- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോടതി ഉത്തരവ് മറികടന്ന് വ്യക്തിയുടെ വസ്തുവില്‍ അതിക്രമിച്ച് കടന്ന് നാശനഷ്ടം വരുത്തി; തോട്ടിലെ ചെളി കോരിയിട്ട് റോഡുണ്ടാക്കി; കോന്നി പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍ക്കെതിരേ കേസ്
കോന്നി എസ് എച്ച് ഒ ഒത്തു തീര്‍പ്പിന്റെ ഭാഷയില്‍ സംസാരിച്ചുവെന്ന് പരാതി
പത്തനംതിട്ട: കോടതിയുടെ നിരോധന ഉത്തരവ് ലംഘിച്ച് വ്യക്തിയുടെ വസ്തുവില്‍ അതിക്രമിച്ച് കടന്ന കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും തോട്ടില്‍ നിന്ന് ചെളി കോരിയിട്ട് റോഡ് നിര്‍മിക്കുകയും ചെയ്ത കോന്നി പഞ്ചായത്തിലെ സെക്രട്ടറി അടക്കമുള്ള ജീവനക്കാര്‍ക്കെതിരേ കോന്നി പോലീസ് കേസെടുത്തു. കോടതി ഉത്തരവിനെ വെല്ലുവിളിച്ച് നടത്തിയ അതിക്രമത്തിന് പോലീസും കൂട്ടുനിന്നുവെന്ന് വസ്തു ഉടമ ആരോപിക്കുന്നു. സ്ഥലത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ ഹൈക്കോടതി ചുമതലപ്പെടുത്തിയ കോന്നി എസ്എച്ച്ഓ ഒത്തു തീര്‍പ്പിന്റെ ഭാഷയില്‍ സംസാരിച്ചുവെന്നും പരാതി.
കോന്നി കുരിട്ടിയില്‍ മുരളി മോഹന്റെ പരാതിയിലാണ് കേസ്. ടൗണിനോട് ചേര്‍ന്നാണ് മുരളി മോഹന്റെ ഭൂമിയുള്ളത്. ഇദ്ദേഹം ഏറെക്കാലമായി വിദേശത്തായിരുന്നതിനാല്‍ അയല്‍വാസികള്‍ ഭൂമി കൈയേറി നടപ്പു വഴിയായി ഉപയോഗിച്ച് വരികയായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ മുരളി മോഹനും സഹോദരങ്ങളും ചേര്‍ന്ന് തങ്ങളുടെ ഭൂമി കൃഷിയോഗ്യമാക്കി വാഴ നടുകയും സംരക്ഷണ വേലി കെട്ടുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം അയല്‍ വാസികള്‍ ഭൂമി കൈയേറി വഴി വെട്ടാനും കാര്‍ഷിക വിളകള്‍ നശിപ്പിക്കാനും ശ്രമിച്ചപ്പോള്‍ മുരളി മോഹന്‍ പത്തനംതിട്ട മുന്‍സിഫ് കോടതിയെ സമീപിച്ച് നിരോധന ഉത്തരവ് സമ്പാദിച്ചിരുന്നു. എന്നാല്‍, പിന്നീട് എതിര്‍കക്ഷികള്‍ വാര്‍ഡ് മെമ്പറുടെ സഹായത്തോടെ നിരോധന ഉത്തരവ് ലംഘിച്ച് ഭൂമിയില്‍ അതിക്രമിച്ച് കടന്ന് നാശനഷ്ടങ്ങള്‍ വരുത്തി. പല തവണയും ഇത് ആവര്‍ത്തിക്കപ്പെട്ടു. അപ്പോഴൊക്കെ കോടതി വിധി ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് മുരളി മോഹന്‍ ഹൈക്കോടതിയെ സമീപിച്ചു. ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ കോന്നി എസ്.എച്ച്.ഓയ്ക്ക് നിര്‍ദേശം നല്‍കി.
എന്നാല്‍, കഴിഞ്ഞ മാസം 31 ന് പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍ എന്നിവരുള്‍പ്പെടെ എട്ടംഗ സംഘം ഭൂമിയില്‍ അതിക്രമിച്ച് കയറി സംരക്ഷണ വേലി പൊളിക്കുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും കൃഷിഭൂമിയില്‍ മാലിന്യം നിക്ഷേപിക്കുകയും ചെയ്തുവെന്നാണ് മുരളി മോഹന്റെ പരാതി. തനിക്കും സഹോദരങ്ങള്‍ക്കുമായി ഒന്നരലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉണ്ടായെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ക്രമസമാധാനം ഉറപ്പാക്കേണ്ട എസ്.എച്ച്.ഓ പരാതിയില്‍ നടപടി എടുത്തില്ല. ഇതിനിടെ തൊട്ടടുത്ത തോട്ടിലെ മാലിന്യം വാരി ഭൂമിക്ക് നടുവിലൂടെ നിരത്തി.
കോടതി വിധി തുടരെ ലംഘിച്ചു കൊണ്ട് പഞ്ചായത്ത് അധികൃതര്‍ നേരിട്ട് തന്റെ ഭൂമിയിലൂടെ ജെ.സി.ബി ഇറക്കിയതിന് മുന്നില്‍ ഉടമ കയറി നിന്നതോടെ പോലീസ് ഇടപെട്ടു. കുമ്മണ്ണൂര്‍ സ്വദേശിയുടെ ജെ.സി.ബി പോലീസ് കസ്റ്റഡിയില്‍എടുത്ത് സ്റ്റേഷനില്‍ എത്തിക്കുകയും പിന്നാലെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്