ന്യൂഡൽഹി: കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ കേസിൽനിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹർജി സുപ്രീംകോടതി തള്ളി. കേരളത്തിലെ പ്രമാദമായ കേസാണിതെന്നും കോടതി നിരീക്ഷിച്ചു. ജോളിക്ക് വിചാരണ കോടതിയിൽ ജാമ്യ ഹർജി നൽകാമെന്നും വിശദീകരിച്ചു.

ബന്ധുക്കളായ ആറുപേരെ കൊലപ്പെടത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. കേസിൽ തെളിവില്ലെന്നാണ് ജോളിയുടെ മുഖ്യവാദം. വിചാരണ നിർത്തിവെക്കണമെന്നും ആവശ്യമുന്നയിച്ചിരുന്നു. ഈ ആവശ്യമാണ് സുപ്രീംകോടതി തള്ളുന്നത്. ഇതോടെ വിചാരണ നടപടികളിലേക്ക് കടക്കാൻ പ്രോസിക്യൂഷന് കഴിയും. ജോളിയുടെ ഭർത്തൃമാതാവ് അന്നമ്മ തോമസ് ഉൾപ്പെടെ ഭർത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്. 2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്.

കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറ് പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാർത്തകളിൽ ഇടംപിടിക്കുന്നത്.റിട്ട. അദ്ധ്യാപികയായ അന്നമ്മ തോമസിന്റെ മരണം ആയിരുന്നു കൊലപാതക പരമ്പരയിൽ ആദ്യത്തേത്. ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പിന്നീട് അന്നമ്മയുടെ ഭർത്താവ് ടോം തോമസും മകൻ റോയ് തോമസും സമാന സാഹചര്യത്തിൽ മരിച്ചു.

പിന്നാലെ അന്നമ്മയുടെ സഹോദരൻ എം.എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ ജീവൻ ജോർജിന്റെ റിപ്പോർട്ട് വഴിത്തിരിവായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറു മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു

ജോളി ജോസഫ്, എം.എസ്.മാത്യു എന്നിവർ കോഴിക്കോട് ജില്ലാ ജയിലിൽ വിചാരണത്തടവിലാണിപ്പോൾ. മൂന്നാം പ്രതി പ്രജികുമാറിനു ജാമ്യം ലഭിച്ചു. 2023 മാർച്ച് 6 മുതൽ മാറാട് സ്‌പെഷൽ അഡീഷനൽ കോടതിയിൽ കേസിന്റെ വിചാരണ നടക്കുകയാണ്. റോയ് തോമസിന്റെ കൊലക്കേസിലാണ് നിലവിൽ വിചാരണ. ആകെ 270 സാക്ഷികൾ. 235 രേഖകളും 23 വസ്തുക്കളും ഹാജരാക്കി.

തുടർന്ന് സിലി വധക്കേസാവും പരിഗണിക്കുക. ഓരോ കേസിനും ഒരു വർഷം വീതമെടുത്താൽ 6 കേസുകളുടെ വിചാരണ തീരാൻ 6 വർഷം വേണ്ടിവരും.റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. സയനൈഡ് ഉള്ളിൽ ചെന്നതാണു മരണകാരണമെന്നു കണ്ടെത്തി. മറ്റ് 5 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ 2020 ജനുവരിയിൽ പരിശോധിച്ചെങ്കിലും സിലിയുടെ മൃതദേഹ സാംപിളിൽ മാത്രമാണു സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. കൂടിയ അളവിൽ സയനൈഡ് ഉപയോഗിച്ചത് ഈ കൊലപാതകത്തിലാണെന്നു പൊലീസ് കരുതുന്നു.

മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം മൂലമാണു മറ്റുള്ളവരിൽ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യം കണ്ടെത്താൻ കഴിയാത്തതെന്നാണു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയത്. ഇതിനിടെ ജോളി ജോസഫിനെതിരെ രണ്ടാം ഭർത്താവ് ഷാജു സ്‌കറിയ കോഴിക്കോട് വിവാഹമോചന ഹർജി നൽകിയിട്ടുണ്ട്. ഭർതൃമാതാവിനെ കൊന്ന കേസിൽ ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും സുപ്രീംകോടതി റദ്ദാക്കി. സിപിഎം കട്ടാങ്ങൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ കുമാർ, നോട്ടറി സി.വിജയകുമാർ, മൈക്കാവ് ആലമലയിൽ സുരേന്ദ്രന്റെ ഭാര്യ ജിപ്‌സി എന്നീ സാക്ഷികൾ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു.

ജോളി ജോസഫ് ഭർതൃപിതാവ് ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാൻ തയാറാക്കിയ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയത് വിജയകുമാറാണെന്നാണു പൊലീസിന്റെ കണ്ടെത്തൽ.