പത്തനംതിട്ട: പോപ്പുലർഫ്രണ്ടിന്റെ പ്രവർത്തകർക്ക് മേൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചാരക്കണ്ണുകൾ. വരുമാനമാർഗം കാണിക്കാൻ കഴിയാതെ ലക്ഷങ്ങൾ ചെലവഴിച്ചവർക്കെതിരേയാണ് ഇഡിയുടെ അന്വേഷണം. ഇന്നലെ പത്തനംതിട്ടയിൽ അതീവരഹസ്യമായി നടത്തിയ അന്വേഷണത്തിൽ നിരവധി വ്യാപാരികൾക്കെതിരായ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

പത്തനംതിട്ട ടൗൺ, കോന്നി എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. സൂപ്പർമാർക്കറ്റ്, തുണിക്കട, ഹോട്ടൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പോപ്പുലർ ഫ്രണ്ടിന് സ്വന്താമായി ഓഫീസ് ഉണ്ടായിരിക്കേ കോന്നിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ഇവരുടെ യോഗം ചേർന്നതും സംശയത്തിന് ഇട നൽകി.

പത്തനംതിട്ടയിൽ സൂപ്പർമാർക്കറ്റ്, ഹോട്ടൽ, കോന്നിയിൽ തുണിക്കട, അടുത്തു തന്നെ ആരംഭിക്കാൻ പോകുന്ന സ്ഥാപനം എന്നിവയാണ് നിരീക്ഷിക്കപ്പെട്ടത്. വ്യാപാര സ്ഥാപനങ്ങൾ ആരംഭിക്കാൻ പലരും ഒരു കോടി രൂപ വരെ ചെലവഴിച്ചു. സാമ്പത്തികമായി അത്ര ശേഷിയില്ലാത്തവർ കട തുടങ്ങാനുള്ള മുറിക്ക് 40 മുതൽ 60 ലക്ഷം വരെ ഡെപ്പോസിറ്റ് നൽകിയതായി ഇഡി കണ്ടെത്തി. കടകളിലേക്ക് ഒരു കോടി രൂപയുടെ വരെ സാധനങ്ങൾ സ്റ്റോക്ക് ചെയ്തു. സമീപകാലത്ത് പൊടുന്നനെ അപ്രത്യക്ഷമായ ട്രസ്റ്റുകളുടെ നീക്കവും പരിശോധിച്ച് വരുന്നുണ്ട്.

പത്തനംതിട്ട, കോന്നി എന്നിവയ്ക്ക് പുറമേ മണ്ണഞ്ചേരി, ഫാറൂഖ്, തൃക്കരിപ്പൂർ , കരുനാഗപ്പള്ളി, തുടങ്ങിയ സ്ഥലങ്ങളിലെ ഇടപാടുകളാണ് അന്വേഷണ പരിധിയിൽ. സെൻട്രൽ ഇന്റലിജൻസും ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.