പത്തനംതിട്ട: ഒരേ തരം തട്ടിപ്പ് നടത്തി പല തവണ പിടിവീഴുമ്പോൾ അത് ഉപേക്ഷിച്ച് പുതിയ തട്ടിപ്പിലേക്ക് മാറുകയാണ് ഇന്നാട്ടിലെ തട്ടിപ്പുകാർ. തട്ടിപ്പ് ഏതായാലും അതിന് കൊണ്ടു പോയി തലവയ്ക്കാൻ മലയാളികളെ കഴിഞ്ഞേയുള്ളൂ. അത്തരം വളരെ വിചിത്രമായ ഒരു തട്ടിപ്പാണ് കോന്നിക്കാരി രമാ സന്തോഷ് നടത്തിയിരിക്കുന്നത്.

ദേവസ്വം ബോർഡിൽ നിന്നും കോടികൾ നഷ്ടപരിഹാര തുക ലഭിച്ചുവെന്നും അത് കിട്ടാൻ ജിഎസ്ടിയും ടാക്സുമായി 15 ലക്ഷം അടയ്ക്കണമെന്നും പണം തന്നു സഹായിച്ചാൽ പിന്നീട് വലിയ തുക തിരിച്ചു കൊടുക്കാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. കോന്നി വെള്ളപ്പാറ സ്വദേശിനിയാണ് രമാ സന്തോഷ്. തട്ടിപ്പിന് ഇരകളായ ഇലന്തൂർ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഉത്തമൻ, കൊടുമൺ സ്വദേശികളായ കെ.പി പുഷ്പ, മിനിതോമസ്, ടി.ആർ. ലളിത, സജിബേബി എന്നിവർ പൊലീസിൽ പരാതി നൽകി.

പല കള്ളങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ചാണ് രമാ സന്തോഷ് ആളുകളിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയത്. തങ്ങൾക്ക് കുടികിടപ്പ് അവകാശമായി ലഭിച്ച അരയേക്കർ ഭൂമി ദേവസ്വം ബോർഡ് വർഷങ്ങൾക്ക് മുമ്പ് ഏറ്റെടുത്തിരുന്നുവെന്നും ഇതിന്റെ തുക കിട്ടാത്തതിനെ തുടർന്ന് നടത്തിയ കേസിൽ കോടികൾ നഷ്ടപരിഹാരമായി കോടതി വിധിച്ചിട്ടുണ്ടെന്നുമാണ് ഇവർ പലരോടും പറഞ്ഞത്. എന്നാൽ പണം ലഭിക്കാൻ ഒരു ലക്ഷം രൂപ ടാക്സും 14 ലക്ഷം രൂപ ജി.എസ്.ടിയും അടയ്ക്കേണ്ടതുണ്ടെന്നും ആ തുക കൈവശമില്ലാത്തതിൽ പണം തന്ന് സഹായിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. പണം നൽകിയാൽ തങ്ങൾക്ക് ലഭിക്കുന്ന കോടികളിൽ നിന്നും ഒരു വൻ തുക തിരികെ നൽകാമെന്ന് രമാ സന്തോഷ് വാക്കുപറഞ്ഞതോടെ ഇവരുടെ കെണിയിൽ പലരും വീഴുകയായിരുന്നു.

ചിലർ ബന്ധുക്കളിൽ നിന്ന് ലക്ഷങ്ങൾ കടം വാങ്ങിയും കൈവശമുള്ള സ്വർണം വിറ്റും രമാ സന്തോഷിനെ സഹായിച്ചു. ഇന്നു പണം തന്നാൽ നാളെ പത്തിരട്ടിയിലധികം തുക തിരികെ നൽകാമെന്നായിരുന്നു ഇവർ ചെയ്ത വാഗ്ദാനം. അധിക പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കടം മേടിച്ച് പലരും രമയ്ക്ക് നൽകിയത്. വിശ്വാസം വളർത്താനായി പണം നൽകാൻ തയാറായവരെ പത്തനംതിട്ട യൂണിയൻ ബാങ്ക് ശാഖയിൽ കൊണ്ടുപോയി മറ്റൊരു തന്ത്രം രമ പയറ്റി. ബാങ്കിനുള്ളിൽ വെച്ച് രമ മാനേജരുടെ ക്യാബിനിൽ എത്തി എന്തൊക്കെയൊ സംസാരിച്ചശേഷം പുറത്തിറങ്ങി പണം നാളെയെ ശരിയാവുകയുള്ളൂ എന്ന് പറഞ്ഞ് കൂടെ എത്തിയവരെ വിശ്വസിപ്പിച്ചു. ചിലരെ പത്തനംതിട്ട കോടതി വളപ്പിൽ കയറ്റി വക്കീലന്മാരുമായി താൻ സംസാരിക്കുന്നത് രമ കാട്ടി കൊടുത്തു. ബാങ്ക് മാനേജരുമായോ വക്കീലുമായൊ എന്താണ് സംസാരിച്ചതെന്ന് യഥാർഥത്തിൽ വഞ്ചിതരായവർ അറിഞ്ഞിരുന്നില്ല.

വസ്തു വാങ്ങാനായാണ് രമ ചിലരെ സമീപിച്ചത്. ഭൂമി എടുക്കാൻ തയാറാണെന്നും അതിനായി കുറച്ച് ദിവസം സാവകാശം നൽകണമെന്നും ആവശ്യപ്പെട്ട രമ ഭൂമിയുടെ നഷ്ടപരിഹാര തുകയുടെ കാര്യം അവർക്ക് മുന്നിലും അവതരിപ്പിച്ചു. ഇത്രയും തുക അടിയന്തരമായി തന്നു സഹായിച്ചാൽ ഭൂമിയുടെ വില കൂടാതെ നല്ലൊരു തുക അധികമായി നൽകാമെന്ന് വാഗ്ദാനം നൽകിയതോടെ അവരും പലരിൽ നിന്നും 15 ലക്ഷത്തിൽ അധികം രൂപ കടം വാങ്ങി രമയ്ക്ക് നൽകി. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. രമയും ഇവരുടെ സുഹൃത്തായ കോന്നി സ്വദേശി സജുവും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. വിശ്വാസത്തിനായി ചെക്കുകളും കോടതിയുടെ പേരിലുള്ള ചില വ്യാജരേഖകളും ആളുകൾക്ക് നൽകുകയുണ്ടായി.

രമയും സുഹൃത്തും കൊടുമണ്ണിൽ ഒരു വീട് വാടകയ്ക്ക് എടുത്താണ് തട്ടിപ്പ് നടത്തിയത്. 2019 മുതലാണ് തട്ടിപ്പ് നടത്തി വന്നത്. ഇപ്പോൾ ഇവർ ഒളിവിലാണ്.ഫോൺ നമ്പരും ഉപയോഗത്തിലില്ല. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ്മേധാവി, കലക്ടർ, കൊടുമൺ, കോന്നി പൊലീസ് എന്നിവർക്ക് പരാതി നൽകിയതായും തട്ടിപ്പിന് ഇരയായവർ പറഞ്ഞു.