പ് സ്വദേശികളായ മിഥുന്‍, സിനുലാല്‍ എന്നിവര്‍ ആരോപിച്ചു.

ആക്രമണത്തിന്റെ തീവ്രത സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പ്രതിയായ കൊണ്ടോട്ടി മേലങ്ങാടി സ്വദേശിയായ ആസിഫിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തണമെന്നും യുവാക്കള്‍ ആവശ്യപ്പെട്ടു. കേസില്‍ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ആക്രമിച്ച ആസിഫുമായി യാതാരുവിധ പ്രശ്നങ്ങളും ഇല്ലാത്ത സിനുലാലിന്റെ സുഹൃത്തായ തനിക്കാണ് മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റതെന്ന് മിഥുന്‍ പറയുന്നു.

സിനുലാല്‍ ജോലി ചെയ്യുന്ന കൊണ്ടോട്ടിയിലെ കടയുടെ മുന്നില്‍വെച്ചാണ് ഒക്ടോബര്‍ 19ന് രാത്രി മറ്റൊരാളോടൊപ്പം ബൈക്കിലെത്തി ആസിഫ് തങ്ങളെ മര്‍ദിച്ചത്. താനുമായി നേരത്തെയുണ്ടായ വ്യക്തി വൈരാഗ്യമാണ് ആസിഫിനെ ആക്രമത്തിലേക്ക് നയിച്ചതെന്ന് സിനുലാല്‍ പറയുന്നു. മര്‍ദിച്ച വ്യക്തിയുമായി മുമ്പ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. തന്നെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞപ്പോള്‍ താന്‍ തിരിച്ചും പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇങ്ങനെ ക്രൂരമായി മര്‍ദനം പ്രതീക്ഷിക്കാത്തതാണെന്നും സിനുലാല്‍ പറഞ്ഞു. സിനുലാലിന്റെ കൂടെ കടയുടെ മുമ്പില്‍ ബൈക്കില്‍ ഇരിക്കുന്ന സമയത്താണ് ഹോക്കിസ്റ്റിക്കുമായി ആസിഫിന്റെ അപ്രതീക്ഷിത ആക്രമമെന്ന് മിഥുന്‍ വ്യക്തമാക്കുന്നു. തലക്കും കണ്ണിനും പരിക്കേറ്റ താന്‍ ഒരാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നുവെന്നും മിഥുന്‍ പറയുന്നു. പ്രതിയെ രക്ഷപ്പെടുത്താന്‍ പൊലീസ് മനപൂര്‍വം ശ്രമിക്കുകയാണോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ടെന്നും ഇരുവരും ആരോപിച്ചു.