കോന്നി: ഇതൊരു കിളി പോകുന്ന ബൈക്ക് എക്‌സ്‌ചേഞ്ച് കഥയാണ്. കറുത്ത പൾസർ ബൈക്കിൽ വന്നയാൾ ബാങ്കിൽ പണമടയ്ക്കാൻ കയറി മടങ്ങി വന്നപ്പോൾ എടുത്തു കൊണ്ടു പോയത് മുന്നിലിരുന്ന മറ്റൊരു കറുത്ത പൾസർ ബൈക്ക്. ബൈക്കിന്റെ ഉടമ വന്നപ്പോൾ തന്റെ കറുത്ത പൾസർ കാണാനില്ല. അദ്ദേഹം നേരെ പൊലീസിൽ പോയി പരാതി നൽകി.

അപ്പോഴതാ മോഷണം പോയെന്ന് കരുതിയ ബൈക്കും ഓടിച്ച് ഒരാൾ പൊലീസ് സ്‌റ്റേഷനിൽ എത്തുന്നു. അയാൾ പറയുന്നു 'സോറി ബൈക്ക് മാറിപ്പോയി. ഞാൻ വന്നതും കറുത്ത പൾസർ ബൈക്കിലായിരുന്നു. ബാങ്കിൽ നിന്ന് ഇറങ്ങി വന്നപ്പോൾ കണ്ട കറുത്ത ബൈക്കുമായി ഞാനങ്ങു പോയി. മാത്രവുമല്ല, താൻ വന്ന ബൈക്ക് തന്റെയല്ല, കൂട്ടുകാരന്റെയാണ്. അബദ്ധം മനസിലാക്കി തിരിച്ചു കൊണ്ടു വന്നിരിക്കുകയാണ്. കേട്ടാൽ ആരുടെയും കിളി പോകുന്ന കഥ. ഒടുവിൽ പൊലീസിനും മനസിലായി സംഭവം അബദ്ധം പറ്റിയത് തന്നെ.

കോന്നി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ഇന്നലെയാണ് സംഭവം അരങ്ങേറുന്നത്. അരുവാപ്പുലം സനിൽ ഭവനിൽ സനൽകുമാറിന്റെ കെ.എൽ. 02 ഇ 4504 കറുത്ത പൾസർ ബൈക്കാണ് അൽപ്പ സമയത്തേക്കെങ്കിലും കാണാതെ പോയത്. വളരെ പഴകിയ ബൈക്കാണ്. ഏത് കീ ഇട്ടാലും വണ്ടി സ്റ്റാർട്ടാക്കി ഓടിച്ചു പോകാമെന്ന പ്രത്യേകതയുമുണ്ട്.

സനലിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുമ്പോഴാണ് കൊടുമൺ ഈസ്റ്റ് ചക്കാലമുക്ക് കിഴക്കേ കല്ലിൽ അനീഷ് മോഷണം പോയെന്ന് കരുതുന്നബൈക്കുമായി സ്‌റ്റേഷനിൽ എത്തുന്നത്. ചെങ്ങന്നൂരിലെ കറിപൗഡർ കമ്പനി ജീവനക്കാരനായ അനീഷ് പിരിഞ്ഞു കിട്ടിയ പണം കോന്നി ഫെഡറൽ ബാങ്കിൽ അടയ്ക്കുന്നതിന് വേണ്ടി കയറി ഇറങ്ങി വന്നപ്പോൾ മാറി എടുത്തു കൊണ്ടു പോയതാണ്.

വാഹനം ഒരു ദിവസത്തേക്ക് ബന്ധുവിന്റെ കൈയിൽ നിന്നും വാങ്ങിയതാണ്. അതു കാരണം വാഹനവുമായി വലിയ പരിചയമില്ല. നമ്പരും അത്ര പിടിയില്ല. ബാങ്കിൽ നിന്ന് ഇറങ്ങി വന്നപ്പോൾ കണ്ടത് സനലിന്റെ ബൈക്കാണ്. അതാകട്ടെ ഏതു താക്കോലിട്ടാലും തുറക്കാവുന്നത്. താൻ വന്ന ബൈക്കിന്റെ താക്കോൽ ഇട്ടപ്പോൾ ബൈക്ക് സ്റ്റാർട്ടായി. ഓടിച്ചു പോവുകയും ചെയ്തു. തിരിച്ച് ചെല്ലുമ്പോഴാണ് വണ്ടി മാറിയ വിവരം മനസിലാക്കിയത്. നേരെ വാഹനവുമായി പൊലീസ് സ്‌റ്റേഷനിലേക്ക് പോന്നു. അനീഷിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തു. അയാൾ വന്ന ബൈക്ക് കോന്നി ബാങ്കിന് മുന്നിൽ തന്നെ ഇരിക്കുന്നുമുണ്ടായിരുന്നു.