- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; യുവാവിനെ കമ്പിവടിക്ക് അടിച്ചു കൊന്നു കനാലിലിട്ടു; പ്രതിയെ പൊലീസ് വനത്തിൽ നിന്ന് സാഹസികമായി പിടികൂടി; മൽപ്പിടുത്തത്തിനിടയിൽ പൊലീസുകാർക്കും പരുക്ക്; സംഭവം കൂടൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ
പത്തനംതിട്ട: ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് യുവാവിനെ അടിച്ചു കൊന്ന് കനാലിൽ തള്ളിയ കേസിലെ പ്രതി പിടിയിൽ. കലഞ്ഞൂർ സ്വദേശി ശ്രീകുമാർ ആണ് കൂടൽ ഇൻസ്പെക്ടർ പുഷ്പകുമാറിന്റെയും സംഘത്തിന്റെയും പിടിയിലായത്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസുകാർക്കും പരുക്കേറ്റു. കലഞ്ഞൂർ അനന്തുഭവനിൽ അനന്തുവാ(28)ണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച കല്ലട ഇറിഗേഷൻ പദ്ധതിയുടെ കാരുവേലിൽ കനാലിലാണ് മൃതദേഹം കണ്ടത്. പൊലീസ് എത്തി മൃതദേഹം കണ്ടെടുത്ത് ഇൻക്വസ്റ്റ് തയാറാക്കുന്നതു വരെ സ്ഥലത്തുണ്ടായിരുന്ന സമീപവാസി ശ്രീകുമാർ ഒളിവിൽപ്പോയി. ഭാര്യയുമായുള്ള ബന്ധത്തിന്റെ പേരിൽ അനന്തുവും ശ്രീകുമാറുമായി നേരത്തേയും വാക്കേറ്റം ഉണ്ടായിട്ടുള്ളതായി പറയുന്നു.
കുളത്തുമണ്ണിലുള്ള ബന്ധുവീട്ടിലാണ് ശ്രീകുമാർ ഒളിവിൽ കഴിഞ്ഞിരുന്നത്. അവിടെ വനത്തോടു ചേർന്നുള്ള ഷെഡിലായിരുന്നു രാത്രി വിശ്രമം. പകൽ വനത്തിലേക്ക് കയറിപ്പോകും. ഈ വിവരം അറിഞ്ഞ് ഇൻസ്പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാത്രി ഷെഡിന് സമീപം പതുങ്ങിയിരുന്നു. രാത്രി ഷെഡിലേക്ക് വന്ന ശ്രീകുമാർ പൊലീസ് സംഘത്തെ കണ്ട് വനത്തിലേക്ക് ഓടി. വനത്തിലേക്കുള്ള വഴി പ്രതിക്ക് പരിചയമുള്ളതാണെങ്കിലും പൊലീസിന് അങ്ങനെയായിരുന്നില്ല. പ്രതിക്ക് പിന്നാലെ ഓടുന്നതിനും പിടികൂടുന്നതിന് നടത്തിയ മൽപ്പിടുത്തത്തിലും നാലോളം പൊലീസുകാർക്കും പരുക്കേറ്റു.
കഴിഞ്ഞ ഞായറാഴ്ച മുതൽ അനന്തുവിനെ കാണുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. അങ്ങനെയിരിക്കേയാണ് ചൊവ്വാഴ്ച മൃതദേഹം കനാലിൽ കണ്ടെത്തിയത്. ഞായറാഴ്ച തന്നെ ശ്രീകുമാർ അനന്തുവിനെ കൊലപ്പെടുത്തിയിരുന്നു. തൊട്ടടുത്തുള്ള റബർ പ്ലാന്റേഷനിൽ വച്ചാണ് കൊല നടന്നത്. ഭാര്യയുമായുള്ള ബന്ധം സംശയിച്ച് അനന്തുവിനെ കൊലപ്പെടുത്താൻ തന്നെയാണ് ശ്രീകുമാർ എത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനന്തു.
മദ്യപിച്ചു കഴിഞ്ഞാൽ ബോധം കെട്ട് അവിടെ തന്നെ കിടക്കുന്നതാണ് അനന്തുവിന്റെ പതിവ്. ഞായറാഴ്ചയും കൂട്ടുകാർക്കൊപ്പം പ്ലാന്റേഷനിൽ ഇരുന്ന് അനന്തു മദ്യപിച്ചിരുന്നു. ഈ സമയം അവിടെ എത്തിയ ശ്രീകുമാർ അനന്തു ഒറ്റയ്ക്കാകാൻ കാത്തിരുന്നു. സുഹൃത്തുക്കൾ മടങ്ങിയതിന് പിന്നാലെ അനന്തു ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. പിന്നിലെത്തിയ ശ്രീകുമാർ കമ്പി വടിക്ക് അടിച്ച് താഴെയിട്ടു. മരിച്ചുവെന്ന് ഉറപ്പാക്കിയപ്പോൾ മൃതദേഹം 400 മീറ്ററോളം വലിച്ചിഴച്ച് കനാലിൽ കൊണ്ടിട്ടു.
മൃതദേഹം പൊലീസ് കണ്ടെത്തിയതിന് പിന്നാലെ സമീപത്ത് കണ്ട രക്തത്തുള്ളികൾ കേന്ദ്രീകരിച്ചായി അന്വേഷണം. പ്രഥമദൃഷ്ട്യാ കൊലപാതകമാണെന്ന് ഉറപ്പിച്ച പൊലീസ് രക്തത്തുള്ളികൾക്ക് പിന്നാലെ നീങ്ങിയപ്പോൾ പ്ലാന്റേഷനിൽ പാറക്കെട്ടിനോട് ചേർന്നുള്ള സ്ഥലത്താണ് കൊല നടന്നതെന്ന് വ്യക്തമായി. ഇവിടെ നിന്നായിരുന്നു രക്തത്തുള്ളികളുടെ തുടക്കം.
ഇവിടെ വലിയ തോതിൽ രക്തക്കറ ഉണ്ടായിരുന്നു. പാറക്കെട്ടിനോട് ചേർന്ന് നീർച്ചാലുണ്ട്. പാറയിൽ പുരണ്ട ചോരത്തുള്ളികൾ കഴുകി മാറ്റുന്നതിനുള്ള ശ്രമവും നടന്നിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്